ഇന്ത്യയില്‍ കോളേജുകള്‍ സ്ഥാപിക്കാന്‍ യു.എസ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നു

June 6, 2012 രാഷ്ട്രാന്തരീയം

വാഷിങ്ടണ്‍: ഇന്ത്യയില്‍ കമ്മ്യൂണിറ്റി കോളേജുകളും അമേരിക്കന്‍ വിദ്യഭ്യാസ സ്ഥാപനങ്ങളുടെ ക്യാമ്പസുകളും സ്ഥാപിക്കാന്‍ യു.എസ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. അടുത്താഴ്ച നടക്കുന്ന ഇന്ത്യ- യു.എസ് വിദ്യാഭ്യാസ ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് യു.എസ് എഡ്യൂക്കേഷണല്‍ സെക്രട്ടറി ആര്‍ണെ ഡന്‍കന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

മൂന്നുവര്‍ഷത്തിനകം 2.5 ലക്ഷം ഡോളറിന്റെ പദ്ധതികളായിരിക്കും നടപ്പാക്കുക. ഇന്ത്യന്‍, യു.എസ് സര്‍വ്വകലാശാലകളുടെ ഭക്ഷ്യ സുരക്ഷ, ഊര്‍ജ്ജം, പരിസ്ഥിതി, പൊതുജന ആരോഗ്യം എന്നീ മേഖലകളിലെ സംയുക്ത പഠനപദ്ധതികള്‍ക്കായിരിക്കും ഈ തുക ചെലവഴിക്കുക.

ഇന്ത്യയിലെ യുവജനങ്ങള്‍ക്ക് ലോകോത്തര വിദ്യാഭ്യാസം നല്‍കുകയാണ് ലക്ഷ്യം. വളര്‍ന്നുവരുന്ന ഇന്ത്യയ്ക്കും യു.എസിനും ഇത് ഉപകാരപ്രദമാകും. വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഡന്‍കന്‍ പറഞ്ഞു.  ഇന്ത്യയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കേന്ദ്രമന്ത്രി കപില്‍ സിബലിനെ അദ്ദേഹം പ്രശംസിച്ചു.

അടുത്താഴ്ച നടക്കുന്ന ഇന്ത്യ യുഎസ് വിദ്യാഭ്യാസ ഉച്ചകോടിയില്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണും പങ്കെടുക്കുന്നുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം