എം.എം.മണി അന്വേഷണ സംഘത്തിനു കത്തു നല്‍കി

June 6, 2012 കേരളം

തൊടുപുഴ: ചോദ്യം ചെയ്യുന്നതിനായി ഹാജരാകാന്‍ കഴിയില്ലെന്നും കൊലക്കുറ്റം ചുമത്തിയ കേസ് നിലനില്‍ക്കുന്നതല്ലെന്നുമുള്ള സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിയുടെ വിശദീകരണ കത്ത് അഭിഭാഷകര്‍ അന്വേഷണ സംഘത്തിനു കൈമാറി. തൊടുപുഴ ഡിവൈഎസ്പി ഓഫിസില്‍ മണിയുടെ കത്തുമായി മൂന്ന് അഭിഭാഷകരടങ്ങിയ സംഘം രാവിലെ ഒന്‍പതു മണിയോടെ  എത്തിയെങ്കിലും കത്തു കൈമാറാനായിരുന്നില്ല. ഡിവൈഎസ്പി എത്താത്തതായിരുന്നു കാരണം. പിന്നീടു 11 മണിക്ക് വീണ്ടും എത്തിയാണ് ഇവര്‍ കത്തു കൈമാറിയത്.

രാഷ്ട്രീയ പ്രതിയോഗികളെ ലിസ്റ്റ് തയ്യാറാക്കി വകവരുത്തിയിട്ടുണ്ടെന്ന മണിയുടെ പ്രസംഗത്തെത്തുടര്‍ന്നാണു കേസെടുത്തിരിക്കുന്നത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെ അന്വേഷണസംഘത്തിനു മുന്‍പില്‍ ഹാജരാകാനായിരുന്നു നോട്ടീസ് നല്‍കിയത്.

കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ സാഹചര്യത്തില്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ലങ്കിലും നിയമനടപടിക്ക് സാധ്യതയില്ലെന്നാണ് മണിക്ക് ലഭിച്ച നിയമോപദേശം. ഇതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലെത്തേണ്ട എന്ന് മണി തീരുമാനിച്ചത്. പകരം തന്റെ വാദങ്ങള്‍ ന്യായീകരിക്കാനും ഹാജരാകാത്തതിന്റെ കാരണം ബോധ്യപ്പെടുത്താനും അഭിഭാഷകസംഘത്തെ അയക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഈ സാഹചര്യത്തില്‍, അടിയന്തരമായി ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം മണിക്കു മറ്റൊരു നോട്ടീസ് ഉടന്‍ നല്‍കിയേക്കും. മണി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്കുള്ള മറുപടി അന്വേഷണ സംഘം ഇന്നു കോടതിയില്‍ നല്‍കും.അതിനു ശേഷം മണിയെ അറസ്റ്റ് ചെയ്യുന്നതിനെ കുറിച്ച് ഡയറക്ര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനില്‍ നിന്ന് വിശദീകരണം തേടാനും പ്രത്യേകസംഘം തീരുമാനിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം