മഹാരാഷ്‌ട്രയില്‍ ഇന്ന്‌ ഗണേശോല്‍ത്സവം

September 22, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

മുംബൈ: മഹാരാഷ്‌ട്രയില്‍ ഇന്ന്‌ ഗണേശോല്‍ത്സവം. ഗണപതി വിഗ്രഹം നിമജ്‌ജനം ചെയ്യുന്നതിനായി മഹാരാഷ്‌ട്രയില്‍ ലക്ഷക്കണക്കിന്‌ പേര്‍ കടല്‍ക്കരകളിലും മറ്റ്‌ ജലാശയങ്ങളിലും ഒത്തുകൂടും. തീവ്രവാദ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷാ വലയത്തിലാണ്‌ മുംബൈ നഗരത്തിലെ ആഘോഷം. ദിവസങ്ങള്‍ നീണ്ട പുജകള്‍ക്കൊടുവില്‍ എല്ലാ വിഗ്നങ്ങളും അകറ്റി ഗണപതി ഭഗവാന്‍ വീടുകളോടും മണ്ഡലുകളോടും വിടപറയുകയാണ്‌. വിഗ്രഹത്തെ വെള്ളത്തില്‍ ഒഴുക്കുന്നതാണ്‌ ആഘോഷത്തിലെ പ്രധാന ചടങ്ങ്‌. ഇതിനായി ആയിരക്കണക്കിന്‌ പേരാണ്‌ രാവിലെതന്നെ കടല്‍ക്കരകളില്‍ എത്തിയത്‌.
വൈകുന്നേരത്തോടെ വലിയ ഗണപതികളെ താളമേളങ്ങളുടെ അകമ്പടിയോടെ നിമജ്‌ജനം ചെയ്യും. ലക്ഷക്കണക്കിപേര്‍ ഒത്തു ചേരുന്ന ആഘോഷത്തോടനുബന്ധിച്ച്‌ പഴുതുകളില്ലാത്ത സുരക്ഷാ ക്രമീകരണങ്ങളാണ്‌ മുംബൈ നഗരത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്‌ചാത്തലത്തില്‍ നിമജ്‌ജന കേന്ദ്രങ്ങളുടെ പരിസരത്തുള്ള റോഡുകളില്‍ ഇരു ചക്രവാഹനങ്ങള്‍ നിരോധിച്ചു.
ഗണേശോല്‍സവത്തോട്‌ അനുബന്ധിച്ച്‌ നഗരത്തില്‍ ആക്രമണം നടത്താല്‍ തീവ്രവാദികള്‍ പദ്ധതിയിട്ടതായി പോലിസിന്‌ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ നഗരത്തിലെ 105 നിമജ്‌ജന കേന്ദ്രങ്ങളിലായി ഇരുപതിനായിരത്തിലധികം സുരക്ഷാ സൈനികരെ വിന്യസിച്ചിട്ടുണ്ട്‌. പോലീസിനു പുറമെ അര്‍ധ സൈനിക വിഭാഗവും കമാന്റോകളും സുരക്ഷ ഉറപ്പാക്കുന്നതിനായി രംഗത്തുണ്ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം