നെയ്യാറ്റിന്‍കരയില്‍ ഹൈന്ദവ ധ്രുവീകരണമുണ്ടാകുമെന്ന് വെള്ളാപ്പള്ളി

May 24, 2012 കേരളം

തൃശ്ശൂര്‍: നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ ഹൈന്ദവ ധ്രുവീകരണമുണ്ടാകുമെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഹിന്ദു പാര്‍ലമെന്റിന്റെ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഇത് എല്‍.ഡി.എഫിനും യു.ഡി.എഫിനും ഒരുപോലെ ദോഷം ചെയ്യും. ഇതുകൊണ്ട്ബി.ജെ.പി. വിജയിക്കുമെന്ന് പറയുന്നില്ല. എന്നാല്‍, ഒ. രാജഗോപാല്‍ നേട്ടമുണ്ടാക്കും. ലീഗ് അഞ്ചാംമന്ത്രിസ്ഥാനം പിടിച്ചുവാങ്ങിയത് ഹിന്ദുവികാരത്തെ ഉണര്‍ത്തി. ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ഇത് ഹിന്ദുക്കള്‍ക്ക് കോണ്‍ഗ്രസ്സിലുള്ള വിശ്വാസം നഷ്ടപ്പെടുത്തി. എസ്.എന്‍.ഡി.പി.യും എന്‍.എസ്.എസ്സും എല്ലാക്കാലവും കീരിയും പാമ്പുമായിരിക്കില്ല. ഒരു പ്രളയം വന്നാല്‍ ഇരുവിഭാഗവും ഒരു പാളയത്തില്‍ നില്‍ക്കും. വി.എസ്.പിണറായി വിവാദത്തില്‍ വി.എസ്. സ്വയം പാര്‍ട്ടി വിടുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പാര്‍ട്ടിക്കുള്ളില്‍നിന്നു പൊരുതുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേരള പുലയര്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് ടി.വി. ബാബു സമ്മേളനത്തില്‍ അധ്യക്ഷനായി. ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി സി.പി. സുഗതന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗുരുവായൂര്‍ ദേവസ്വം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ദീപം തെളിച്ചു. ആചാര്യസഭാ സെക്രട്ടറി രാഹുല്‍ ഈശ്വര്‍, വിവിധ സമുദായസംഘടനകളുടെ ഭാരവാഹികളായ കെ.ജി. അരവിന്ദാക്ഷന്‍, പൂനാരി ഉണ്ണികൃഷ്ണന്‍, ടി.വി. ശിവരാമന്‍, കെ.ടി. ശിവരാമന്‍ നായര്‍, ടി.എം. വേലായുധന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.പി. സര്‍വ്വന്‍ സ്വാഗതവും സന്തോഷ് കോലോത്ത് നന്ദിയും പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം