മാരുതി

June 6, 2012 ലേഖനങ്ങള്‍,സനാതനം

ഡോ.അനന്തരാമന്‍

അഞ്ജനാ നന്ദനം വീരം ജാനകീശോകനാശനം
കപീശമക്ഷഹന്താരം വന്ദേ ലങ്കാഭയങ്കരം

മനോജവം മാരുതതുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാംവരിഷ്ഠം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം ശിരസാ നമാമി

ഹിന്ദു ദൈവങ്ങള്‍ക്കിടയില്‍ ഹനുമാന് മുഖ്യമായ സ്ഥാനമാണ് ഉള്ളത്. ഹനുമാനെ ധ്യാനിച്ച് നല്ല ബുദ്ധിയും, നല്ല യശസ്സും, നല്ല ധൈര്യവും, നല്ല ആരോഗ്യവും, നല്ല വാക്‌സാമര്‍ഥ്യവും നേടുവാന്‍ സാധിക്കും.

ബുദ്ധിര്‍ബലം യശോധൈര്യം
നിര്‍ഭയത്വമരോഗതാം;
അജാട്യം വാക്പടുത്വം ച
ഹനുമത് സ്മരണാദ് ഭവേത്

തുളസിരാമായണത്തില്‍ ഹനുമാന്‍ പരമശിവന്റെ അവതാരമായി കണക്കാക്കപ്പെടുന്നു. ശിവാജിയുടെ ഗുരുവായ സമര്‍ഥരാമദാസും ദൈ്വതമതസ്ഥാപകനായ മധ്വാചാര്യരും മാരുതിയുടെ മറ്റു അവതാരമാണെന്ന് വിശ്വസിക്കപ്പെടുന്നു. പുരാണങ്ങളില്‍ മാരുതിയെ ചിരഞ്ജീവിയെന്നും അടുത്ത കല്പത്തിലെ ബ്രഹ്മാവിന്റെ സ്ഥാനത്തിന് ഇന്നും മാരുതി തപസ്സിലാണെന്നും പറയപ്പെടുന്നു.

രാമായണത്തില്‍ ഹനുമാന്‍ കിഷ്‌കിന്ധാകാണ്ഡത്തില്‍ വന്ന് സുന്ദരകാണ്ഡത്തില്‍ ഒരു മുഖ്യകഥാനായകനായി മാറി യുദ്ധകാണ്ഡത്തില്‍ വീരധീര പരാക്രമങ്ങളാല്‍ ഏവരുടെയും ശ്രദ്ധയെ ആകര്‍ഷിക്കുന്നു. ഹനുമാന്‍ അഗാധപാണ്ഡിത്യമുള്ളവനും, നല്ലയോദ്ധാവുമായി കൃത്യങ്ങള്‍ വേറെ ഏതൊരുവനും ചെയ്തതായി ഏതു പുരാണത്തിലും കാണുകയില്ല. ഹനുമാന്റെ ഒരു ഏറ്റവും ഉത്തമമായ ഗുണം രാമനില്‍ അവന്‍ അര്‍പ്പിച്ച ദൃഢമായ ഭക്തിയാണ് രാമനെ കണ്ടതുമുതല്‍ ഹനുമാന്റെ ഹൃദയം രാമനോടുള്ള സ്‌നേഹത്തിലും ഭക്തിയിലും ലയിച്ചു. ഈ ലോകത്തില്‍ രാമനോടല്ലാതെ മറ്റാരോടും താല്പര്യമില്ല. രാമനെ ശുശ്രൂഷിക്കുക, രാമന്റെ സ്‌നേഹിതരെയും തന്റെ സ്‌നേഹിതരായി കരുതുക. രാമന്റെ ശത്രുക്കളെ തന്റെ ശത്രുക്കളായി കണക്കാക്കുക എന്നിവ ഹനുമാന്റെ പ്രത്യേകതളാണ്. ഹനുമാനെ വൈഷ്ണവ സമ്പ്രദായത്തില്‍ ‘ചെറിയ തിരുവടി’ എന്നും ഗരുഡനെ ‘വലിയ തിരുവടി’ എന്നും പറയുന്നു.

ഹനുമാന്റെ ജനനം
രാമായണത്തില്‍ കിഷ്‌കിന്ധാകാണ്ഡത്തില്‍ ജാംബവാന്‍ ഹനുമാന്റെ പ്രഭാവത്തെ വെളിപ്പെടുത്തുവാന്‍വേണ്ടി ഹനുമാനോട് അദ്ദേഹത്തിന്റെ ഉത്ഭവത്തെപ്പറ്റി പറയുന്നു. ഹനുമാന്‍ തന്നെപ്പറ്റി സീതാദേവിയോട് അശോകവനത്തില്‍ ചുരുക്കിപ്പറയുന്നു.

ഹനുമാന്‍ വാനര വംശജാതനാണ്. ഹനുമാന്റെ മാതാവ് അഞ്ജനാദേവീ കേസരി എന്ന ഒരു വാനരന്റെ പത്‌നിയായിരുന്നു. ഒരിക്കല്‍ കേസരി യുദ്ധത്തില്‍ ശംഭരാസുരനോട് പോരിടുവാന്‍ പോയിരിക്കെ അജ്ഞനാദേവി തന്റെ വാനരരൂപം മാറ്റി മനുഷ്യരൂപം കൈക്കൊണ്ട് വനത്തില്‍ ചുറ്റിനടന്നിരുന്നു. അപ്പോള്‍ അവളുടെ അപൂര്‍വ സൗന്ദര്യത്തില്‍ മയങ്ങിയ വായുഭഗവാന്‍ അവളുടെ ദേഹത്തിലെ വസ്ത്രം നീക്കി. കോപംകൊണ്ട അഞ്ചനാദേവിയോട് വായു അവള്‍ പവിത്രയായിട്ടില്ലെന്നും തന്റെ ഒരു സമ്പര്‍ക്കത്താല്‍ തനിക്ക് തുല്യമായ പരാക്രമത്തോടുകൂടി ഒരു പുത്രന്‍ ജനിക്കുമെന്നും പറഞ്ഞു. ഇപ്രകാരം ഹനുമാന്‍ അഞ്ജനയുടെ പുത്രനായി ജനിച്ചു. ജനിച്ച ശിശു അതിഭയങ്കര വിശപ്പുള്ളതായിരുന്നതിനാല്‍ സൂര്യനെക്കണ്ട് അത് ഒരു പഴമാണെന്നുളള ധാരണയില്‍ സൂര്യനെ വിഴുങ്ങുവാന്‍ ഉദ്യമിച്ചു. ഇതുകണ്ട ദേവേന്ദ്രന്‍ ആ ഉദ്യമത്തെ തടയുവാന്‍ തന്റെ വജ്രായുധത്താല്‍ ഹനുമാനെ അടിച്ചു. ഹനുമാന്‍ വജ്രാഘാതത്താല്‍ മോഹാലസ്യപ്പെട്ട് നിലംപതിച്ചു. കോപം പൂണ്ട വായുഭഗവാന്‍ ലോകത്തില്‍ വായുസഞ്ചാരമില്ലാതാക്കി. ഇതിനാല്‍ എല്ലാ ദേവന്മാരും വായുവിന്റെ പുത്രനായ ആഞ്ജനേയന് വേണ്ടുവോളം വരങ്ങള്‍ നല്കി അവനെ ചിരഞ്ജീവിയാക്കി. ബ്രഹ്മാവും ഹനുമാനെ അനുഗ്രഹിച്ചു. ഇതിനാല്‍ ഹനുമാന് ഏതു അസ്ത്രവും നിര്‍ജീവമാണെന്് അനുഗ്രഹിക്കപ്പെട്ടു. വജ്രാഘാതത്താല്‍ താടിക്കു കിട്ടിയ അടിയാല്‍ ഹനുമാന്‍ എന്നുവിളിക്കപ്പെട്ടു. തനിക്കു കിട്ടിയ വരംമൂലം അത്ഭുതപരാക്രമമുള്ളവനായി. ഹനുമാന്‍ ഋഷികളുടെ ആശ്രമത്തില്‍ചെന്ന് തന്റെ ചേഷ്ടകള്‍ ചെയ്ത് അവരുടെ ദൈനംദിന ജീവിതത്തില്‍ തപസ്സിന് വിഘ്‌നം വരുത്തി. ഋഷികള്‍ പൊറുക്കാനാവാതെ ഹനുമാന്‍ തന്റെ പരാക്രമം മറന്നുപോം വണ്ണവും തക്കസമയത്ത് ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ ഈപരാക്രമം തിരികെ വരത്തക്കവണ്ണവും ശാപം നല്കി. ഇതിനാല്‍ ഒട്ടും ധാര്യം കുറയാത്ത ഹനുമാന്‍ സൂര്യനെ ഗുരുവാക്കി സൂര്യനോടൊപ്പം സഞ്ചരിച്ച് സകല ശാസ്ത്രങ്ങളും പഠിച്ചു. പിന്നീട് സുഗ്രീവന്റെ സഭയില്‍ ഒരു മന്ത്രി പ്രധാനിയുമായി.

ഹനുമാന്റെ പാണ്ഡിത്യം ബുദ്ധി മറ്റു പ്രതിഭ
ഹനുമാനെപ്പറ്റി കിഷ്‌കിന്ധാകാണ്ഡത്തില്‍ ശ്രീരാമന്‍ ലക്ഷ്മണനോട് പറയുന്നതില്‍നിന്ന ്ഹനുമാന്റെ പാണ്ഡിത്യവും ബുദ്ധിയും നമുക്ക് മനസ്സിലാവുന്നുണ്ട്. നാലുവേദവും പഠിച്ചവനെപ്പോലെയുള്ള സംഭാഷണവും വ്യാകരണ ശുദ്ധിയോടുകൂടിയതും ആയ ഒന്നായിരുന്നു ഹനുമാന്റെ സംഭാഷണം ‘ചൊല്ലിന്‍ ശെല്‍വന്‍’ എന്നാണ് കമ്പര്‍ തന്റെ രാമായണത്തില്‍ ഹനുമാനെപ്പറ്റി പറയുന്നത്. ജാംബവാന്‍ ഹനുമാനെപ്പറ്റി പറയുമ്പോഴും ‘നീ എല്ലാ ശാസ്ത്രവും അറിഞ്ഞവനാണ്’ എന്നുപറയുന്നു. സീതാദേവിയുടെ അടുക്കല്‍ ഹനുമാന്‍ ശ്രീരാമന്റെ മുദ്രയുള്ള മോതിരം നല്കിയപ്പോള്‍ സീതാദേവി ഹനുമാന്റെ വീര്യത്തെപ്രശംസിച്ചു (വിക്രാന്തസ്ത്വം, സമര്‍ത്ഥസ്ത്വം, പ്രാജ്ഞസ്ത്വം വാരനോത്തമ!) സീതാദേവിയെ കണ്ടപ്പോള്‍ രാമനെപ്പറ്റി പറഞ്ഞതും സീതാദേവിയുടെ വിശ്വാസത്തിന് പാത്രീഭൂതനായതും നാം ഓര്‍ക്കേണ്ടിയിരിക്കുന്നു.

ഹനുമാന്റെ പ്രതിഭയെപ്പറ്റി പറയണമെങ്കില്‍ ചില ഉദാഹരണങ്ങള്‍ 1. സമുദ്രത്തെകടക്കുമ്പോള്‍ സുരസ എന്നദേവസ്ത്രീയുടെ മുമ്പില്‍ താന്‍ രാമകാര്യത്തിനായി പോകുന്നുവെന്നു പറഞ്ഞ് അവളെ പറ്റിക്കുവാന്‍ മായാരൂപം കൈക്കൊണ്ട് വായ്ക്കുള്ളില്‍ പ്രവേശിച്ച് പുറത്തുവന്നതു ഒരു സാഹസികപ്രയത്‌നം തന്നെ. 2. കഴുത്തില്‍ വേണീബന്ധനം ചെയ്ത് ആത്മഹത്യക്കുദ്യമിച്ച സീതാദേവിയെ രാമകഥപറഞ്ഞ് ആ ഉദ്യമത്തില്‍നിന്ന് പിന്തിരിപ്പിച്ച ഒരു സാമര്‍ത്ഥ്യം. 3. സീതയെ അന്വേഷിച്ചുനടന്ന ഹനുമാന്‍ യാതൊരു വഴിയും കാണാതായപ്പോള്‍ മനസ്സില്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചു.

നമോസ്തു രാമായ സലക്ഷ്മണായ
ദേവൈ്യ ച തസൈ്യ ജനകാത്മജായൈ
നമോസ്തു രുദ്രേന്ദ്രയമാfനിലേഭ്യോ
നമോസ്തു ചന്ദ്രാര്‍ക്കമരുദ്ഗണ്യേഭ്യഃ

ഈ ശ്ലോകംമൂലം ഹനുമാന്‍ താഴെ കാണുന്ന ക്രമത്തില്‍ ദേവന്മാരെയും ദേവിയായ സീതയേയും സ്മരിച്ചു. ശ്രീരാമന്‍, ല്ക്ഷ്മണന്‍, സീതാദേവി, ശിവന്‍, ഇന്ദ്രന്‍, യമന്‍, അഗ്നി, ചന്ദ്രസൂര്യന്മാര്‍, വായു മുതലായവരത്രെ ഇവര്‍

ആഞ്ജനേയമതിപാടലാനനം
കാഞ്ചനാദ്രികമനീയവിഗ്രഹം;
പാരിജാതതരുമൂലവാസിനം
ഭാവയാമി പവമാനനന്ദനം.

മനോജവം മാരുതതുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാംവരിഷ്ഠം;
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം ശിരസാ നമാമി.

ഇപ്രകാരം ഹനുമാന്‍ ബുദ്ധിയില്‍ അഗ്രഗണ്യനും ഇന്ദ്രിയങ്ങളെ ജയിച്ചവനും എന്നു പറയപ്പെടുന്നു. രാവണന്റെ അന്തഃപുരം കടന്ന ഹനുമാന്‍ ഈ കാമവികാരത്തിന് അടിമപ്പെട്ട രാക്ഷസ സ്ത്രീകള്‍ പല കോലങ്ങളില്‍ കിടന്നുറങ്ങുന്നതായി കണ്ടിട്ടും മനസ്സില്‍ യാതൊരുവിധ ഇളക്കവും ഉണ്ടാവാത്ത നിലയിലാണ് നാം രാമായണത്തില്‍ കാണുന്നത്.

ഹനുമാന്റെ വീര്യം, അതുല്യപരാക്രമം, സാഹസികത
ഹനുമാന്റെ വീര്യത്തെപ്പറ്റി പറയണമെങ്കില്‍ പിറന്നയുടന്‍ സൂര്യനെ നോക്കി ചാടിയത് ഒരു ഉദാഹരണമാണ്. മറ്റു പലഘട്ടങ്ങളില്‍ മറ്റേവര്‍ക്കും ചെയ്യാനാവാത്ത കൃത്യങ്ങള്‍ ഹനുമാന്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. സമുദ്രത്തെ ലംഘനം ചെയ്ത് ലങ്കാപുരിയില്‍ ചെന്ന് തിരിച്ചുവന്ന കൃത്യം, സഞ്ജീവനിമരുന്നിനുവേണ്ടി ലങ്കാപുരിയില്‍നിന്ന് ഹിമാലയത്തി്ല്‍ ചെന്ന് മരുന്നടക്കം ആ സഞ്ജീവിനി പര്‍വ്വതം തന്നെ കൊണ്ടുവന്ന കൃത്യം, ഭരദ്വാജാശ്രമത്തില്‍ വെച്ച് 14 വര്‍ഷം പൂര്‍ത്തിയാവുന്ന ഘട്ടത്തില്‍ ശ്രീരാമന്റെ വരവിനെ മുന്‍കൂട്ടി അറിയിക്കുവാന്‍ അയോദ്ധ്യാനഗരിയില്‍ ചെന്ന് ഭരതനെ കണ്ട കൃത്യം എന്നിവയെ ഉദാഹരിക്കാം.

യുദ്ധകാണ്ഡത്തില്‍ ഹനുമാന്‍ ഇന്ദ്രജിത്തിനോടും കുംഭകര്‍ണ്ണനോടും പോരിട്ട സംഭവവും ഒരിക്കല്‍ രാവണനെ മുഷ്ടിപ്രഹരം നല്കി രാവണന്‍ തന്നെ ഹനുമാന്റെ പരാക്രമത്തെ പ്രശംസിച്ച സംഭവവും, സുന്ദരകാണ്ഡത്തില്‍ അക്ഷകുമാരനോട് ഒറ്റക്ക് നിന്ന് പോരിട്ട് സംഹരിച്ച സംഭവവും ഹനുമാന്റെ അതുല്യ പരാക്രമത്തിന് ഉദാഹരണങ്ങളാണ്.

സുന്ദരകാണ്ഡത്തില്‍ സീതയെ കണ്ട ഹനുമാന്‍ തന്റെ സാഹസികതയെ വെളിപ്പെടുത്തുവാന്‍ വിശ്വരൂപം ധരിച്ച സംഭവവും, ഹനുമാന്റെ വാലില്‍ തീ വെച്ചയുടന്‍ ലങ്കാനഗരം മുഴുവന്‍ തീക്കിരയാക്കിയ സംഭവവും, യുദ്ധകാണ്ഡത്തില്‍ ലക്ഷ്മണനെ തൂക്കുവാന്‍ വന്ന രാവണനെ പ്രഹരിച്ച് ലക്ഷ്മണനെ തോളില്‍ ചുമന്നു ചെന്ന സംഭവവും ഇതിന്നുദാഹരണമാണ്. ഇതുകൂടാതെ ജാംബവാന്‍ തന്നെ ഒരിക്കല്‍ യുദ്ധക്കളത്തില്‍ ശ്രീരാമലക്ഷ്മണന്മാരും വാനര സൈന്യവും ബ്രഹ്മാസ്ത്രമേറ്റ് മൃതപ്രായരായി കിടന്നിരുന്നപ്പോള്‍ ഹനുമാന്‍ ജീവനോടെ ഇരിപ്പുണ്ടെങ്കില്‍ മറ്റുള്ളവരും ജീവനുളളവര്‍ തന്നെ എന്ന് പ്രശംസിച്ച സംഭവവും ഇതിന്ന് ഒരു ഉദാഹരണമാണ്. യുദ്ധക്കളത്തില്‍ രാവണനോടുകൂടി ശ്രീരാമന്‍ പോരിടുമ്പോള്‍ ശ്രീരാമനെ തന്റെ ചുമലില്‍ ചുമന്ന് വാഹനമായി വര്‍ത്തിച്ച സംഭവവും ഇതിന്നുദാഹരിക്കും.

മഹാഭാരതത്തില്‍ ഭീമന്‍ സൗഗന്ധികപുഷ്പം കൊണ്ടു വരുവാന്‍ ചെല്ലുമ്പോള്‍ മാര്‍ഗ്ഗമദ്ധ്യേ ഹനുമാന്‍ തന്റെ വാലും നീട്ടികിടക്കവേ ഭീമന്‍ എത്രശ്രമിച്ചിട്ടും ആ വാലിനെ ഇളക്കുവാന്‍ സാദ്ധ്യമാവാത്ത സംഭവവും ഇതിന്നുദാഹരണമാണ്.

ഹനുമാനും ശ്രീകൃഷ്ണനും ഉള്ളസാമ്യം

  1. രണ്ടുപേരും പര്‍വ്വതം തൂക്കിയവരാണ്. ഹനുമാന്‍ സഞ്ജീവിനി പര്‍വ്വതവും ശ്രീകൃഷ്ണന്‍ ഗോവര്‍ദ്ധനഗിരിയും. പക്ഷെ ഒരുവ്യത്യാസം. ഹനുമാന്‍ സഞ്ജീവിനി പര്‍വ്വതം രണ്ടുപ്രാവശ്യം തൂക്കി. ശ്രീകൃഷ്ണന്‍ ഗോവര്‍ദ്ധനഗിരിയെ പലനാളുകള്‍ പിടിച്ചുനിന്നു.
  2. രണ്ടുപേരും വിശ്വരൂപം ധരിച്ചു. ഹനുമാന്‍ രണ്ടുപ്രാവശ്യവും ശ്രീകൃഷ്ണന്‍ മൂന്നുപ്രാവശ്യവും.
  3.  രണ്ടുപേരും ദൌത്യവൃത്തി നിര്‍വഹിച്ചു. ഹനുമാന്‍ ലങ്കയില്‍ സീതാദേവിയെ തേടിപ്പോയെങ്കിലും രാവണസഭയില്‍ ശ്രീരാമന്‍ ദൂതനായി കൃത്യം നിര്‍വഹിച്ചു. ശ്രീകൃഷ്ണന്‍ പാണ്ഡവന്മാര്‍ക്കുവേണ്ടി ദുര്യോധനന്റെ സഭയില്‍ ദൂതനായി കൃത്യം നിര്‍വ്വഹിച്ചു.
  4.  രണ്ടുപേരും ബ്രഹ്മ്ചാരികളാണ് ശ്രീകൃഷ്ണന്‍ അനാദിബ്രഹ്മചാരിയാണ്. ഇതിന്നു പരീക്ഷിത്തിന്റെ ജനനം തന്നെ സാക്ഷിയാണ്. ഹനുമാന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്.
  5. രണ്ടുപേരും ആദ്യവര്‍ധം ചെയ്തതു ഒരു സ്ത്രീയെയാണ് ഹനുമാന്‍ സിംഹികയെയും ശ്രീകൃഷ്ണന്‍ പൂതനെയെയും.
  6. രണ്ടുപേരും ഭാരതയുദ്ധത്തില്‍ പാണ്ഡവരുടെ പക്ഷംനിന്നു. ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന്റെ സാരഥിയും ഹനുമാന്‍ കൊടിക്കൂറയും.

ജീവരക്ഷകന്‍
ഹനുമാന്‍ പല ഘട്ടങ്ങളില്‍ പലരുടേയും ജീവനെ രക്ഷിച്ചിട്ടുണ്ട്. സുന്ദരകാണ്ഡത്തില്‍ ജാനകി ദേവിയ ആത്മഹത്യക്കു തുനിഞ്ഞ ഘട്ടത്തില്‍ ഹനുമാന്‍ രക്ഷിക്കുന്നു. സീതയെ പിരിഞ്ഞ ദുഃഖത്തിലിരുന്ന ശ്രീരാമനെ ചൂഢാമണി നല്കി ആശ്വാസപ്പെടുത്തി. മറ്റൊരു സന്ദര്‍ഭത്തില്‍ ബ്രഹ്മാസ്ത്രമേറ്റ് ശ്രീരാമലക്ഷ്മണന്മാരടക്കം വാനരസൈന്യം മുഴുവനും മൃതപ്രായരായി കിടന്നപ്പോള്‍ ഹനുമാന്‍ അവരെയെല്ലാം മൃതസഞ്ജീവനി കൊണ്ടുവന്ന് രക്ഷിച്ചു. പതിനാലുവര്‍ഷം പൂര്‍ത്തിയായി ശ്രീരാമന്‍ തിരിച്ചുവന്നില്ലെങ്കില്‍ അഗ്നിപ്രവേശം ചെയ്യുമെന്ന് പ്രതിജ്ഞചെയ്ത ഭരതനെ ശ്രീരാമന്‍ വരുന്ന വര്‍ത്തമാനം മുന്‍കൂട്ടി അറിയിച്ച് അഗ്നിപ്രവേശം ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു.

ഭക്തി
ഹനുമാന്റെ ഭക്തിയെപ്പറ്റി പറയണമെങ്കില്‍ ശ്രീരാമനോടുളള ഭക്തിയില്‍ തന്നെ ലയിപ്പിക്കുന്നതില്‍ വേറെ ആരെയും ഉപമിക്കാനില്ല. അത്യത്ഭുതകൃത്യങ്ങള്‍ നിര്‍വഹിച്ചു. മേധാവിയായ ഹനുമാന്‍ ശ്രീരാമനോടുള്ള ഭക്തിയില്‍ വളരെ എളിയവനും, ഭാഗവതോത്തമനുമാണ്.

യത്രയത്ര രഘുനാഥകീര്‍ത്തനം
തത്രതത്ര കൃതമസ്തകാഞ്ജലിം;
ബാഷ്പവാരി പരിപൂര്‍ണ്ണലോചനം
മാരുതിം നമത രാക്ഷസാന്തകം.

കൂടുതല്‍ വാര്‍ത്തകള്‍ - ലേഖനങ്ങള്‍