കാളിദാസന്‍ ദര്‍ശിച്ച തപോവനം

May 30, 2012 സനാതനം

പി.കെ.ദാമോദരന്‍
ഭാരതീയ സംസ്‌കാരത്തിന്റെ അടിസ്ഥാനശിലകളായി സ്ഥിതിചെയ്യുന്നതു വേദപുരാണേതിഹാസങ്ങളാണല്ലോ. ഇവയുടെയെല്ലാം സ്രഷ്ടാക്കള്‍ ഏകാന്തധ്യാനനിരതരായി ജടാവല്കലധാരികളായി മഹാഗിരികളിലെ വനാന്തരങ്ങളില്‍ തപോവൃത്തിയില്‍ കഴിഞ്ഞുകൂടിയ മഹര്‍ഷീശ്വരന്മാരായിരുന്നു. ‘പാരിനുളളടിക്കല്ല് പാര്‍ത്തുകണ്ടറിഞ്ഞ’ ഭാരതത്തിലെ ആ പുരാതന മഹര്‍ഷിമാര്‍ ബ്രഹ്മനിശ്ചലധ്യാനം ചെയ്യുകയും, വിശ്രമവേളകളില്‍ കവിതാദേവിയുമായി നര്‍മ്മസല്ലാപം നടത്തുകയും മറ്റും ചെയ്തിരുന്നത് അവരുടെ വാസസ്ഥാനമായ ആശ്രമത്തില്‍ വെച്ചായിരുന്നു. വിജ്ഞാനത്തിന്റെ എല്ലാ മണ്ഡലങ്ങളിലും സ്വഛന്ദവിഹാരം നടത്തിയ ആ മഹര്‍ഷീശ്വരന്മാരുടെ വനസ്ഥലികളിലുണ്ടായിരുന്ന ആശ്രമങ്ങളുടെ സ്ഥാനം, ബാഹ്യസ്വഭാവം മുതലായവയെപ്പറ്റി ഇന്നുള്ളവര്‍ക്കു ഭാവനചെയ്യുവാന്‍പോലും സാദ്ധ്യമല്ല. അവയെക്കുറിച്ച് ഒരു സാമാന്യജ്ഞാനമെങ്കിലും നമുക്കു ലഭിക്കുന്നത് കവികുലകൂടസ്ഥനായ കാളിദാസന്റെ വിശ്വേത്തരമായ അഭിജ്ഞാനശാകുന്തളം നാടകം, കുമാരസംഭവം, രഘുവംശം എന്നീ കൃതികളില്‍നിന്നുമാണ്. കാളിദാസമഹാകവി കാട്ടിത്തരുന്ന ആശ്രമസ്വഭാവമെന്തെന്ന് നോക്കാം.

അത്യന്തമനോഹരങ്ങളായ പ്രകൃതിദൃശ്യങ്ങളുടെ ചിത്രീകരണത്തില്‍ മഹാകവിയുടെ സൂക്ഷ്മാവലോകനപാടവം അന്യാദൃശ്യമാണ്. ബാഹ്യരൂപവര്‍ണ്ണനകൊണ്ടുള്ള സംതൃപ്തിയില്‍ ഒതുങ്ങാതെ വര്‍ണ്ണവസ്തുവിന്റെ ജീവനാംശത്തെ അതിന്റെ അടിത്തട്ടോളംകണ്ട് അതിനെ സുവ്യക്തമാക്കിത്തീര്‍ക്കാനാണ് ആ കവികുലഗുരു ശ്രമിച്ചിട്ടുള്ളത്. തന്മൂലം മഹാകവിയുടെ പ്രകൃതി ചിത്രീകരണങ്ങള്‍ ചമല്കാരജനകങ്ങള്‍ മാത്രമായി അവസാനിക്കാതെ അവ ഭാവസ്ഫുരണസമര്‍ത്ഥങ്ങളായിത്തീര്‍ന്നിരിക്കുന്നു. തന്മൂലം അവ അനുവാചകഹൃദയത്തെ വര്‍ണ്ണവസ്തുവിന്റെ അന്തര്‍ഭാഗത്തോളം കൊണ്ടുചെന്ന് ചിന്തിപ്പിച്ച് ഒരു നൂതനലോകം ദര്‍ശിക്കുവാന്‍ സഹായിക്കുന്നു. ഇപ്രകാരമുള്ള ചിത്രീകരണത്തില്‍ ഒട്ടും അപ്രധാനമില്ലാത്തവയാണ് മേല്പറഞ്ഞ കൃതികളിലെ തപോവനവര്‍ണ്ണന.

മൃഗയാവിനോദത്തിനായി വനത്തില്‍ പ്രവേശിച്ച ദുഷ്യന്തന്‍ ഒരു മാനിനെ പിന്‍തുടര്‍ന്ന് ചെന്ന് ചേരുന്നത് കണ്വാശ്രമ സമീപത്താണ്. മാനിന്റെ നേരേ രാജാവ് ശരം തൊടുക്കുമ്പോള്‍ അവിടെ ചെന്നു ചേര്‍ന്ന മഹര്‍ഷി ‘രാജാവേ ഇത് ആശ്രമ മൃഗമാണ് വധിക്കരുതേ’ എന്നു പറയുന്നതുകേട്ട് ബാണം ഉപസംഹരിച്ച രാജാവ് ചുറ്റും നോക്കിയിട്ട്  ‘സൂതാ പറയാതെതന്നെ ഇതു തപോവന പ്രദേശമാണെന്നറിയാം’ എന്നു പറയുന്നു. തപോവനപ്രദേശത്തിന്റെ ബാഹ്യസ്വഭാവം രാജാവിന്റെ സുതനോടുള്ള മറുപടിയില്‍നിന്ന് നമുക്കും മനസ്സിലാക്കുവാന്‍ സാധിക്കുന്നു.

നീവാരാഃ ശൂകഗര്‍ഭ കോടരമുഖ ഭ്രഷ്ടാസ്തരൂണാമധഃ
പ്രസ്‌നിഗ്ദ്ധാഃ ക്വചിദിം ഗുദീഫലഭിദഃസുച്യന്ത ഏവോ പലാഃ
വിശ്വസോപഗമാദ ഭിന്നഗതയഃ ശബ്ദം സഹന്തേ മൃഗാ-
സ്‌തോയാധാര പഥാശ്ച വല്ക്കല ശിഖാനിഷ്യന്ദ രേഖാങ്കിതാഃ

പക്ഷികള്‍ പാര്‍ക്കുന്ന വൃക്ഷകോടരങ്ങളില്‍നിന്നും പൊഴിഞ്ഞുവീണു. നീവാരധ്യാനങ്ങള്‍ വൃക്ഷങ്ങളുടെ താഴെയായി വീണുകിടക്കുന്നു. ഓടക്കായ്കള്‍ ഉടച്ചതുകൊണ്ട് എണ്ണമയംപറ്റി മിനുസമുള്ള പാറകള്‍ മറ്റൊരു ഭാഗത്തു കിടക്കുന്നു. വിശ്വാസം നിമിത്തം മൃഗങ്ങള്‍ (മാനുകള്‍) രഥശബ്ദം, കേട്ടിട്ടും ഭയപ്പെട്ട് ഓടിപ്പോകാതെ നില്ക്കുന്നു. സ്‌നാനം കഴിഞ്ഞു ജലാശയങ്ങളില്‍നിന്നും മടങ്ങുന്ന മഹര്‍ഷിമാരുടെ വല്ക്കലാഗ്രങ്ങളില്‍നിന്നും വീഴുന്ന വെള്ളത്തുള്ളികളാല്‍ ആശ്രമപഥങ്ങള്‍ രേഖാങ്കിതങ്ങള്‍ ആയിരിക്കുന്നു.
സുഖശീതളഛായ നല്‍കുന്ന വൃക്ഷങ്ങളുടെ സാമീപ്യം ആശ്രമപരിസരത്തിന്റെ ശാന്തതയ്ക്കും, പ്രകൃതി രമണീയതയ്ക്കും സവിശേഷമായ ഘടകമാണ്. വൃക്ഷകോടരങ്ങളില്‍ വസിക്കുന്ന പക്ഷികളുടെ കളകളനാദം ആശ്രമാന്തരീക്ഷത്തിന് അലൗകികമായ ഒരു പരിവേഷം ചാര്‍ത്തുന്നു.

ആശ്രമ സമീപത്തുള്ള ഉപവനങ്ങളിലും ആശ്രമാങ്കണങ്ങളിലും സഞ്ചരിക്കുന്ന മാനുകള്‍ മഹാകവിയുടെ തപോവന ചിത്രീകരണത്തില്‍ സവിശേഷം സ്ഥാനം പിടിച്ചിരിക്കുന്നു. ആശ്രമത്തിലെ വളര്‍ത്തുമൃഗമാണ് മാനുകള്‍. തപോവനത്തിന്റെ ശാലീനതയ്ക്കും മഹര്‍ഷിമാരുടെ ഭൂതാനുകമ്പാപ്രകാശത്തിനും അനിവാര്യമായ ഒരു ഘടകമാണ് ആ മൃഗങ്ങള്‍.

തപോവനസമീപത്തു കാണുന്ന സുപ്രധാനമായ ഒരു ഘടകമാണ് ജലാശയം. അഭിജ്ഞാനശാകുന്തളത്തില്‍ കണ്വാശ്രമം മാലിനീനദിയുടെ തീരത്തു സ്ഥിതിചെയ്യുന്നതായി വര്‍ണ്ണിച്ചിരിക്കുന്നു. പരിപാവനമായ പര്‍ണ്ണശാലയ്ക്കു പവിത്രമായ ജലാശയസാമീപ്യം അത്യന്താപേക്ഷിതമാണ്. സ്‌നാനാദികള്‍ ദിനചര്യയിലെ സുപ്രധാനമായ ഭാഗമായിരിക്കുന്ന തപസ്വികള്‍ക്ക് അത്തരം ജലാശയങ്ങളുടെ സാമീപ്യം അനുപേക്ഷണീയമാണല്ലോ. ശരീരമനസ്സുകളുടെ വിശുദ്ധ്യുന്മേഷത്തിനും ആരോഗ്യസമ്പാദനത്തിനും ശുദ്ധജലത്തിനുള്ള സ്ഥാനം അദ്വിതീയമാണല്ലോ.

തപോവനത്തിന്റെ അകൃത്രിമ രണമീയതയ്ക്ക് ഉതകുന്ന മറ്റൊരു ദൃശ്യം സമീപത്തുള്ള പുഷ്പവാടിയാണ്. സൗരഭ്യവാഹികളായ കുസുമനിചയങ്ങളോടുകൂടിയ ലതകളും വൃക്ഷങ്ങളും നിറഞ്ഞ പുഷ്പവാടി കണ്വാശ്രമത്തില്‍ പ്രത്യേകം സംരക്ഷിക്കപ്പെട്ടിരുന്നതായി വിവരിക്കപ്പെട്ടിരിക്കുന്നു. വൃക്ഷലതാദികള്‍ക്കു ജലസേചനം നടത്തുക മുനികന്യകമാരുടെ പ്രഥമവും പ്രധാനവുമായ ദീനകൃത്യമായിരുന്നു.

സംയമധനന്മാരിയിരുന്ന മഹര്‍ഷിമാര്‍ക്ക് പക്ഷിമൃഗാദികളോടും വൃക്ഷലതാദികളോടും ഉണ്ടായിരുന്ന സ്‌നേഹവാത്സല്യങ്ങള്‍ അതിരറ്റതായിരുന്നതിനാല്‍ അവയുടെ സംരക്ഷണത്തില്‍ തപസ്വികള്‍ ജാഗരൂകരായിരുന്നു. തന്മൂലം കുസുമിതലതകളും, വൃക്ഷങ്ങളും നിറഞ്ഞ പുഷ്പവാടിയും, മാന്‍കൂട്ടം നിര്‍ഭയം സൈ്വരവിഹാരം ചെയ്യുന്ന പരിസരവും തപോവനത്തിന് പ്രകൃതിഭംഗിയും ചൈതന്യവും നല്‍കുന്നതായി കാണാം.

പ്രകൃതിനിരീക്ഷണപടുവും വിശാലഹൃദയനുമായ കാളിദാസന്‍ രഘുവംശം മഹാകാവ്യത്തിലും ആശ്രമചിത്രീകരണത്തിന് സവിശേഷം സ്ഥാനം കൊടുത്തിരിക്കുന്നു. അനപത്യതാ ദുഃഖനിവാരണാര്‍ത്ഥം, ഉപദേശം നേടുവാന്‍ കുലുഗുരുവായ വസിഷ്ഠമഹര്‍ഷിയുടെ ആശ്രമത്തില്‍ ചെന്ന ദിലീപരാജാവ് ആ ആശ്രമത്തിന്റെ മുമ്പില്‍

ആകീര്‍ണ്ണമൃഷിപത്‌നീനാ-
മൂടജദ്വാര രോധിഭീഃ
ആപതൈ്യരിവ നീവാര
ഭാഗധേയോപി തൈര്‍മൃഗൈഃ

മുനിപത്‌നിമാരുടെ അപത്യങ്ങളെന്നവണ്ണം അവരുടെ കൈയ്യില്‍നിന്ന് നീവാരധ്യാനങ്ങള്‍ വാങ്ങുന്നതിന് പര്‍ണ്ണശാലയുടെ വാതുക്കല്‍ മൃഗങ്ങള്‍കൂടി നില്ക്കുന്നതും

സേകാന്തേ മുനികന്യാഭി-
രാലാവാലാംബു പായിനാം
വിശ്വാസായ വിഹംഗാനാം
തല്‍ക്ഷണോശ്ചിത വൃക്ഷകം.

മുനികന്യകമാരാല്‍ ജലസേചനം ചെയ്യപ്പെട്ട തൈമരങ്ങളുടെ തടങ്ങളില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഭയലേശമില്ലാതെ പക്ഷികള്‍ കൊത്തിക്കുടിക്കുന്നതും കണ്ടുകൊണ്ടാണ് ആശ്രമത്തിലേക്ക് കടന്നുചെല്ലുന്നത്. സര്‍വ്വഭൂതഹിതേരിതരായിരുന്നതിനാല്‍ മഹര്‍ഷിമാരുടെ ആശ്രമപ്രാന്തങ്ങളില്‍ പക്ഷികള്‍ നിര്‍ഭയം സഞ്ചരിച്ചിരുന്നു. മാത്രമല്ല;

ആതപാപായ സംക്ഷിപ്ത
നീവാരാസു നിഷാദിഭിഃ
മൃഗൈര്‍വര്‍ത്തി തരോമന്ഥ-
മടുജാങ്കണ ഭ്രമിഷ്ഠച.

ആശ്രമാങ്കണത്തില്‍ കൂട്ടിയിട്ടിരിക്കുന്ന വരിനെല്ലിന്റെ സമീപത്തായി സായന്തനവേളയില്‍ മാനുകള്‍ രോമന്ഥം ചെയ്യുന്നതായും വസിഷ്ഠാശ്രമചിത്രീകരണത്തില്‍ വിവരിച്ചിരിക്കുന്നു. ഏണകിശോരകങ്ങളെ ദര്‍ഭപ്പുല്ലുകൊടുത്തു വളര്‍ത്തുന്നതും പുഷ്പവാടിയില്‍ ജലസേചനം നടത്തുന്നതും മുനികന്യകമാരുടെ ദിനചര്യയില്‍ പ്രധാന കര്‍ത്തവ്യമായിരുന്നു. ആശ്രമപ്രാന്തങ്ങളില്‍ മൃഗങ്ങളും, പക്ഷികളും നിര്‍ഭയം സൈ്വരവിഹാരം ചെയ്യുന്നു എന്നുള്ളത് സര്‍വ്വചരാചരങ്ങളേയും ഏകോദര സഹോദരങ്ങളായി സനേഹിച്ചിരുന്നു മഹര്‍ഷിമാര്‍ എന്നുള്ളതിന്റെ പ്രഖ്യാപനമാണ്.

പ്രേമരഭരിതമായ മൃഗമിഥുനങ്ങളുടെ മോഹനമായ സ്ഥിതിവിശേഷവും ആശ്രമപ്രാന്തത്തിന്റെ വിശദീകരണത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

‘ശൃംഗേ കൃഷ്ണമൃഗസ്യ വാമനയനം കാണ്ഡൂയമാനാം മൃഗീം’ എന്ന് ശാകുന്തളത്തിലും.

‘ശൃംഗേണ ച സ്പര്‍ശനിമീലിതാക്ഷീഃ
മൃഗീമകണ്ഡൂയത കൃഷ്ണസാര’

എന്ന് കുമാരസംഭവത്തിലും പ്രത്യേകം കാണിച്ചിരിക്കുന്നു. ഇത്തരം വര്‍ണ്ണനകളുടെ സ്വഭാവവും അതിന്റെ പശ്ചാത്തലവും തമ്മില്‍ ഇണക്കിനോക്കുമ്പോളാണ് ആശ്രമത്തിന്റെ ബാഹ്യസ്വാഭാവം മാത്രമല്ല ശാന്തവും സ്‌നേഹനിര്‍ഭരവുമായ ജീവലോകത്തിന്റെ ആവാസസ്ഥാനവും കൂടിയായിരുന്ന തപോവനങ്ങള്‍ എന്നു മനസ്സിലാക്കുന്നത്.

മറ്റു ധാന്യങ്ങളെ അപേക്ഷിച്ചു നീവാരധ്യാനത്തിന് കൂടുതല്‍ പ്രാധാന്യം കൊടുത്തുകൊണ്ടുളള പ്രസ്താവം ആശ്രമവര്‍ണ്ണനയില്‍ കാണുന്നുണ്ട്. സത്വഗുണസമ്പൂര്‍ണ്ണരും സംയമികളുമായ മഹര്‍ഷിമാരുടെ ജീവസന്ധാരണത്തിനും, അതിഥിസല്ക്കാരിത്തിനും ഉതകുന്ന നീവാരധാന്യത്തിന്റെ സംരക്ഷണത്തില്‍ ആശ്രമ സംരക്ഷണ സര്‍വ്വപ്രധാനമായി കരുതിയിരുന്ന രഘുവംശരാജാവു അക്കാലത്ത് രാജാക്കന്മാരുടെ ആശ്രമത്തിന്റെയും മുനിമാരുടെയും ക്ഷേമം കാത്തുപോന്നിരുന്നു- കൗത്സനോടു ചെയ്യുന്ന കുശലാന്വേഷണത്തില്‍ ശ്രദ്ധിക്കുന്നതായി രഘുവംശത്തില്‍ വിവരിക്കപ്പെട്ടിരിക്കുന്നു.

ആശ്രമവാസികള്‍ വാത്സല്യപൂര്‍വ്വം വളര്‍ത്തുന്ന മറ്റു ചില മൃഗങ്ങളെപ്പറ്റിയും മഹാകവി സ്വകൃതിയില്‍ വര്‍ണ്ണിച്ചിരിക്കുന്നു. വസിഷ്ഠാശ്രമത്തില്‍ ചെന്ന ദിലീപിന് അനുഭവപ്പെട്ട മറ്റൊരു ദൃശ്യം വസിഷ്ഠന്റെ കാമധേനവും, മേഞ്ഞുകഴിഞ്ഞ് സന്ധ്യാവേളയില്‍ ആശ്രമത്തില്‍ വന്നുചേര്‍ന്ന നന്ദിനിയും ആയിരുന്നു.

ലലാടോദയമാഭുഗ്നം
പല്ലവസ്‌നിഗ്ദ്ധപാടലാ
ബിഭൂതീ ശ്വേതരോമാങ്കം
സന്ധ്യേവ ശശിനം നവം.

പല്ലവംപോലെ സ്‌നിഗ്ദ്ധമായ പാടലവര്‍ണ്ണത്തോടുകൂടി സാന്ധ്യാചന്ദ്രക്കലപോലെ ഫാലദേശത്ത് ശ്വേതരോമാങ്കത്തോടുകൂടിയ നന്ദനിയുടെ അകിടില്‍നിന്നൊഴുകുന്ന ക്ഷീരംകൊണ്ടു ആശ്രമത്തെ പാവനമാക്കുന്നതായും തുടര്‍ന്നുള്ള പദ്യത്തില്‍ ആലേഖനം ചെയ്തിരിക്കുന്നു.
നിഷ്‌കളങ്കത, സൗമ്യത മുതലായ സത്ഭാവങ്ങള്‍ നിറഞ്ഞ മൃഗങ്ങളും, വികസിത കുസുമങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന പുഷ്പവാടികളും, തെളിനീര്‍നിറഞ്ഞൊഴുകുന്ന കാട്ടാറുകളും, മന്ത്രോച്ഛാരണം ഏറ്റുപാടുന്ന പക്ഷികളും ഹോമകുണ്ഡങ്ങളില്‍നിന്നു ഉയര്‍ന്ന് അന്തരീക്ഷവായുവിനെ പരിശുദ്ധമാക്കുന്ന ധൂമപടലങ്ങളെകൊണ്ടു ചേതോഹരമായ ആശ്രമം ഭാരതീയസംസ്‌കാരത്തിന്റെ വിളഭൂമിയായിരുന്നു. ആ സംസ്‌കാരത്തെ നിത്യഹരിതമാക്കി നിലനിര്‍ത്തി വളര്‍ത്തിപ്പോന്നിരുന്ന യതീശ്വരന്മാര്‍ കാട്ടിത്തന്ന ജീവിതസന്ദേശം കെടാവിളക്കുകളായിത്തന്നെ ശോഭിക്കുന്നു.

ആശ്രമവാസികളും, തപശ്ചര്യ ജീവിതവ്രതമാക്കിയവരും, സര്‍വചരാചരപ്രേമികളുമായിരുന്ന മഹര്‍ഷീശ്വരന്മാര്‍ വനസമ്പത്തുക്കളുടെ സംരക്ഷകരും പരിപോഷകരുമായിരുന്നു. അവര്‍ സംയമധനന്മാരായിരുന്നു. എങ്കിലും ചെങ്കോല്‍ പിടിച്ച കൈകളെ നിയന്ത്രിക്കുകയും നയിക്കുകയും ചെയ്തിരുന്നു. തന്മൂലം അന്നത്തെ ഭരണാധിപന്മാരായ രാജാക്കന്മാര്‍ വനസ്ഥലികളുടെയും സംരക്ഷണത്തില്‍ അതീവ ശ്രദ്ധാലുക്കളുമായിരുന്നു.

എന്നാല്‍ ഇന്നത്തെ സ്ഥിതിയോ? … വനനശീകരണം സര്‍വസാധാരണമായി. തന്മൂലം വനവിഭവങ്ങളും, ഔഷധപ്രധാനമായ സസ്യങ്ങളും വന്യമൃഗങ്ങളും ക്രമേണ നശിച്ചുകൊണ്ടിരിക്കുന്നു. പ്രകൃതി സ്‌നേഹപ്രചോദിതമായ ആ പുരാതന സംസ്‌കാരിത്തിന്റെ ജന്മഭൂമിയും ഋഷീശ്വരന്മാരുടെ ആവാസസ്ഥാനവുമായിരുന്ന ആശ്രമങ്ങളെപ്പറ്റിയുള്ള സ്മരണമാത്രമാണ് ഇന്ന് അവശേഷിച്ചിട്ടുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം