വി.എസ് അച്യുതാനന്ദനെതിരെ അച്ചടക്ക നടപടി സ്വീകരിക്കേണ്ടെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി

June 10, 2012 ദേശീയം

ന്യൂഡല്‍ഹി: പരസ്യ പ്രസ്താവനകളുടെ പേരില്‍ വി.എസ് അച്യുതാനന്ദനെതിരെ അച്ചടക്ക നടപടി സ്വീകരിക്കേണ്ടെന്ന് ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന സി.പി.എം കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ വിഷയം ഉയര്‍ന്നുവെങ്കിലും സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥന കമ്മിറ്റിയിലും ആദ്യം വിശദമായ ചര്‍ച്ച നടത്താന്‍ കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.

സംസ്ഥാന നേതൃത്വം മാറണമെന്ന ആവശ്യം വി.എസ് യോഗത്തില്‍ ആവര്‍ത്തിച്ചുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിക്കെതിരായ നടപടി വൈകിയതില്‍ മറ്റുചില നേതാക്കളും സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വി.എസ് അച്യുതാനന്ദനും പിണറായി വിജയനും അടക്കമുള്ള നേതാക്കള്‍ കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു. യോഗം ചേരുന്നതിന് മുന്‍പ് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തിയിരുന്നു.

പശ്ചിമബംഗാളില്‍നിന്നുള്ള മുന്‍ എം.പി ബിമന്‍ ബോസിനെ പുറത്താക്കാനുള്ള സംസ്ഥാന ഘടകത്തിന്റെ തീരുമാനത്തിന് കേന്ദ്രകമ്മിറ്റി അംഗീകാരം നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം