സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തില്‍ അച്യൂതാനന്ദനെതിരെ വിമര്‍ശനം

June 7, 2012 കേരളം

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്റെ വാക്കുകളും പ്രവൃത്തിയും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്നും പാര്‍ട്ടി ശത്രുക്കള്‍ പോലും ചെയ്യാത്ത രീതിയിലാണ് വിഎസ് പാര്‍ട്ടിയെ വെല്ലുവിളിച്ചതെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ താന്‍ പാര്‍ട്ടിക്കെതിരായി ഒന്നും ചെയ്തിട്ടില്ലെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും വിഎസ് വിശദീകരിച്ചു.
പാര്‍ട്ടി സെക്രട്ടറിയെയും പാര്‍ട്ടിയെയും ജനങ്ങളുടെ ഇടയില്‍ മോശമാക്കുന്ന രീതിയിലാണ് വിഎസ് പ്രതികരിച്ചത്. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കുണ്ടെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ വിഎസ് പ്രസ്താവനകള്‍ നടത്തിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സെക്രട്ടറിയറ്റ് അംഗങ്ങള്‍ പറഞ്ഞു. ആരും വിഎസിനെതിരെ നടപടി എന്ത് വേണമെന്ന് ആവശ്യപ്പെട്ടില്ല.
മറുപടി പറഞ്ഞ വിഎസ് അച്യുതാനന്ദന്‍ സ്വയം ന്യായീകരിച്ചു. ടി.പി. ചന്ദ്രശേഖരന്റെ മരണശേഷവും അദ്ദേഹത്തെ കുലംകുത്തി എന്ന് വിളിച്ചത് ശരിയായില്ല. കേസ് അന്വേഷണത്തെ കോടതിക്കു വെളിയില്‍ നേരിടുന്ന രീതിയോടും യോജിപ്പില്ലെന്ന് വിഎസ് അച്യുതാനന്ദന്‍ തുറന്ന് പറഞ്ഞു. വി എസ് തീര്‍ത്തും ഒറ്റപ്പെട്ട യോഗത്തില്‍ ഔദ്യോഗിക പക്ഷത്തിനെതിരെയും വിമര്‍ശനം ഉണ്ടായി. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം പാര്‍ട്ടി നേതാക്കള്‍ സ്വീകരിച്ച നിലപാടുകള്‍ പാര്‍ട്ടിയെ മോശമാക്കിയെന്ന് തോമസ് ഐസക്ക് പറഞ്ഞു. വി.എസ്. അച്യുതാനന്ദന്റെ കാര്യം കേന്ദ്രകമ്മിറ്റിക്ക് വിടാന്‍ തീരുമാനിച്ചാണ് സെക്രട്ടേറിയറ്റ് യോഗം പിരിഞ്ഞത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം