കശ്മീരിലെ അക്രമം അവസാനിപ്പിക്കണം: ബാന്‍ കി മൂണ്‍

September 22, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

യുണൈറ്റഡ്‌ നേഷന്‍സ്‌: ജമ്മുകശ്‌മീരിലെ സംഘര്‍ഷം ഏത്രയും വേഗം അവസാനിപ്പിക്കണമെന്നും എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. കശ്‌മീരിലുണ്ടായ സംഭവങ്ങളില്‍ സെക്രട്ടറി ജനറല്‍ ദുഖം രേഖപ്പെടുത്തുന്നുവെന്നും സംഘര്‍ഷം അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ട എല്ലാവരും അടിയന്തരമായി ശ്രമിക്കണമെന്നും സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടതായി അദ്ദഹത്തിന്റെ വക്താവ്‌ മാര്‍ട്ടിന്‍ നെസിര്‍കി അറിയിച്ചു.
കശ്‌മീരില്‍ മാസങ്ങളായി തുടരുന്ന സമരത്തിനിടയിലെ സംഘര്‍ഷത്തില്‍ നൂറിലേറെ ആളുകള്‍ മരിച്ചതായാണ്‌ കണക്ക്‌. യു.എന്‍ ജനറല്‍ അസംബ്ലി സമ്മേളനത്തിനായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്‌.എം കൃഷ്‌ണ യു.എന്നിലെത്തിയതിന്‌ തൊട്ടുപിന്നാലെയാണ്‌ കശ്‌മീരിനെ സംബന്ധിച്ച്‌ സെക്രട്ടറി ജനറലിന്റെ പ്രസ്‌താവന പുറത്തുവന്നത്‌.
ജമ്മുകശ്‌മീരിലെ പ്രക്ഷോഭത്തിന്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും അവിടെ ബലപ്രയോഗം നടത്തരുതെന്ന്‌ ഇന്ത്യയോട്‌ ആവശ്യപ്പെട്ടുകൊണ്ടും തിങ്കളാഴ്‌ച പാക്‌ ദേശീയ അസംബ്ലി പ്രമേയം പാസ്സാക്കിയിരുന്നു. ഇന്ത്യ ശക്തമായ ഭാഷയില്‍ ഇതിനോട്‌ പ്രതികരിച്ചിരുന്നു. കശ്‌മീര്‍ പ്രശ്‌നത്തില്‍ അന്താരാഷ്ട്രസമൂഹവും ഐക്യരാഷ്ട്രസഭയും ഇടപെടണമെന്നാണ്‌ പാകിസ്‌താന്റെ നിലപാട്‌. അതേസമയം കശ്‌മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണന്നും അതില്‍ പാകിസ്‌താന്‌ കാര്യമില്ലന്നും ഇന്ത്യ വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍