മഹിമ

May 25, 2012 പാദപൂജ


ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.

ആശ്രമത്തില്‍ ദിവസേന ഭജനയ്‌ക്കെത്താറുള്ളത് ഒരു കുട്ടന്‍പിള്ളയും സംഘവുമായിരുന്നു. അദ്ദേഹം ചെമ്പഴന്തിയില്‍ ആത്രശ്ശേരി എന്നു പേരുള്ള വീട്ടിലെ അംഗമായിരുന്നു. ഭജന നടത്തുന്നകൂട്ടത്തില്‍ ആരാധനാസമയത്ത് ”പാഹി പാഹി ഹനുമന്താ പാവനചരിതാ ഹനുമന്താ” എന്നൊരു ഗാനം ഹനുമാന്‍ജിയെ സ്തുതിച്ച് പാടാറുണ്ട്. ഈ സ്തുതി ഹനുമദ്‌സ്വരൂപനായ സ്വാമിജിയെ അല്പമൊന്നിളക്കി മറിയ്ക്കാറുണ്ട്. അതീവ സന്തുഷ്ടിയും ലഘുത്വവുമെല്ലാം അനുഭവപ്പെടുകയും ഭൂതജയസിദ്ധിയുടെ ഭാഗമായ അഗ്നിജയം സാധിക്കയും ചെയ്തിട്ടുള്ളതുകൊണ്ട് അന്ന് കര്‍പ്പൂരവും മറ്റും വളരെയധികം വേണ്ടിവരും. അഗ്നി അദ്ദേഹത്തെ ബാധിക്കാറില്ല. സംയമനം അതീവം ഇഷ്ടപ്പെട്ട സ്വാമിജിക്ക് ഇതെല്ലാം അടക്കണമെന്ന ആഗ്രഹം എപ്പോഴുമുണ്ടായിരുന്നു. അതുകൊണ്ട് ആരാധനകഴിയുമ്പോള്‍ സ്വാമിജി പറയാറുണ്ടായിരുന്നു ”എടോ ആ പാട്ടുകേട്ടാല്‍ ഞങ്ങള്‍ക്കത്ര പറ്റില്ല. അതുകൊണ്ട്‌മേലാല്‍ നീയത് പാടരുത്”. എന്നാല്‍ നിര്‍ദേശത്തെ കുട്ടന്‍പിള്ള നിരാകരിക്കുന്നവനല്ലെങ്കിലും തല്‍സമയത്ത് സ്വാമിജികാട്ടുന്ന ആഹ്ലാദവും ലഘുത്വവുമെല്ലാം ആളുകളെ അതീവം ആകര്‍ഷിക്കുന്നവയും അത്ഭുതപ്പെടുത്തുന്നവയായതുകൊണ്ട് അതേപാട്ട് ദിവസവും പാടുക അദ്ദേഹത്തിന്റെ പതിവായിരുന്നു. ഒരു ദിവസം സ്വാമിജി സ്വതഃസിദ്ധമായ നേരമ്പോക്കോടെയും എന്നാല്‍ ഗൗരവത്തോടെയും കുട്ടന്‍പിള്ളയോടു പറഞ്ഞു. ”ഇനി നീ പാടുകയാണെങ്കില്‍ ഞങ്ങളുപറ്റിക്കും”. സ്‌നേഹംകൊണ്ടും ഭക്തികൊണ്ടും കുട്ടന്‍പിള്ള അതത്ര മുഖവിലയ്‌ക്കെടുത്തില്ല. പിറ്റേന്നാള്‍ ആരാധനയ്ക്ക് വീണ്ടും ആ പാട്ടുപാടി. സ്വാമിജി ജ്വലിക്കുന്ന കര്‍പ്പൂരത്തട്ടവുമായി കുട്ടന്‍പിള്ളയുടെ മുന്നിലെത്തി പുറംതിരിഞ്ഞ് ചേര്‍ന്നുനിന്നു. ജ്വലിക്കുന്ന കര്‍പ്പൂരദീപത്തിനൊപ്പം അദ്ദേഹത്തിന്റെ കണ്ണുകള്‍ ഊര്‍ദ്ധ്വങ്ങളായി കണ്ടു. കാലിന്റെ പെരുവിരല്‍ മാത്രമേ തറയില്‍ പതിഞ്ഞിരുന്നുള്ളു. പെട്ടെന്ന് കുട്ടന്‍പിള്ള ബോധരഹിതനായി നിലംപതിച്ചു. സ്വാമിജി പതിവുപോലെ ആരാധന തീര്‍ത്ത് അടുക്കളയിലെത്തി. പാലൊഴിച്ച ചായ എല്ലാവര്‍ക്കും വിതരണം ചെയ്തു. കുട്ടന്‍പിള്ളയുടെ കിടപ്പുകണ്ടിട്ട് അത് പറയാനെന്ന മട്ടില്‍ ഞാന്‍ അടുക്കളയുടെ നടയില്‍ എത്തിനിന്നു. ”എന്താടോ കുട്ടന്‍ എണീറ്റില്ലേ?” ”ഇല്ല” ഞാന്‍ മറുപടി പറഞ്ഞു. ”ഞങ്ങളവനോട് എത്രയോ തവണ പറഞ്ഞു എന്നുമൊരു കളി. കുറച്ചുവെള്ളമെടുത്ത് തളിക്ക്”. ഞാന്‍ ആജ്ഞ അനുസരിച്ചു. കുട്ടന്‍പിള്ള ചാടിയെണീറ്റു. കുട്ടന്‍പിള്ള എണീറ്റ് ഉടനേ എന്നോട് പറഞ്ഞത്, ”അയ്യോ നമ്മളീ മണ്ഡപത്തിന് കാശു ചിലവാക്കിയത് വെറുതെയല്ലേ. സ്വാമിജിയല്ല ആരാധന നടത്തുന്നത്. ഹനുമാന്‍ജിയാണ്. വളര്‍ന്ന് വളര്‍ന്ന്  മണ്ഡപം കഴിഞ്ഞ് മേല്‌പോട്ടേക്കു പൊങ്ങി. എനിക്ക് ആ രൂപമൊന്ന് പൂര്‍ണമായും കാണാന്‍ പറ്റിയില്ല. അതിനു മുമ്പ് തള്ളിപ്പോയി”. അണിമാദ്യഷ്‌ടൈശ്വര്യ സിദ്ധികളില്‍ ആകാരവലിപ്പം സ്വീകരിക്കാനുള്ള കഴിവ് ‘മഹിമ’ എന്ന സിദ്ധിവിശേഷത്തിനുള്ളതാകുന്നു.

മറ്റൊരു സംഭവം ഇവിടെ കുറിക്കാം. വട്ടിസുല്‍ത്താന്‍ എന്നറിയപ്പെടുന്ന ഒരു കാളവണ്ടിക്കാരന്‍ അടുത്തു താമസമുണ്ടായിരുന്നു. ഒരു ദിവസം അയാള്‍ വണ്ടിയുമായി കടന്നുപോകുമ്പോള്‍ ആശ്രമത്തിലുണ്ടായിരുന്ന അല്പമാത്രമായ പായസം ഒരു വിരല്‍തുമ്പിലെടുത്ത് സ്വാമിജി എല്ലാവര്‍ക്കും കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു. സുല്‍ത്താനെ കണ്ടിട്ട് ”നിനക്ക് വേണമെങ്കില്‍ വാടോ” എന്നിങ്ങനെ പറഞ്ഞു. സുല്‍ത്താന്‍ രസാവഹമായി പറഞ്ഞു. ”എനിക്ക് ഇത്രേം പായസമെന്തിന്! വയറുനിറയെ തരുമെങ്കി വരാം”. ”ശരി” എന്ന് സ്വാമിജി മറുപടി പറഞ്ഞു. സുല്‍ത്താന്‍ അടുത്തെത്തി. കൈയിലുള്ള പായസം കൊടുത്തിട്ട് ”ഇത് ഉള്ളതില്‍ പങ്ക്”. വീണ്ടും ഒരു വിരല്‍തുമ്പില്‍ കൂടി പായസം എടുത്തിട്ട് ”ഇത് നിറയാന്‍”. സുല്‍ത്താന്‍ അതുംകഴിച്ച് യാത്രയായി. ഒരു ഫര്‍ലോംഗ് മാത്രം ദൂരെയുള്ള തന്റെ വീട്ടിലെത്തി. പതിവുപോലെ അയാളുടെ ഭാര്യ ആഹാരം വിളമ്പിവച്ചു. സുല്‍ത്താന് അണുവിടപോലും കഴിക്കാനായില്ല. ”എനിക്കിന്നാഹാരം വേണ്ട. വയര്‍ നന്നായി വീര്‍ത്തിരിക്കുന്നു”. ഭാര്യ നിര്‍ബന്ധിച്ച് അയാളില്‍ നിന്ന് കാരണമറിഞ്ഞു. ഭര്‍ത്താവിനേയും കൂട്ടി വേഗം ആശ്രമത്തിലെത്തി സ്വാമിജിയെ കണ്ടു. ”സ്വാമിജി, ഇങ്ങേര്‍ക്ക് വയര്‍ പെരുകിയിരിക്കുന്നു. യാതൊന്നും കഴിക്കുന്നില്ല”. സ്വാമിജി മറുപടി പറഞ്ഞു. ”അവന് നിറയെ വേണമെന്ന് പറഞ്ഞു നിറയെ കൊടുത്തു”. എന്നിട്ട് ഒരു ഗ്ലാസ് പാലൊഴിച്ച ചായയും കൊടുത്ത് പറഞ്ഞയച്ചു. വീട്ടില്‍ ചെന്ന് അയാള്‍ സുഖമായി ഭക്ഷണം കഴിച്ചു. ഇങ്ങനെ എണ്ണമറ്റ ഉദാഹരണങ്ങള്‍ സ്വാമിജിയുടെ ജീവതത്തില്‍ നിന്ന് എടുത്ത് കാണിക്കുവാനുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - പാദപൂജ