ആന്ധ്രയില്‍ ഹംപി എക്‌സ്പ്രസ് ചരക്കു തീവണ്ടിയിലിടിച്ച് 24 മരണം

May 22, 2012 ദേശീയം

ഹൈദരാബാദ്: ആന്ധ്രയിലെ അനന്ത്പൂരിനു സമീപം പെനൈകൊണ്ട സ്‌റ്റേഷനില്‍ 16591 നമ്പര്‍ ഹൂബ്ലി – ബാംഗ്ലൂര്‍ ഹംപി എക്‌സ്പ്രസ്  നിര്‍ത്തിയിട്ട ചരക്കു തീവണ്ടിയുടെ പിന്നിലിടിച്ച് 24 മരണം. പുലര്‍ച്ചെ 3.25 നാണ് അപകടമുണ്ടായത്.
നാല്‍പതോളം പേര്‍ക്കു പരുക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. ഹൂബ്ലിയില്‍ നിന്നു ബാംഗ്ലൂരിലേക്കു പോകുകയായിരുന്ന എക്‌സ്പ്രസ് ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. എന്‍ജിനു പിന്നിലുള്ള എസ്എല്‍ആര്‍ കോച്ചിലും തൊട്ടുപിന്നിലുള്ള രണ്ട് ജനറല്‍ കോച്ചുകളിലുമുളളവരാണ് മരിച്ചവരില്‍ ഏറെയും. ചരക്കു തീവണ്ടിയിലിടിച്ച ഹംപി എക്‌സ്പ്രസിന്റെ മൂന്നു ബോഗികള്‍ പാളം തെറ്റി. എന്‍ജിനോടു ചേര്‍ന്ന ഒരു ബോഗിക്ക് തീപിടിച്ചതാണ്് മരണസംഖ്യ ഉയരാന്‍ കാരണം. ചരക്കു തീവണ്ടി നിന്ന ട്രാക്കിലേക്ക് സിഗ്നല്‍ തകരാറു മൂലം ഹംപി എക്‌സ്പ്രസ് കടന്നെത്തുകയായിരുന്നുവെന്നാണ് വിലയിരുത്തലെങ്കിലും ലോക്കോ പൈലറ്റിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയാണോ എന്നതും പരിശോധിക്കുന്നുണ്ട്. അപകടത്തില്‍ ഹംപി എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റ് പരുക്കുകളോടെ രക്ഷപ്പെട്ടു.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കു അഞ്ചു ലക്ഷം രൂപ വീതവും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും സാരമല്ലാത്ത പരുക്കേറ്റവര്‍ക്ക് അര ലക്ഷം രൂപയും നല്‍കും. റയില്‍വേ മന്ത്രി മുകുള്‍ റോയി അപകടസ്ഥലത്തേക്കു തിരിച്ചതായും അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും റയില്‍വേ പിആര്‍ഒ അനില്‍ സക്‌സേന അറിയിച്ചു.
സിഗ്നല്‍ തകരാറാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഹംപി എക്‌സ്പ്രസിലെ ഡ്രൈവര്‍ തെറ്റായ ട്രാക്കിലാണ് ട്രെയിനെന്നു കണ്ട് ട്രെയിന്‍ ബ്രേക്കിടാന്‍ ശ്രമിച്ചത് ട്രെയിനിലെ ഒരു ബോഗി മറ്റു ബോഗികള്‍ക്കിടയില്‍ ഞെരുങ്ങാനിടയാക്കിയെന്നും പാളത്തില്‍ നിന്നുയര്‍ന്ന ബോഗിയിലെ ഷോര്‍ട്‌സര്‍ക്യൂട്ട് അഗ്നിബാധയ്ക്കിടയാക്കിയെന്നുമാണ് സൂചന.
ഹെല്‍പ്‌ലൈന്‍ നമ്പറുകള്‍
ബാംഗ്ലൂര്‍ സിറ്റി:    080 22371166, 22156553, 22156554
ബെല്ലാരി: 08392277704
ഹോസ്‌പെട്: 08394221788
ഹൂബ്ലി – 08362345338, 2346141, 2289826

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം