വശിത്വം

May 31, 2012 പാദപൂജ

ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.

ജീവിതത്തിലെ കര്‍മഭാരമൊഴിവാക്കുകയും ധര്‍മലാഭം വരുത്തുകയും ചെയ്യുന്നതില്‍കവിഞ്ഞ് മറ്റുലാഭസങ്കല്പങ്ങളൊന്നും  സ്വാമിജിയുടെ ജീവിതത്തെ സ്പര്‍ഷിച്ചിരുന്നില്ല. സ്വാമിജിയുടെ ഒരു ദിവസത്തെ ജീവിതത്തില്‍ പുലര്‍ച്ചയ്ക്കും വൈകീട്ട് ആരാധനയ്ക്ക് ശേഷവും അന്നദാനമുണ്ട്. ഇതിനാവശ്യമായ വസ്തുക്കള്‍- ഫലങ്ങളോ കിഴങ്ങ് വര്‍ഗങ്ങളോ മറ്റ് ധാന്യങ്ങളോ ഏതായാലും – ഭക്തജനങ്ങള്‍ കൊണ്ടു വരികയാണ് പതിവ്. സ്വാമിജി ഒന്നും തന്നെ തന്റേതായി സൂക്ഷിച്ചിട്ടില്ലെന്ന് നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്.

ചിലപ്പോള്‍ വൈകുന്നേരത്തെ ആഹാരത്തിന് ഒന്നുമില്ലാതെവന്നാല്‍ അടുക്കളയില്‍ കയറി “ഇന്നെന്താ അടുക്കളയ്‌ക്കൊന്നും വേണ്ടേ?” എന്നു ചോദിക്കും. രണ്ടുമൂന്നു മണിക്കൂറിനകം ആവശ്യമുള്ളതെല്ലാം എത്താറാണ് പതിവ്. ഇന്നലത്തേതായി തള്ളിക്കളയാത്തതും നാളത്തേക്കായി മാറ്റി വയ്ക്കാത്തതുമായ ഒരു സമ്പൂര്‍ണ ജീവിതമാണ് സാര്‍വഭൗമനായ സ്വാമിജിയുടേത്. ചിന്തയുടെ സൂക്ഷ്മചലനങ്ങളെ കര്‍മത്തിന്റെ തുടക്കങ്ങളായി കണ്ടിട്ടാണ് സ്വാമിജി സ്വധര്‍മ്മ നിര്‍വഹണം നടത്തിയത്.

ഒരു ദിവസം സ്വാമിജിയുടെ സഹചാരിയും ഭക്തനുമായ കാളുമേസ്തിരി തന്റെ വകയായി ഒരഭിഷേകം നടത്തുന്നതിനാഗ്രഹിച്ചു. അദ്ദേഹത്തിന്റെ കൈയിലുള്ളതുപയോഗിച്ച് അഭിഷേകസാധനങ്ങള്‍ സംഭരിച്ചു. ഒരു ഭജനയും കച്ചേരിയുമെല്ലാം വേണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതി അതിനനുവദിച്ചില്ല. അതുകൊണ്ട് ശ്രീ മേസ്തിരി ഇക്കാര്യം സ്വാമിജിയെ അറിയിച്ചതുമില്ല. ഇംഗിതജ്ഞനായ സ്വാമിജി മേസ്തിരിയെ വിളിച്ച് “എന്താടോ ഭജനേം മേളവുമൊക്കെ ആവശ്യമുണ്ടല്ലേ” എന്നു പറഞ്ഞ് നിര്‍ത്തി.

അഭിഷേകമുള്ള ദിവസങ്ങളില്‍ രാത്രി എട്ടുമണിയോടുകൂടി ആരാധന നടത്താറുണ്ട്. മറ്റു ക്ഷേത്രങ്ങളിലെ പോലുള്ള ആരാധനയായിരുന്നില്ല, സ്വാമിജി നടത്തിയിരുന്നത്. സന്ധ്യാസമയത്തല്ല; മറിച്ച് രാത്രിയിലാണ് ആരാധന പതിവ്. ഇന്നും അത്തരമൊരു ചടങ്ങില്ല. അതിനു കാരണവുമുണ്ട്. ത്രിസന്ധ്യാസമയം നിശ്ശബ്ദനായി ധ്യാനിക്കേണ്ട സമയമാണെന്ന് സ്വാമിജി നിര്‍ദേശിച്ചിരുന്നു. ആരാധനാസമയമായി. അഭിഷേകമുണ്ടന്നറിഞ്ഞ് ആളുകള്‍ തിങ്ങുക്കൂടി. എവിടെനിന്നോ ഒരു ഭജനസംഘം ആശ്രമത്തില്‍ എത്തിച്ചേര്‍ന്നു. “എന്താടോ എല്ലാപേരും ഇങ്ങോട്ടു പോന്നത്” എന്ന സ്വാമിജി ചോദിച്ചു. “ഞങ്ങള്‍ മറ്റൊരു സ്ഥലത്ത് പരിപാടിക്ക് പുറപ്പെട്ടതാണ് സ്വാമിജീ, എങ്കിലും ഇങ്ങോട്ടു പോരണമെന്ന് തോന്നി. ഭജനയും കഴിഞ്ഞ് പോകാമെന്ന് കരുതി.”

വന്നവര്‍ താളമേളലയത്തോടുകൂടിയ നല്ല ഒരു ഭജന നടത്തി. അഭിഷേകസമയത്തും അതു തുടര്‍ന്നു. അഭിഷേകം കണ്ടതോടുകൂടി വന്നയാളുകള്‍ക്ക് ജീവിതത്തിലെ ഒരു മഹാസംഭവത്തില്‍ പങ്കാളികളാകാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യമുണ്ടായി. കാളുമേസ്തിരി തന്റെ സങ്കല്പം സഫലമായതോര്‍ത്ത് ആനന്ദാശ്രൂ പൊഴിച്ചു. സ്വാമിജിയുടെ അത്ഭുതസിദ്ധിയെപ്പറ്റി അദ്ദേഹം വാനോളം പുകഴ്ത്തി. അതിനുശേഷമാണ് സ്വാമിജി പറഞ്ഞത്! “ഭജനം മേളോമൊക്കെ അഭിഷേകത്തിന് വേണമെന്ന് അയാളുടെ ഒരു വലിയ ആഗ്രഹമായിരുന്നെടോ. അതുകൊണ്ട് വഴിയേ പോയവരെ ഞങ്ങളിങ്ങു വിളിച്ചതാ”. ആ വഴിയേ പോയവരാരെന്നോ അവരെ എങ്ങനെ വിളിച്ചെന്നോ ആരുമറിഞ്ഞില്ല. വശിത്വമെന്ന സിദ്ധിവിശേഷമാണ് മേളക്കാരെയും ഭജനക്കാരെയുമെല്ലാം ആശ്രമത്തിലേക്ക് വരുത്തുവാനിടയാക്കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - പാദപൂജ