കേരളത്തില്‍ ഹര്‍ത്താല്‍ പൂര്‍ണം

May 24, 2012 കേരളം

തിരുവനന്തപുരം: പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് കേരളത്തില്‍ ബിജെപിയും എല്‍ഡിഎഫും ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താല്‍ അവസാനിച്ചു. ഹര്‍ത്താല്‍ സംസ്ഥാനത്ത് പൂര്‍ണമായിരുന്നു. സംസ്ഥാനത്തൊട്ടാകെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. കൊല്ലത്ത് മാടന്‍നടയിലാണ് ബസിനു നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ പരിക്കേറ്റ ബസ് ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുര കാട്ടാക്കടയിലാണ് കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായത്. അക്രമത്തേത്തുടര്‍ന്ന് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. എന്നാല്‍ സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും നിരത്തിലിറങ്ങി. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില കുറവായിരുന്നു. വില വര്‍ധനവിനെതിരേ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നെയ്യാറ്റിന്‍കരയില്‍ സിപിഎമ്മും ബിജെപിയും പ്രതിഷേധ പ്രകടനം നടത്തി. ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ മണ്ഡലത്തിലൂടെ കാളവണ്ടിയില്‍ പര്യടനം നടത്തിയാണ് പ്രതിഷേധിച്ചത്. സിപിഎം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ പ്രകടനം നടത്തി. ഹര്‍ത്താലിനെ തുടര്‍ന്ന് പോലീസ് സംസ്ഥാനത്തുടനീളം കനത്ത സുരക്ഷ ഒരുക്കിയിരുന്നു. പാല്‍, പത്രം, ആശുപത്രി തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം