സ്മാര്‍ട്‌സിറ്റി എക്‌സ്പീരിയന്‍സ്: എക്‌സ്പീരിയന്‍സ് പവിലിയന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

June 9, 2012 കേരളം

കൊച്ചി: സ്മാര്‍ട് സിറ്റിയുടെ ആദ്യ നിര്‍മിതിയും മാര്‍ക്കറ്റിങ് കം സെയില്‍സ് ഓഫിസുമായ എക്‌സ്പീരിയന്‍സ് പവിലിയന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. സ്മാര്‍ട് സിറ്റി ചെയര്‍മാനും വ്യവസായ മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി, ടീകോം ഗ്രൂപ്പ് സിഇഒ: അബ്ദുലത്തീഫ് അല്‍ മുല്ല, മന്ത്രി കെ.എം.മാണി, സ്മാര്‍ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, ജനപ്രതിനിധികള്‍, വ്യവസായി എം.എ.യൂസഫലി തുടങ്ങിയവര്‍ പങ്കടുത്തു.
പവിലിയന്‍ ഉദ്ഘാടനം നിര്‍വഹിച്ചതോടെ പദ്ധതിയുടെ നടപടികള്‍ ത്വരിതപ്പെടുമെന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. ആദ്യ കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും മുഖ്യമന്ത്രി തുടക്കമിട്ടു.
വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം സകഴിഞ്ഞ ഒക്‌ടോബര്‍ എട്ടിനു തറക്കല്ലിട്ട സ്മാര്‍ട് സിറ്റി പദ്ധതിയിലെ ആദ്യ നിര്‍മിതിയാണു പവിലിയന്‍. സ്വന്തം മന്ദിരത്തില്‍ സ്മാര്‍ട് സിറ്റി കമ്പനിയുടെ ആദ്യ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് യോഗവും ഇന്നു നടക്കുന്നുണ്ട്.
10,900 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പവിലിയന്‍ സ്റ്റീലും ഭാരം കുറഞ്ഞ റൂഫ് പാനലുകളും സ്റ്റീല്‍ ട്രെസും ഉപയോഗിച്ചാണു നിര്‍മിച്ചത്. റിസപ്ഷന്‍, മാര്‍ക്കറ്റിങ് ഓഫിസ്, മീറ്റിങ് ഹാളുകള്‍ തുടങ്ങിയവയുണ്ട്. പരിസ്ഥിതിസൗഹൃദനിര്‍മാണരീതിയാണ് സ്വീകരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
ആദ്യ കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണം 18 – 24 മാസത്തിനകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ചു വിജ്ഞാപനം വന്നാലുടന്‍ പദ്ധതിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റോഡ് ഷോ ആരംഭിക്കും. ബാംഗ്ലൂരില്‍ നിന്നാകും തുടക്കം. ഐടി, ഐടി അനുബന്ധ സംരംഭകരെ കര്‍ഷിക്കുകയാണു ലക്ഷ്യമെന്നു മാനേജിങ് ഡയറക്ടര്‍ ബാജു ജോര്‍ജ് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം