ചന്ദ്രശേഖരന്‍വധം: മുഖ്യപ്രതി അറസ്റ്റില്‍

June 8, 2012 കേരളം

ടി.കെ രജീഷ്

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍വധക്കേസിലെ മുഖ്യപ്രതി ടി.കെ. എന്ന ടി.കെ. രജീഷ് അറസ്റ്റില്‍. കൊല നടത്തിയ ഏഴംഗസംഘത്തിലെ പ്രധാനിയായ രജീഷിനെ മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍നിന്നാണു പ്രത്യേക അന്വേഷണസംഘം കസ്റഡിയിലെടുത്തത്. ചന്ദ്രശേഖരനെ വധിച്ചശേഷം കൂത്തുപറമ്പിലേക്കു കടന്നു പിറ്റേന്നു കര്‍ണാടകയിലേക്കു പോയ രജീഷ് പിന്നീടു മുംബൈയിലെത്തുകയായിരുന്നു. ടി.കെ. രജീഷിനെ സഹായിച്ച മൂന്നുപേരെയും പോലീസ് കസ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണസംഘം രജീഷിനെ വടകരയിലെത്തിച്ചിട്ടുണ്ട്. ഇയാളെ ഇന്നു വടകര ഫസ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഇയാളുടെ ഒളിത്താവളത്തെക്കുറിച്ചു പോലീസ് വ്യക്തമായ സൂചന നല്കിയിട്ടില്ലെങ്കിലും മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍നിന്നാണു കസ്റ്റഡിയിലെടുത്തതെന്നറിയുന്നു. ഡിവൈഎസ്പി എ.പി. ഷൌക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘമാണു മൂന്നു ദിവസം മുമ്പു ടി.കെ. രജീഷിനെ കസ്റഡിയിലെടുത്തത്. രജീഷിനു മുംബൈയില്‍ ഒളിത്താവളം ഒരുക്കികൊടുത്തതുമായി ബന്ധപ്പെട്ടു കൂത്തുപറമ്പ് കരയാട്ടുപുറം കൊട്ടിയോടന്‍ അനില്‍(35), കൂത്തുപറമ്പ് കോട്ടയം പൊയില്‍ ലാലു(36), പാനൂര്‍ സ്വദേശിയും ഇപ്പോള്‍ പത്തനംതിട്ടയില്‍ താമസക്കാരനുമായ വത്സന്‍(45) എന്നിവരെയാണു രജീഷിനൊപ്പം അറസ്റ് ചെയ്തത്. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.രജീഷിനെയും ഇവരെയും ഒരുമിച്ചാണു പിടികൂടിയതെങ്കിലും രജീഷില്‍നിന്നു കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ പിടിയിലായ വിവരം രഹസ്യമാക്കി വയ്ക്കുകയായിരുന്നെന്നു കരുതുന്നു. കൊലപാതകത്തിനായി കൊടി സുനിയുടെ സംഘത്തെ ഏകോപിപ്പിച്ച രജീഷാണു കൃത്യം നടത്താനുള്ള പദ്ധതി തയാറാക്കിയതെന്നു നേരത്തേതന്നെ അന്വേഷണസംഘത്തിനു വിവരം ലഭിച്ചിരുന്നു. കണ്ണൂരിലെ ഒരു പ്രമുഖ നേതാവിന്റെ നിര്‍ദേശപ്രകാരമാണു തലശേരി പൊന്ന്യം സ്വദേശിയായ ടി.കെ. രജീഷ് ചന്ദ്രശേഖരനെ വധിക്കാനുള്ള ദൌത്യം ഏറ്റെടുത്തത്. കൃത്യം നടത്താനുള്ള പദ്ധതി തയാറാക്കിയതും ഗൂഢാലോചനയ്ക്കു നേതൃത്വം നല്കിയതും ഇയാളാണ്. ഒന്നര വര്‍ഷം മുമ്പു കിര്‍മാണി മനോജിനെ ഏല്‍പ്പിച്ച ദൌത്യം പാളിയതിനെത്തുടര്‍ന്നാണു ടി.കെ. രജീഷിനെ മുംബൈയില്‍നിന്നു വിളിച്ചുവരുത്തി ദൌത്യം ഏല്‍പ്പിച്ചത്. പത്തു വര്‍ഷത്തോളമായി മുംബൈയില്‍ താമസിക്കുന്ന രജീഷ് സിപിഎം നേതാക്കള്‍ ആവശ്യപ്പെടുമ്പോള്‍ നാട്ടിലെത്തി വ്യക്തമായ ആസൂത്രണത്തോടെ കൊലപാതകം നടത്തി തെളിവുകള്‍ അവശേഷിപ്പിക്കാതെ മുംബൈയിലേക്കു മുങ്ങുകയാണു പതിവ്. കൊല നടത്തുന്നതിനു മുമ്പും കൊലയ്ക്കു ശേഷവും ഇയാള്‍ കൂത്തുപറമ്പ് ഏരിയ കമ്മിറ്റി ഓഫീസില്‍ എത്തിയിരുന്നതായി നേരത്തേ പോലീസിനു വിവരം ലഭിച്ചിരുന്നു. അന്വേഷണസംഘത്തിനു പ്രധാന വെല്ലുവിളി ഉയര്‍ത്തിയിരുന്ന രജീഷിന്റെ അറസ്റോടെ കേസന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തി. കൊലയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച കൊടി സുനി, കിര്‍മാണി മനോജ്, എന്നിവരടക്കമുള്ളവരെക്കുറിച്ചും ഗൂഢാലോചനയ്ക്കു നേതൃത്വം നല്കിയവരെക്കുറിച്ചും ഇയാളില്‍നിന്നു കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനിടയുണ്ട്. കണ്ണൂര്‍ ജില്ലയിലെ മാഹി ഇരട്ടക്കൊല, ജയകൃഷ്ണന്‍വധം, രാജേഷ്വധം എന്നിവയുടെ മുഖ്യ ആസൂത്രകനെന്നു കരുതപ്പെടുന്ന ഇയാളില്‍നിന്ന് ഈ കൊലപാതകങ്ങളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നു പോലീസ് കരുതുന്നു. ചന്ദ്രശേഖരന്‍വധവുമായി ബന്ധപ്പട്ടല്ലാതെ രജീഷിനെതിരേ കേരളത്തില്‍ കേസില്ല. കൃത്യമായ ആസൂത്രണത്തോടെ ദൌത്യം നടത്തിയതിനുശേഷം മുംബൈയിലേക്കു മടങ്ങുന്ന ഇയാള്‍ അടുത്ത വിളി വരുന്നതുവരെ മുംബൈയില്‍ത്തന്നെ കഴിയാറാണു പതിവ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം