വി.എസ് അച്യുതാനന്ദന്‍ ടി.പി ചന്ദ്രശേഖരന്റെ വീട്ടിലെത്തി

June 2, 2012 കേരളം

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ടി.പി ചന്ദ്രശേഖരന്റെ വീട്ടിലെത്തി കുടംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഉച്ചയ്ക്ക് 12.15 ഓടെയാണ് വി.എസ്, ടി.പിയുടെ വീട്ടിലെത്തിയത്. വി.എസിന്റെ  വരവിനെക്കുറിച്ചറിഞ്ഞ ആര്‍.എം.പി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായാണ്   പ്രതിപക്ഷ നേതാവിനെ ടി.പി ചന്ദ്രശേഖരന്റെ വീട്ടിലേക്ക് ആനയിച്ചത്. നൂറുകണക്കിന് പ്രവര്‍ത്തകരാണ് ടി.പിയുടെ വീടിന് പുറത്തും കാത്തുനിന്നിരുന്നത്. ജനക്കൂട്ടത്തിനു നടുവിലൂടെ ടി.പിയുടെ തറവാട്ട് വീട്ടിലേക്ക് കയറിയ വി.എസിനെ കണ്ട് ടി.പിയുടെ ഭാര്യ രമയും ടി.പിയുടെ മാതാവും  പൊട്ടിക്കരഞ്ഞു.  ഒരു മണിക്കൂറോളം നേരം ടി.പിയുടെ വീട്ടില്‍ വി.എസ് ചിലവഴിച്ചു. അടച്ചിട്ട മുറിയില്‍ ടി.പിയുടെ ഭാര്യ രമയുമായി വി.എസ് കൂടിക്കാഴ്ച നടത്തി. ആര്‍.എം.പിയുടെ ഒഞ്ചിയം ഏരിയ സെക്രട്ടറി എന്‍.വേണു, ടി.പിയുടെ ഭാര്യാപിതാവ് കെ.കെ മാധവന്‍, ടി.പിയുടെ മകന്‍ അഭിനന്ദ് എന്നിവര്‍ മാത്രമാണ് ഈ സമയം രമയെ കൂടാതെ മുറിയിലുണ്ടായിരുന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ വി.എസ് ചന്ദ്രശേഖരന്റെ മൃതദേഹം സംസ്‌കരിച്ച സ്ഥലത്ത് പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് ടി.പിയുടെ പണിതീരാത്ത വിട്ടിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് വി.എസ് മടങ്ങിയത്. പ്രതികരണത്തിനായി മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും വി.എസ് ഒന്നും പറയാന്‍ കൂട്ടാക്കാക്കിയില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം