സഞ്ജയ് ജോഷി ബിജെപി ജനറല്‍ സെക്രട്ടറിസ്ഥാനം രാജിവച്ചു

June 8, 2012 ദേശീയം

ന്യൂഡല്‍ഹി: ബിജെപി ജനറല്‍ സെക്രട്ടറി സഞ്ജയ് ജോഷി പാര്‍ട്ടിയില്‍ നിന്നു രാജിവച്ചു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുമായുള്ള ഭിന്നത മൂലം രണ്ടാഴ്ച മുന്‍പ് ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നു ജോഷി രാജി വച്ചിരുന്നു. മുംബൈയില്‍ നടന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കണമെങ്കില്‍ ജോഷി രാജിവയ്ക്കണമെന്ന നിബന്ധന മോഡി ദേശീയ നേതൃത്വത്തിനു മുന്നില്‍ വച്ചിരുന്നു. ജോഷി എക്‌സിക്യൂട്ടീവില്‍ പങ്കെടുക്കില്ലെന്നറിഞ്ഞപ്പോഴാണ് മോഡി യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. മുന്‍ ആര്‍എസ്എസ് പ്രചാരക് ആയിരുന്ന ജോഷി പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയോടു തന്നെ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നു ജോഷി രാജി വയ്ക്കാന്‍ ഗഡ്കരിയും ഒരു കാരണക്കാരനായിരുന്നു. രാജിയോടു കൂടി നരേന്ദ്ര മോഡിക്ക് പാര്‍ട്ടിയില്‍ മേല്‍ക്കൈ ലഭിച്ചു. എന്നാല്‍ ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്നു ജോഷി രാജിവച്ചതോടെ ആര്‍എസ്എസ്- ബിജെപി നേതൃത്വങ്ങള്‍ തമ്മില്‍ ഭിന്നത ഉടലെടുത്തിരുന്നു. അന്നു മുതല്‍ ഇരു സംഘടനകളുടേയും വക്താക്കള്‍ ഇരുകൂട്ടര്‍ക്കും എതിരായും ഒപ്പം നിന്നും പ്രസ്താവനകളിറക്കിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം