അറസ്റ്റിലായ രണ്ട് സി.പി.എം നേതാക്കളെ കോടതി 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

May 24, 2012 കേരളം

വടകര: ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് സി.പി.എം നേതാക്കളെ കോടതി 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.സി.പി.എം ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച് അശോകന്‍, ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം കെ.കെ കൃഷ്ണന്‍ എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. എന്‍.ജി.ഒ യൂണിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് സി.എച്ച് അശോകന്‍. കഴിഞ്ഞ ദിവസം രാത്രി ഇവരെ ചോദ്യം ചെയ്യാനായി പോലീസ് വിളിപ്പിച്ചിരുന്നു. കൊലപാതകത്തില്‍ ഇവരുടെ പങ്ക് വ്യക്തമായതിനെത്തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മൂന്ന് സി.പി.എം. പ്രാദേശിക നേതാക്കളുള്‍പ്പെടെ 14 പേരെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. സി.പി.എം ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റിയംഗം പടയങ്കണ്ടി രവീന്ദ്രന്‍, കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗം കെ.സി. രാമചന്ദ്രന്‍, കുന്നോത്തുപറമ്പ് ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ ബ്രാഞ്ച്‌സെക്രട്ടറിയുമായ കണ്ണൂര്‍ ചെറുപറമ്പ് പറമ്പത്ത് കൃഷ്ണനിവാസില്‍ ജ്യോതിബാബു എന്നീ പ്രാദേശിക നേതാക്കളാണ് നേരത്തെ അറസ്റ്റിലായത്.ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനാറായി.

ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ നേരിട്ടു പങ്കാളിയായ മാഹി അരയാക്കൂല്‍ ചമ്പാടി സ്വദേശിയും പന്തക്കലിലെ താമസക്കാരനുമായ അണ്ണന്‍ എന്ന സിജിത്തിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

ചന്ദ്രശേഖരനെ വെട്ടിക്കൊന്ന സംഘത്തിലെ ഒരാള്‍ ആദ്യമായാണ് പിടിയിലാവുന്നത്. സിജിത്തിനെ അന്വേഷണസംഘം ബുധനാഴ്ച വടകര ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കി. കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്ന പ്രോസിക്യൂഷന്‍ വാദം പരിഗണിച്ച് കോടതി പ്രതിയെ 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം