കാമരൂപത്വം

June 6, 2012 പാദപൂജ

ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.

ശബരിമലദര്‍ശനത്തിനുള്ള തീര്‍ത്ഥാടനസങ്കല്പവുമായി ഒരു ദിവസം ചന്തവിള നാരായണന്‍വൈദ്യന്‍ ആശ്രമത്തിലെത്തി. അന്ന് ഇന്നത്തെപ്പോലുള്ള യാത്രാസൗകര്യങ്ങളൊന്നും ശബരിമല യാത്രക്കുണ്ടായിരുന്നില്ല. എരുമേലി വഴി ഘോരവിപിനത്തിലൂടെയുള്ള യാത്രയാണ്. ശരണം വിളികളും സമര്‍പണവുമാണ് തീര്‍ത്ഥാടനസങ്കല്പത്തെ ധന്യധന്യമാക്കിയിരുന്നത്. ഇന്ന് സങ്കല്പങ്ങളില്‍ കുറേയൊക്കെ വ്യതിയാനം സംഭവിച്ചുപോയെന്നത് വിസ്മരിക്കേണ്ട കാര്യമല്ല. വൈദ്യന്‍ നമസ്‌കരിച്ച് എണീറ്റു നിന്നു. നാല്പത്തിയഞ്ചുകൊല്ലമായി ആശ്രമവളപ്പിനു പുറത്തു പോകാത്ത സ്വാമിജി പമ്പയില്‍ വച്ചുകാണാമെന്ന് പറഞ്ഞത് വൈദ്യന് ചിന്താ വിഷയമായി. എങ്കിലും സ്വാമിജിയുടെ സാന്നിദ്ധ്യം സംരക്ഷണത്തിനുണ്ടാകുമെന്ന വിശ്വാസത്തോടെ അദ്ദേഹം ശബരിമലയിലേക്ക് തിരിച്ചു. പമ്പയില്‍ ഇരുമുടികളിറക്കി സന്ധ്യാരാധന കഴിഞ്ഞ് ആഹാരവും കഴിച്ചു. ഉറങ്ങാതെ ശരണം വിളിച്ചുകൊണ്ട് രാത്രി കഴിച്ചുകൂട്ടി. നേരംപുലര്‍ന്ന് കുളികഴിഞ്ഞ് ആരാധന നടത്തി കാലത്തെയുള്ള ഭക്ഷണവും കഴിഞ്ഞ് വീണ്ടും കെട്ടുമുറുക്കി സ്വസ്ഥാനത്ത് വച്ചു. പോകുന്നതിനു കുറച്ചുമുമ്പ് ഒരു വലിയതവള കെട്ടിനുപുറത്തിരിക്കുന്നതുകണ്ടു. ചത്തുപോകാത്ത വണ്ണം അയ്യപ്പന്മാര്‍ അതിനെ അല്പമകലത്തേക്ക് നീക്കിയെറിഞ്ഞു. യാത്രയ്ക്കുവേണ്ട ഒരുക്കങ്ങളില്‍ വ്യാപൃതരായി. വീണ്ടും ആ തവളയെ കെട്ടിനുപുറത്തു കണ്ടു. അവര്‍ വീണ്ടും അതിനെ നീക്കിയെറിഞ്ഞു. മൂന്നാമതായും തവളയെ കണ്ടു. ഒരു ചെറുവള്ളികൊണ്ട് അകലെയൊരു വള്ളിയില്‍ കെട്ടിയിട്ട് ഇരുമുടിക്കെട്ടുകളുമായി യാത്രയായി. സ്വാമിജിയെപ്പറ്റിയുള്ള സംസാരവും അവിടെയുണ്ടായി. ശരണം വിളികളോടെ നീലിമല ചവിട്ടി അയ്യപ്പദര്‍ശനം കഴിഞ്ഞ് മടങ്ങി. ക്ലേശങ്ങളൊന്നുമില്ലാതെ വീടുകളില്‍ തിരിച്ചെത്തി. വൈദ്യന്‍ മാല ഊരുന്നതിനുമുമ്പ് സ്വാമിദര്‍ശനത്തിന് ആശ്രമത്തിലെത്തി. ”സ്വാമി വരാം എന്നുപറഞ്ഞിട്ട് ഞങ്ങള്‍ക്ക് കാണാന്‍ പറ്റിയില്ല” എന്നിങ്ങനെ അദ്ദേഹത്തിന്റെ സങ്കടം അറിയിച്ചു. അപൂര്‍വമായി കാണാറുള്ള അല്പം ഉറച്ച ചിരിയോടെ സ്വാമിജി മറുപടി പറഞ്ഞു: ”ഞങ്ങള്‍ വന്നിരുന്നടോ. നിങ്ങള്‍ എടുത്തെറിഞ്ഞു. പറഞ്ഞുപോയല്ലോന്ന് കരുതി വീണ്ടും വന്നു. അപ്പോഴും ഞങ്ങളെ നീക്കിയെറിഞ്ഞു. മൂന്നാംതവണ വന്നപ്പോള്‍ എളിയല്‍ കെട്ടിയിട്ട് നിങ്ങള്‍ നിങ്ങളുടെ പാട്ടിനുപോയി”. വൈദ്യന് തവളയും സംഭവങ്ങളും പെട്ടെന്ന് ഓര്‍മവന്നു. ”അയ്യോ വൈദ്യന് തവളയും സംഭവങ്ങളും പെട്ടെന്ന് ഓര്‍മവന്നു ”അയ്യോ സ്വാമിജി” എന്നു നിലവിളിച്ച്  നിലംപതിക്കാന്‍തുടങ്ങി. വൈദ്യനെ താങ്ങിക്കിടത്തി. വൈദ്യന്റെ കണ്ണില്‍നിന്ന് ധാരധാരയായി കണ്ണുനീരൊഴുകി. തീര്‍ത്ഥജലം ഒഴിച്ച് സ്വാമിജി വൈദ്യനെ സാന്ത്വനപ്പെടുത്തി. തൃക്കൈകള്‍കൊണ്ട് അനുഗ്രഹംനല്കി എഴുന്നേല്‍പ്പിച്ചു. വൈദ്യന്റെ ശ്രദ്ധ പ്രസ്തുത സംഭവത്തില്‍നിന്ന് മാറത്തക്കരീതിയില്‍ സ്വാമിജി മറ്റു വിശേഷങ്ങളെപ്പറ്റി ചോദിച്ചുകൊണ്ടിരുന്നു. ശാന്തമായെന്നറിഞ്ഞ ശേഷം സാധാരണകൊടുക്കാറുള്ള ”പാലൊഴിച്ച ചായ”യും മറ്റും കൊടുത്താശ്വസിപ്പിച്ചു പറഞ്ഞയച്ചു. മറ്റൊരു യാത്രയിലും ഞങ്ങള്‍ വരുമെന്നുള്ള സ്വാമിജിയുടെ വാക്ക് ശ്രദ്ധേയമായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പാദപൂജ