ചന്ദ്രശേഖരന്‍വധം: രണ്ടു സിപിഎം നേതാക്കള്‍ അറസ്റ്റില്‍

May 24, 2012 കേരളം

കോഴിക്കോട്: റെവലൂഷണറി മാര്‍ക്സിസ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു സിപിഎം നേതാക്കള്‍ കൂടി അറസ്റ്റിലായി. ഒഞ്ചിയത്തെ സിപിഎം ഏരിയാ സെക്രട്ടറി സിഎച്ച് അശോകന്‍, ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗം കെ.കെ. കൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രേരണാകുറ്റം ചുമത്തിയാണ് നടപടി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് കൂടുതല്‍ സിപിഎം നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന. ഇതോടെ കേസുമായി ബന്ധപ്പെട്ടു സിപിഎം നേതാക്കള്‍ ഉള്‍പ്പടെ പതിനേഴുപേരെ പോലീസ് ഇതുവരെ അറസ്റ്റുചെയ്തിട്ടുണ്ട്. ഇതില്‍ ആറുപേര്‍ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളാണ്. ഇന്നലെ ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നേരിട്ടു പങ്കുള്ള ഏഴംഗ സംഘത്തില്‍പ്പെട്ട ഒരാളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ന്യൂ മാഹി പന്തക്കല്‍ സ്വദേശിയായ അണ്ണന്‍ എന്ന സിജിത്തിനെ(34)യാണ് ഇന്നലെ അറസ്റ് ചെയ്തത്. ഇതാദ്യമായാണു ചന്ദ്രശേഖരന്‍ വധത്തില്‍ നേരിട്ടുപങ്കെടുത്ത ഒരാള്‍ അറസ്റ്റിലാകുന്നത്. അറസ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കര്‍ണാടകയിലെ മൈസൂരിലാണു പ്രതി പിടിയിലായത്. ഒളിവില്‍ പോകാന്‍ കണ്ണൂരിലെ സിപിഎം നേതാക്കള്‍ സഹായിച്ചതായി സിജിത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. ഒളിവിലായിരിക്കുമ്പോള്‍ എല്ലാത്തരത്തിലുള്ള സാമ്പത്തിക സഹായവും സിപിഎമ്മില്‍നിന്നു ലഭിച്ചതായും ഇയാള്‍ പറഞ്ഞു. സംഭവത്തിലെ മുഖ്യപ്രതിയായ കൊടി സുനിയുടെ നിര്‍ദേശ പ്രകാരമാണു താന്‍ സംഘത്തില്‍ ചേര്‍ന്നതെന്നും സമ്മതിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതുള്‍പ്പടെ മൂന്നു കൊലക്കേസുകളില്‍ പ്രതിയാണ് അണ്ണന്‍ എന്ന സിജിത്ത്. പോലീസ് തെരയുന്ന കൊടിസുനിയുമായി ഏറെ അടുപ്പമുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം