ചന്ദ്രശേഖരന്റെ കൊലപാതകം: റഫീഖ് പിടിയിലായി

May 30, 2012 കേരളം

കോഴിക്കോട്: റവലൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് തിരയുകയായിരുന്ന റഫീഖിനെ കസ്റ്റഡിയിലെടുത്തു. കൊലയാളി സംഘം ഉപയോഗിച്ച ഇന്നോവ കാര്‍ കൊടി സുനിക്കു കൈമാറിയത് റഫീഖാണെന്ന് കണ്ടെത്തിയിരുന്നു. കോടതിയില്‍ ഹാജരാകാനുള്ള ശ്രമം വിജയിക്കാതെ പോയതിനെത്തുടര്‍ന്ന് റഫീഖ് അന്വേഷണസംഘത്തിനു മുന്നില്‍ നേരിട്ടു ഹാജരാകുകയായിരുന്നു.

വിനോദയാത്രയ്ക്കു പോകാന്‍ കാര്‍ വേണമെന്നാണ് കൊടി സുനി അറിയിച്ചതെന്ന് റഫീഖ് അന്വേഷണ സംഘത്തെ ധരിപ്പിച്ചു. കേസില്‍ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ലാത്തതിനാല്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്. ടിപി വധവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിക്കുന്ന കൊടി സുനി പ്രതിയായ മറ്റൊരു കേസില്‍ റഫീഖ് പ്രതിയായിരുന്നു. 2009 ല്‍ മലയാളിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലാണ് റഫീഖ് പ്രതിയായത്.

ടി.പി. ചന്ദ്രശേഖരനെ വധിച്ച സംഘം ഉപയോഗിച്ച ഇന്നോവ കാര്‍ വാടകയ്ക്ക് എടുക്കുന്നതിനായി ഉടമ നവീന്‍ദാസിന് റഫീഖ് നല്‍കിയ ചെക്ക് മറ്റൊരാളുടെ പേരിലുള്ളതാണെന്ന് നേരത്തെ അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. തലശേരിയിലെ ബാങ്കില്‍ ചെക്ക് ഹാജരാക്കിയാണ് പൊലീസ് സംഘം ഇത് സ്ഥിരീകരിച്ചത്. ചെക്കിലെ ഒപ്പും ചെക്കിനൊപ്പം നല്‍കിയ മുദ്രപ്പത്രത്തിലെ ഒപ്പും വ്യാജമാണ്. രണ്ട് ഒപ്പുകള്‍ തമ്മില്‍ സാമ്യവുമില്ലാത്തതിനാല്‍ വ്യാജരേഖ നിര്‍മിച്ചതിന് റഫീഖിനെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം