ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം: കൊല്ലുകയും കൊല്ലിക്കുകയും ചെയ്യുന്ന ഈ നാട്ടില്‍ ജീവിക്കാന്‍ മടിയുണ്ടെന്ന് മോഹന്‍ലാല്‍

May 21, 2012 കേരളം

കൊച്ചി: വിമത സി.പി.എം. നേതാവായിരുന്ന ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തെക്കുറിച്ചുള്ള പ്രതികരണവുമായി നടന്‍ മോഹന്‍ലാല്‍ രംഗത്തെത്തി. 52-മത് പിറന്നാള്‍ ദിവസമായ തിങ്കളാഴ്ച്ച തന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ലാല്‍ ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ചുള്ള പ്രതികരണം നടത്തിയിരിക്കുന്നത്. ‘ഓര്‍മ്മയില്‍ രണ്ട് അമ്മമാര്‍’ എന്ന തലക്കെട്ടില്‍ വന്നിരിക്കുന്ന കുറിപ്പില്‍ മൂന്ന് മാസത്തോളമായി ആസ്പത്രിയില്‍ ഗുരുതരാവസ്ഥയില്‍ കിടക്കുന്ന തന്റെ അമ്മയെക്കുറിച്ചും വധിക്കപ്പെട്ട ചന്ദ്രശേഖരന്റെ അമ്മയെക്കുറിച്ചുമാണ് പറഞ്ഞിരിക്കുന്നത്.

”എനിക്ക് നോവുമ്പോള്‍ അമ്മയുടെ മനസ്സ് പിടയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അപ്പോള്‍ കൊത്തിനുറുക്കപ്പെട്ട മകനെയോര്‍ത്തുള്ള ആ അമ്മയുടെ സങ്കടക്കടല്‍ എന്തായിരിക്കും എന്നെല്ലാം പറഞ്ഞുപോകുന്ന കുറിപ്പാണ് ലാല്‍ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നത്.

ടി.പി.ചന്ദ്രശേഖരനെ നേരിട്ട് പരിചയമില്ല. പക്ഷേ അദ്ദേഹത്തിന് എന്റെ പ്രായമാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഏകദേശം എന്റെ അമ്മയുടെ പ്രായമായിരിക്കും ആ അമ്മയ്ക്കും. രാഷ്ട്രീയം പറയുന്നില്ലെങ്കിലും കൊല്ലുകയും കൊല്ലിക്കുകയും ചെയ്യുന്ന ഈ നാട്ടില്‍ ജീവിക്കാന്‍ തന്നെ മടി തോന്നുന്നുവെന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം