മന്ഥര

June 8, 2012 സനാതനം

*പി.മഹിളാമണി*
സ്‌നേഹത്തിന്റെ പരകോടിയില്‍ വിനാശത്തിന്റെ വിത്തുകള്‍ പാകുന്ന സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ പലപ്പോഴും ഉണ്ടാകാറുണ്ട്. പ്രിയപ്പെട്ടവര്‍ക്കുവേണ്ടി സ്‌നേഹാധിക്യത്താല്‍ മനുഷ്യമനസ്സ് എന്തുതന്നെ ചെയ്യില്ല? അന്ധമായ താത്പര്യം സ്വന്തം അസ്തിത്വത്തെപ്പോലും തകര്‍ത്തെന്നുവരാം. കുടുംബത്തിന്റെ ഭദ്രതയെ ഉന്മൂലനാശത്തിലേക്ക് വലിച്ചിഴക്കാം. ജനങ്ങളെയം രാജ്യത്തെയും മാത്രമല്ല, ചരിത്രത്തെപ്പോലും മാറ്റിമറിക്കുന്ന ദുര്യോഗത്തിനിരയായി ഭവിക്കാം. വളരെ നിസ്സാരമായ വാക്കുകളിലും പ്രവൃത്തികളിലും നിന്നാണ് ദുരന്തത്തിന്റെ വിത്ത് കിളിര്‍ത്തു പൊന്തുന്നത്.

മന്ഥര!
ഏതോ ദുര്‍ദേവതയുടെ വിളയാട്ടത്തിന് നിന്നുകൊടുക്കേണ്ടിവന്ന കബ്ജയായ ആ സ്ത്രീയുടെ മനസ്സ്, ഒരു കുടുംബത്തിന്റെ, ഒരു രാജ്യത്തിന്റെ ശാപകഥയായല്ലോ! മന്ഥരയുടെ ചിത്തവൃത്തിയുടെ അനന്തഫലം എന്തായിരുന്നു? അയോദ്ധ്യ യോദ്ധ്യഭൂമിയായി. രാമചന്ദ്രമഹാരാജാവ് രാജോശൂന്യനായി. എന്നാല്‍, മന്ഥരയില്ലെങ്കില്‍ രാമായണം കഥ ഉണ്ടാകുമായിരുന്നില്ല എന്ന സത്യം അവശേഷിക്കുന്നു. അത് അംഗീകരിക്കുമ്പോഴാണ് ജീവിതത്തിന്റെ അന്തഃസത്തയിലേക്ക് മനുഷ്യന്‍ എത്തിച്ചേരുന്നത്.

രാജ്യതന്ത്രത്തിന്റെ നിഗൂഢമായ ഗണിതങ്ങള്‍ എന്നും തകര്‍ക്കപ്പെട്ടു. മന്ഥര കേവലം ഒരു സ്ത്രീയല്ല. അത് ഒരാശയമാണ്. ഇന്നും രാഷ്ട്രവ്യവഹാരത്തിന്റെ കാണാമറയത്ത് നിന്നു ചരടുവലിക്കുന്ന പ്രതിഭാസമാണ് മന്ഥര. പക്ഷേ ഇന്നത്തെ മന്ഥരമാര്‍ക്ക് രാമായണത്തിലെ മന്ഥരയെപ്പോലെ ആത്മാര്‍ത്ഥതയോ നീതിബോധമോ ഇല്ല എന്നുമാത്രം.

നിസ്തുലയായ ദാസിയായി, ഒരു തോഴിയായി, സര്‍വോപരി വളര്‍ത്തമ്മയായി മന്ഥര കൈകേയിക്കു മുമ്പില്‍ എപ്പോഴുമുണ്ടായിരുന്നു. കൈകേയിയുടെ ഏതു ചോദ്യത്തിനും യുക്തിയുക്തമായി മന്ഥര മറുപടികൊടുത്തു. യഥാവസരം ശാസിക്കാനും മന്ഥര മറന്നില്ല. കൈകേയിയുടെ സന്തോഷം മാത്രമേ മന്ഥരയുടെ മനസ്സ് പ്രാര്‍ത്ഥിച്ചുള്ളൂ. മന്ഥരയുടെ പ്രവൃത്തികളെല്ലാംതന്നെ ആത്മാര്‍ത്ഥത നിറഞ്ഞതായിരുന്നു. പക്ഷേ ഫലമോ? ആര്‍ക്കുവേണ്ടി ഇതെല്ലാം ചെയ്തുവോ, ആ ഭരതന്‍ തന്നെയാണ് മന്ഥരയെ നിഷ്‌കരുണമായി ആട്ടിപുറത്താക്കിയത്. ലോകം മന്ഥരയെ പഴിച്ചു. പുലഭ്യം പറഞ്ഞു. മന്ഥരയുടെ ജീവിതം ശൂന്യതയിലേക്ക് വലിച്ചെറിയപ്പെട്ടതും അന്ധമായ സ്‌നേഹത്തിന്റെ കൈകള്‍ കൊണ്ടണ്. മന്ഥര ആഭിചാര്യത്തിന്റെ പര്യായമായി. ഏഷണിയും ഗൂഢതന്ത്രവും കൊണ്ടു നടക്കുന്ന ദുഷ്ടയായി. എല്ലാത്തിനും കാരണമായി ഭവിച്ചത് മതിമറന്ന ധാത്രീഭാവമായിരുന്നില്ലേ? അന്ന് സാകേതരാജാവായിരുന്ന ദശരഥന്‍ കേകയത്തിലെ രാജകുമാരിയെക്കണ്ട് മയങ്ങിവീഴുന്നതിനു മുമ്പുതന്നെ മന്ഥര കൈകേയിയുടെ ധാത്രിയായിരുന്നു; സഖിയായിരുന്നു, തോഴിയും ഉപദേശകയുമായിരുന്നു. രാജകുടുംബത്തില്‍ മന്ഥരയുടെ സ്ഥാനം അനുപമമായിരുന്നു. അതുകൊണ്ടാണ് തന്റെ പുത്രിയോടൊപ്പം മന്ഥരയും പോകണമെന്ന് കേകയരാജാവ് നിര്‍ബന്ധിച്ചതും. രാജാവ് നിര്‍ബന്ധിച്ചില്ലെങ്കില്‍ പോലും മന്ഥര കൈകേയിയുടെ കൂടെ പോകുമായിരുന്നു.

സൂര്യവംശരാജാവായ ദശരഥന്‍ കൈകേയിക്കണ്ട് ഭ്രമിച്ചു വശായപ്പോള്‍ കേകയന്‍ പറഞ്ഞു.

‘… അങ്ങനെയാണെങ്കില്‍ നമുക്കൊരു വ്യവസ്ഥവേണം എന്റെ പുത്രിക്കുണ്ടാകുന്ന കുമാരനെ രാജ്യാവകാശിയാക്കാമെന്ന് സത്യം ചെയ്യണം…’
കാമത്തിന്റെ നദിയില്‍ വീണുപോയ ദശരഥന്‍ സത്യം ചെയ്യാതിരിക്കുന്നതെങ്ങനെ? ദശരഥന് അന്ന് പുത്രരാരുമില്ലായിരുന്നു. കേകയരാജാവിന്റെ വ്യവസ്ഥയനുസരിച്ച് ദശരഥമഹാരാജാവ് സത്യം ചെയ്തു. ഈ വ്യവസ്ഥ അയോദ്ധ്യാ നിവാസികള്‍ക്കെല്ലാം അറിവുണ്ടായിരുന്നതു കൊണ്ടാവാം, ഒരു വിദേശരാജകുമാരിയുടെ പുത്രന്‍ രാജാവാകുന്നത് തടയാന്‍വേണ്ടി ഭരതനെ അമ്മടത്തേയ്ക്കയച്ചശേഷം രാമാഭിഷേകം നടത്താന്‍ തുനിഞ്ഞത്?

രക്ഷാനടപടികളെല്ലാം ചെയ്തിട്ടുണ്ടെങ്കിലും കൈകേയിയെ തനിച്ച് ഭര്‍തൃരാജ്യത്തിലേക്കയക്കാന്‍ കേകയരാജാവിന് ധൈര്യമില്ലായിരുന്നു. മന്ഥര സ്വദേശത്തെയും സ്വജനങ്ങളെയും വിട്ടുകൊണ്ട് തികച്ചും ഒരടിമയെപ്പോലെ കൈകേയിയുടെ കൂടെ പോന്നു. കൈകേയി എന്ന വളര്‍ത്തുമകളെ ഓര്‍ത്ത് അവളുടെ സന്തോഷത്തെ കരുതി. അയോദ്ധ്യയിലെ അന്തഃപുരസ്ത്രീകള്‍ക്ക് മന്ഥരെയ പുച്ഛമായിരുന്നു. മറ്റു രാജ്ഞിമാര്‍ അകാരണമായി അവളെ വെറുത്തു ദാസികള്‍ പരിഹാസത്തോടെ പെരുമാറി. എല്ലാം സഹിച്ചുകൊണ്ട്, അവളുടെ യജമാനത്തിക്കുവേണ്ടി, മന്ഥര അയോദ്ധ്യയില്‍ കഴിഞ്ഞു.

കൈകേയിയുടെ അംഗലാവണ്യങ്ങളില്‍ ദശരഥരാജാവ് വീണു എന്നത് സത്യമാണെങ്കിലും അദ്ദേഹത്തിന്റെ മൂത്തപുത്രനായ ശ്രീരാമനോട് അതിലുപരി പ്രേമമുണ്ടെന്ന വസ്തുത മന്ഥരയുടെ കണ്ണുകള്‍ കണ്ടുപിടിച്ചു. രാമന് അനുകൂലമാണ് അയോദ്ധ്യവാസികളുടെയും രാജാവിന്റെയും ഇംഗിതം കിടക്കുന്നതെന്ന് കാലഘട്ടത്തിന്റെ കാല്‍പ്പെരുമാറ്റം കാലേക്കൂട്ടി മനസ്സിലാക്കാന്‍ ത്രാണിയുള്ള മന്ഥര അറിഞ്ഞു. ആ പോക്ക് തന്റെ വളര്‍ത്തുപുത്രിയായ കൈകേയിക്ക് ദോഷമായി ഭവിക്കും. മാത്രമോ? കേകയരാജ്യത്തിന്റെ മഹിമയ്ക്കും കോട്ടംതട്ടും.

അതിസൂക്ഷ്മതയോടെ നോക്കിയിരിക്കുകയായിരുന്നു മന്ഥര. പക്ഷേ, കണ്ടുപിടിച്ചപ്പോള്‍ അല്പം താമസിച്ചുപോയി. ശ്രീരാമന്‍ രാജാവാകാന്‍ പോകുന്നു? ഇനി ഒട്ടുംതന്നെ സമയമില്ല. ഗൂഢതന്ത്രംകൊണ്ട് തോല്പിക്കുക. വഞ്ചനയെ ക്രൂരതകൊണ്ട് നേരിടുക. പതിവുപോലെ മാതൃഗൃഹസന്ദര്‍ശനത്തിന് ഭരതനും ശത്രുഘനനും പോയ സന്ദര്‍ഭം.

‘ഇപ്പുരത്തിങ്കല്‍നിന്നെന്നു ഭരതന്‍ നടകൊണ്ടുവോ

അന്നേ നിന്നഭിഷേകത്തിന്‍ കാലമായെന്നു മന്മതം’

എന്ന് ദശരഥന്‍ രാമനോട് പറയുന്നതിന്റെ അര്‍ത്ഥം ഒരു ഗൂഢാലോചനയുടെ ഭാഗമാണ്.

എന്തെങ്കിലും ആഘോഷങ്ങളുടെ സൂചനയൊന്നുമില്ല. കൈകേയി പതിവുപോലെ സന്തോഷചിത്തയായി ദശരഥനെ കാത്തിരിക്കുന്നു. മന്ഥര അപ്പോഴാണ് അത് കണ്ടത്. കൊടിതോരണങ്ങളാല്‍ നഗരവീഥി അലങ്കരിക്കപ്പെടുന്നു. ആനയമ്പാരികള്‍ ഘോഷയാത്രയുടെ വേഷങ്ങളണിയുന്നു. കൗസല്യാലയത്തില്‍ ആഹ്ലാദത്തിന്റെ ഇരമ്പമുയരുന്നു. ഹര്‍ഷപുളകിതയായ ഒരു ദാസിയോട് മന്ഥര ചോദിച്ചു. എന്താണ് ഇത്ര വിശേഷം? അയോദ്ധയിലെ ആ ധാത്രി ആഹ്ലാദത്തിമര്‍പ്പോടെ പറഞ്ഞു.

‘അറിഞ്ഞില്ലേ?….. നാളെ ശ്രീരാമന്റെ രാജ്യാഭിഷേകമാണ്’ …. മന്ഥര കോപം കൊണ്ട് ജ്വലിച്ചു ഞെട്ടി. എങ്കിലും യാതൊരു ഭാവഭേദവും പ്രകടിപ്പിക്കാതെ അവള്‍ മട്ടുപ്പാവില്‍ നിന്ന് ഓടിയിറങ്ങി. രാമന്റെ രാജ്യാഭിഷേകം… ഭരതന്റെയല്ല… അത് തീര്‍ച്ഛയായും നടക്കുകയില്ല…. അവള്‍ മനസ്സില്‍ പറഞ്ഞു. ദ്വേഷത്തെക്കാള്‍ പകയായിരുന്നു മന്ഥരയ്ക്ക്.

ചക്രവാകം പോലെ മന്ഥര കൈകേയിയുടെ അന്തഃപുരത്തിലേക്ക് പാഞ്ഞുചെന്നു. അവള്‍ കൈകേയിയെ അടിച്ചുണര്‍ത്തിക്കൊണ്ട് ശാസിച്ചു. ‘….. ഭാഗ്യം കെട്ടവളെ…..’
‘എന്തുപറ്റീ മന്ഥരേ…’
കൈകേയി പരിഭ്രമിച്ചു.
മന്ഥരക്ക് കലി കയറുകയായിരുന്നു.

‘… രാജാവിന്റെ പ്രിയതമ കൈകേയി?  രാജ്യകാര്യങ്ങളുടെ ഉപദേഷ്ടാവല്ലേ…. നോക്ക്, നാശത്തിന്റെ വക്കിലാണ് നമ്മള്‍… രാമന്റെ അഭിഷേകം നാളെയാണ്… രാമന്റെ അഭിഷേകം.’

‘രാമന്റെ അഭിഷേകമോ…. അതിന് കോപിക്കുന്നതെന്തിന്?
‘ ഈശ്വരാ… എനിക്കെന്തു സന്തോഷമാണ്…’ ചെറിയൊരു മന്ദസ്മിതത്തോടെ താന്‍ അണിഞ്ഞിരുന്ന മാലയൂരി കൈകേയി മന്ഥരയ്ക്ക് സമ്മാനമായി കൊടുത്തു. മന്ഥര കോപാക്രാന്തയായി ആ മാല വലിച്ചെറിഞ്ഞിട്ടു പറഞ്ഞു.
‘ ഈ മാല എനിക്ക് വേണ്ട. കൗസല്യയുടെ ദാസിമാര്‍ക്ക് കൊണ്ടുചെന്നു കൊടുക്കൂ. രാമന്‍ രാജ്യം ഭരിക്കുമ്പോള്‍ കൗസല്യയാണ് രാജ്ഞി, നീയും ഭരതനും അവരുടെ അടിമകള്‍ രാമന്റെ പത്‌നി യുവരാജ്ഞിയാകും. ഭരതന്റെ ഭാര്യ അവളുടെ ദാസിയും….’

മന്ഥരയുടെ വാക്കുകള്‍ അമ്പുകളായി കൈകേയിയുടെ മനസ്സില്‍ തറഞ്ഞുവീണു. ‘കഷ്ടം തന്നെ.’ നിന്നെ രക്ഷിക്കാന്‍ വേണ്ടിയാണ് എല്ലാം ഉപേക്ഷിച്ച് ഞാന്‍ അയോദ്ധ്യയിലേക്കു പോന്നത്. രാമന്റെ അഭിഷേകം നടക്കുമ്പോള്‍ മന്ഥര തലതല്ലി ചാകും. സത്യം.

അങ്ങനെ സ്‌നേഹതീവ്രതയുടെ വില്ലില്‍നിന്ന് തൊടുത്തുവിട്ട വാക്ക്ശരങ്ങള്‍ എന്തെല്ലാം സംഭവങ്ങളാണ് വരുത്തിവെച്ചത്? കൈകേയിയുടെ ഹൃദയദൗര്‍ബല്യത്തിലേക്കു മന്ഥര കടത്തിവിട്ട വാക്കുകള്‍ കത്തി ജ്വലിച്ചു.

പിന്നീടെല്ലാം പെട്ടെന്നു കഴിഞ്ഞു. മന്ഥരയുടെ ഉപദേശങ്ങളെല്ലാം കൈകേയി നിറവേറ്റി. രാമന്‍ കാട്ടിലേക്കും ഭരതന്‍ സിംഹാസനത്തിലേക്കും നടന്നു. ദശരഥന്‍ മരണശയ്യയിലേക്കും.

പിതാവിനെ മൃത്യുവിലേക്ക് നടത്തിയിട്ട് ജ്യേഷ്ഠനെ കാട്ടിലേക്ക് വിട്ടുകൊണ്ട് രാജ്യത്തെ സങ്കടപ്പെടുത്തിയിട്ട് പിടിച്ചടക്കിയ രാജ്യം തിരസ്‌കരിക്കാന്‍ മാത്രം സന്മസുള്ളവനായിരുന്നു ഭരതന്‍. സ്വന്തം മാതാവിനെപ്പോലും നിരസിച്ച ധീരന്‍.

രാജ്യതന്ത്രത്തിന്റെ നിഗൂഢമായ ഗണിതങ്ങള്‍ എന്നും തകര്‍ക്കപ്പെടും. മന്ഥര കേവലം ഒരു സ്ത്രീയല്ല അത് ഒരാശയമാണ്. ഇന്നും രാഷ്ട്രവ്യവഹാരത്തിന്റെ കാണാമറയത്ത് നിന്ന് ചരടുവലിക്കുന്ന പ്രതിഭാസമാണ് മന്ഥര. പക്ഷേ ഇന്നത്തെ മന്ഥരമാര്‍ക്ക് രാമായണത്തിലെ മന്ഥരയെപ്പോലെ ആത്മാര്‍ത്ഥതയോ നീതിബോധമോ ഇല്ല എന്നുമാത്രം.

രാമായണത്തിലെ മന്ഥരേ, നീ ഞങ്ങളെ പഠിപ്പിച്ചത് ഒരു പൗരന്റെ, ഒരു രാജ്യത്തിന്റെ കഥയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം