‘ഡ്രാഗണ്‍’ വിക്ഷേപണത്തിനൊരുങ്ങി

May 19, 2012 രാഷ്ട്രാന്തരീയം

വാഷിംഗ്ടണ്‍: പുതിയ ബഹിരാകാശദൌത്യവുമായി ആളില്ലാത്ത സ്വകാര്യപേടകം വിക്ഷേപണത്തിനൊരുങ്ങി. അന്താരാഷ്ട്ര ബഹിരാകാശകേന്ദ്രത്തിലേക്കു ആവശ്യമായ അരടണ്‍ സാധനങ്ങളും ഉപകരണങ്ങളുമായാണ് ഡ്രാഗണ്‍ എന്ന പേരിട്ടിട്ടുള്ള ഈ പേടകം യാത്ര തിരിക്കുന്നത്. ബഹിരാകാശദൌത്യം വിജയകരമാക്കി ചരിത്രം സൃഷ്ടിക്കുകയാണ് ഇതിനു ചുക്കാന്‍ പിടിക്കുന്ന കാലിഫോര്‍ണിയയിലെ സ്പേസ് എക്സ് എന്ന സ്വകാര്യ കമ്പനി. ഇതോടെ ബഹിരാകാശദൌത്യത്തില്‍ സ്വകാര്യമേഖലയില്‍ നിന്നുള്ള തുടക്കക്കാര്‍ എന്ന് ഇവരെ ചരിത്രം വിശേഷിപ്പിക്കും. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനമായ ‘സ്പേസ് എക്സ്’ എന്ന ചുരുക്കപ്പേരിലറിയുന്ന ‘സ്പേസ് എക്സ്പ്ളൊറേഷന്‍ കോര്‍പറേഷന്‍’ എന്ന കമ്പനിയാണ് ഡ്രാഗണ്‍ പേടകം രൂപകല്പന ചെയ്തു നിര്‍മിച്ചത്. ഇതിനുള്ള സാങ്കേതികസഹായം നാസശാസ്ത്രജ്ഞര്‍ നല്‍കി. ഫാല്‍ക്കണ്‍ 9 എന്ന റോക്കറ്റാണ് ഡ്രാഗണുമായി അന്താരാഷ്ട്ര ബഹിരാകാശകേന്ദ്രത്തിലേക്കു യാത്രതിരിക്കുന്നത്. ആറു മെട്രിക് ടണ്‍ ഭാരം വഹിക്കാവുന്നതാണു ഡ്രാഗണ്‍ പേടകം. ഫ്ളോറിഡയിലെ കേപ് കനാവെറലില്‍ നിന്നുമാണ് ഡ്രാഗണ്‍ പേടകം വിക്ഷേപിക്കുക. കാലാവസ്ഥ അനുകൂലമായാല്‍ ഡ്രാഗണ്‍ പേടകം നാളെ വിക്ഷേപിക്കുമെന്നാണ് സൂചന. പേപാല്‍ സ്ഥാപകനായ എലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യബഹിരാകാശ കമ്പനിയാണ് സ്പേസ് എക്സ്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം