എരുമേലിയില്‍ ടൌണ്‍ഷിപ്പ് രൂപീകരണം: ആദ്യയോഗം ഇന്ന്

May 19, 2012 കേരളം

എരുമേലി: എരുമേലി ടൌണ്‍ഷിപ്പ് രൂപീകരണത്തിനായി വികസന അഥോറിറ്റിയുടെ ആദ്യ യോഗം ഇന്ന് രാവിലെ 10ന് കെടിഡിസിയുടെ പില്‍ഗ്രിം അമിനിറ്റി സെന്ററില്‍ നടക്കും. വികസന അഥോറിറ്റിയുടെ ചെയര്‍പേഴ്‌സണായ ജില്ലാ കളക്ടറാണ് യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.  മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് വികസന അഥോറിറ്റി രൂപീകരിച്ചത്. ഒപ്പം അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ടൌണ്‍ഷിപ്പ് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയാറാക്കി നല്‍കാനും നിര്‍ദേശിച്ചിരുന്നു. കളക്ടര്‍, ബിഡിഒ എന്നിവര്‍ക്ക് പുറമേ ചീഫ് വിപ്പ് പി.സി. ജോര്‍ജ്, ജില്ലാ പഞ്ചായത്തംഗം അഡ്വ. പി.എ. സലിം, ബ്‌ളോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്ത് സെക്രട്ടറി, ദേവസ്വം, ജമാഅത്ത് പ്രതിനിധികള്‍ തുടങ്ങിയവരും വികസന അഥോറിറ്റിയില്‍ അംഗങ്ങളാണ്. കൂടാതെ വിവിധ വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥരും വികസന അഥോറിറ്റിയില്‍ ഉള്‍പ്പെടുന്നുണ്ട്. ടൌണ്‍ഷിപ്പ് എങ്ങനെയായിരിക്കണമെന്നുള്ളതുമുതല്‍ ടൌണ്‍ഷിപ്പുമായി ബന്ധപ്പെട്ടുള്ള എല്ലാ ഘടകങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനിച്ച് നടപ്പിലാക്കാനുള്ള ചുമതല വികസന അഥോറിറ്റിക്കാണ്. ഇന്നത്തെ യോഗത്തില്‍ ടൌണ്‍ഷിപ്പിന്റെ രൂപഘടന സംബന്ധിച്ചാകും ചര്‍ച്ചയെന്നറിയുന്നു.

ശബരിമല തീര്‍ഥാടകര്‍ക്കും നാട്ടുകാര്‍ക്കും പ്രയോജനകരമാകുന്നവിധം എരുമേലിയിലെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും കൂടുതല്‍ വികസന ക്രമീകരണങ്ങള്‍ ഉള്‍പ്പെടുത്തുകയുമാണ് ടൌണ്‍ഷിപ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് ബിഡിഒ സി.യു. അബ്ദുള്‍കരീം പറഞ്ഞു.

ശബരിമല തീര്‍ഥാടകരുടെ ഏറ്റവും പ്രധാനപ്പെട്ട ഇടത്താവളമാണ് എരുമേലി. എന്നാല്‍, കാലങ്ങളായി തീര്‍ഥാടന സീസണുകളില്‍ നാട്ടുകാരും തീര്‍ഥാടകരുമെല്ലാം അനിയന്ത്രിതമായ ജനത്തിരക്കില്‍ ബുദ്ധിമുട്ടുന്ന സ്ഥിതിയാണ്. സ്ഥലപരിമിതി ടൌണിന്റെ വികസനം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഗതാഗതക്കുരുക്ക് സീസണില്‍ പതിവായിട്ടും പരിഹാരമായി പുതിയ റോഡുകള്‍ ഉണ്ടായിട്ടില്ല. മാലിന്യ നിര്‍മാര്‍ജനം കുറ്റമറ്റതാക്കാന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. ഓരോ സീസണിലും കുടിവെള്ളത്തിലെ ക്വാളിഫോം ബാക്ടീരിയയുടെ അളവ് പെരുകിവരുകയാണ്. ടൌണ്‍ഷിപ്പ് യാഥാര്‍ഥ്യമാകുന്നതോടെ ഇത്തരം പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ ഫയര്‍സ്‌റേഷന്‍, സബ് ട്രഷറി എന്നിവ ടൌണ്‍ഷിപ്പിന്റെ ഭാഗമായി അനുവദിക്കപ്പെട്ടിരുന്നു. ഫയര്‍സ്‌റേഷന്‍ അടുത്തമാസം മുതല്‍ തുടങ്ങും. കെഎസ്ആര്‍ടിസിക്ക് സബ്ഡിപ്പോ നിര്‍മിക്കാനും അനുമതി ലഭിച്ചു. ഗതാഗതത്തിരക്ക് ഒഴിവാക്കാനുള്ള ടൌണ്‍ പ്‌ളാന്‍ തയാറാക്കി സമര്‍പ്പിക്കാന്‍ നിര്‍ദേശമുണ്ട്. ആധുനിക ശൌച്യാലയങ്ങള്‍, ശുദ്ധമായ കുടിവെള്ളം, തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലസൌകര്യങ്ങള്‍ തുടങ്ങി വിവിധ പദ്ധതികള്‍ ടൌണ്‍ഷിപ്പിന്റെ ഭാഗമായി നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പദ്ധതികള്‍ തയാറാക്കുന്ന പ്രാരംഭ നടപടികളും തുടര്‍ന്ന് പദ്ധതികള്‍ ചര്‍ച്ച ചെയ്ത് യോഗ്യമായവ തെരഞ്ഞെടുത്ത് നടപ്പിലാക്കുന്നതും ഉള്‍പ്പെടെ നിരവധി ചുമതലകളും മേല്‍നോട്ടവും ഏകോപനവുമാണ് വികസന അഥോറിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍പ്പെടുന്നത്.

ടൌണ്‍ഷിപ്പാകുന്നതിന് മുമ്പ് എരുമേലിയെ മുനിസിപ്പാലിറ്റിയായി പ്രഖ്യാപിക്കുന്നത് അടുത്ത തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പായിരിക്കും. എരുമേലി പഞ്ചായത്ത് വിഭജിച്ച് മുനിസിപ്പാലിറ്റിയും കിഴക്കന്‍ മേഖല കേന്ദ്രീകരിച്ച് പഞ്ചായത്ത് രൂപീകരിക്കുന്നതും ഇതോടൊപ്പം തന്നെയുണ്ടാകും. എന്നാല്‍, ഇവ സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം