മഞ്ഞുമലകള്‍ ഇടിഞ്ഞ് ഗതാഗതം തടസപ്പെട്ടു

June 9, 2012 ദേശീയം

400 ഓളം പേരെ രക്ഷപ്പെടുത്തി

ജമ്മു: കശ്മീരില്‍ ശ്രീനഗര്‍-ലേ ദേശീയപാതയില്‍ കാര്‍ഡങ് ലാപാസ്സില്‍ ശക്തമായമലയിടിച്ചില്‍.  മലയിടിച്ചിലിനെ തുടര്‍ന്ന് വഴിയില്‍ അകപ്പെട്ടുപോയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള 400 ഓളം യാത്രക്കാരെ സൈന്യം രക്ഷപ്പെടുത്തി.  വലിയ തോതില്‍ മഞ്ഞുമലകള്‍ ഇടിഞ്ഞ് ഗതാഗതം തടസപ്പെടുകയായിരുന്നു. 10 കി.മീറ്റര്‍ ദൂരത്തേക്ക് മലയിടിച്ചില്‍ വ്യാപിക്കുകയും ചെയ്തു. ലോകത്തെ ഏറ്റവും ഉയരമുള്ള ഗതാഗതയോഗ്യമായ പാതകളിലൊന്നാണ് കാര്‍ഡങ് ലാപാസ് മേഖല.

കനത്ത മഞ്ഞുവീഴ്ച്ചയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ഈ 434 കിലോമീറ്റര്‍ ദേശീയപാത കഴിഞ്ഞ ഏപ്രിലിലാണ് വീണ്ടും തുറന്നത്. 150 ഓളം വാഹനങ്ങളാണ് വഴിയില്‍ കുടുങ്ങിയത്. പോലീസും സൈന്യവും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. ഇവര്‍ക്കുള്ള ആരോഗ്യസംവിധാനങ്ങളും താല്‍ക്കാലിക വാസസ്ഥലവും ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ടെന്ന് സൈനിക വക്താവ് അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം