നാട്ടാനകളുടെ വിവരവുമായി എലിഫന്റ് ഡാറ്റാബുക്ക് തയാറായി

June 8, 2012 കേരളം

നിലമ്പൂര്‍: നാട്ടാനകളുടെ ഉടമസ്ഥാവകാശ തര്‍ക്കം പരിഹരിക്കാനും മറ്റുമായി സംസ്ഥാനത്തെ നാട്ടാനകളുടെ വിവരവുമായി എലിഫന്റ് ഡാറ്റാബുക്ക് തയാറായി. വനംവകുപ്പാണ് ആനകളുടെ വിവരങ്ങള്‍ അടങ്ങിയ ഡാറ്റാ ബുക്ക് തയാറാക്കിയത്. ഇതനുസരിച്ച് സംസ്ഥാനത്ത് 700 നാട്ടാനകളുണ്ടെന്നാണ് വനംവകുപ്പിന്റെ കണക്ക്. ഇവയ്ക്കെല്ലാം ഡാറ്റാബുക്ക് തയാറാക്കി കഴിഞ്ഞു. ആനയുടെ വലിപ്പം, കൊമ്പിന്റെ നീളം, യഥാര്‍ഥ ഉടമ, മദപാട് സമയം, മുന്‍ ഉടമ, ആനയുടെ ഫോട്ടോ തുടങ്ങിയ വിവരങ്ങളെല്ലാം അടങ്ങിയ ഡാറ്റാബുക്കാണ് വനംവകുപ്പ് ഒരുക്കിയിരിക്കുന്നത്. വനംമന്ത്രിയുടെ നിര്‍ദേശപ്രകാരമാണിത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഒപ്പോടുകൂടിയാണ് ബുക്ക് തയാറാക്കിയിട്ടുള്ളത്. ആനകളുടെ ഉടമസ്ഥര്‍ക്കു ബുക്ക് വിതരണം ചെയ്തുതുടങ്ങി. മലപ്പുറം ജില്ലയിലെ ഡാറ്റാ ബുക്ക് നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷനില്‍ ഇക്കോ ഡെവലപമെന്റ് അഡീഷണല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ എന്‍.വി. ത്രിവേദി വിതരണം ചെയ്തു. ജില്ലയില്‍ 18 ആനകളാണുള്ളത്. ഇതില്‍ 15 എണ്ണത്തിനാണ് ഡാറ്റാ ബുക്ക് നല്‍കിയിട്ടുള്ളത്. ഒരു ജില്ലയില്‍ നിന്നു മറ്റൊരു ജില്ലയിലേക്ക് ആനയെ കൊണ്ടുപോകുമ്പോള്‍ അതതു ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാരുടെ പ്രത്യേക അനുമതി വേണം. എന്നാല്‍ ഡാറ്റാബുക്ക് കൈവശമുണ്ടെങ്കില്‍ ഈ നിയമത്തില്‍ ഇളവുണ്ടാകും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം