തെളിവു കിട്ടിയാല്‍ കെ.ടി. ജയകൃഷ്ണന്‍വധവും അന്വേഷിക്കും: ഉമ്മന്‍ചാണ്ടി

June 8, 2012 കേരളം

കണ്ണൂര്‍: യുവമോര്‍ച്ച നേതാവ് കെ.ടി. ജയകൃഷ്ണനെ പാനൂരിനടുത്തു മൊകേരിയില്‍ കുട്ടികളുടെ മുന്നി ല്‍ ക്ളാസ് മുറിയില്‍ കൊലചെയ്ത കേസില്‍ പുതിയ തെളിവുകള്‍ ലഭിച്ചാല്‍ പുനരന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.  സിപിഎമ്മിന്റെ ഉന്നത നേതാവായ എം.എം. മണി പഴയകേസുകളെക്കുറിച്ച് ആധികാരികമായി ചില വെളിപ്പെടുത്തലുകള്‍ നടത്തിയതുകൊണ്ടാണ് ഇടുക്കിയിലെ കൊലക്കേസുകള്‍ പുനരന്വേഷിക്കുന്നത്. ഇതേരീതിയിലുള്ള തെളിവ് ജയകൃഷ്ണന്‍ വധക്കേസില്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ചന്ദ്രശേഖരന്റെ ജീവനു ഭീഷണിയുണ്ടെന്ന് അറിഞ്ഞപ്പോള്‍ ത്തന്നെ സംരക്ഷണം നല്കാന്‍ സര്‍ക്കാര്‍ തയാറായതാണ്. ഇക്കാര്യം ചന്ദ്രശേഖരനുമായി സംസാരിച്ചിരുന്നു. എന്നാല്‍, സംരക്ഷണം സ്വീകരിക്കാന്‍ അദ്ദേഹം തയാറായില്ല.

ഭീരുവിനെപ്പോലെ ജീവിക്കാന്‍ താത്പര്യമില്ലെന്നാണ് അദ്ദേഹം അറിയിച്ചത്. ചന്ദ്രശേഖരനു ഭീഷണിയുണ്ടെന്നറിഞ്ഞിട്ടും സംരക്ഷണം നല്കാത്തതില്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും കുറ്റക്കാരാണെന്ന ആക്ഷേപത്തിനുള്ള മറുപടിയായാണ് ഉമ്മന്‍ ചാണ്ടി ഇക്കാര്യം പറഞ്ഞത്.

ചന്ദ്രശേഖരന്‍ വധക്കേസില്‍ ഗൂഢാലോ ചനയില്‍ ഉള്‍പ്പെട്ടവരടക്കമുള്ള യഥാര്‍ഥ പ്രതികളെ മുഴുവന്‍ കണ്ടെ ത്താനാണു പോലീസ് ശ്രമിക്കുന്നത്. ഇതുകൊണ്ടാണ് അന്വേഷണം നീളുന്നതും. ഒരു ഭീഷണിക്കും സര്‍ക്കാര്‍ വഴങ്ങില്ല.

ജയിലിനകത്തെ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങളും മറ്റും നീക്കംചെയ്യുന്നതിനു നിയമനിര്‍മാണത്തിന്റെ ആവശ്യമില്ല. തീരുമാനമെടുത്തു നടപ്പാക്കുക മാത്രം ചെയ്താല്‍ മതി. യുക്തമായ തീരുമാനം ഇക്കാര്യത്തില്‍ ഉടന്‍ കൈക്കൊള്ളുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം