ഗീതാ ഗോവിന്ദം

September 9, 2012 സനാതനം

വി.ജി.നായര്‍
ശ്രീകൃഷ്ണഭക്തന്മാരായ വൈഷ്ണവ കവികളില്‍ അഗ്രസ്ഥാനം വഹിക്കുവാന്‍ അര്‍ഹതയുള്ള ജയദേവരുടെ ‘ഗീതാഗോവിന്ദം’ എന്ന സംസ്‌കൃത ഗീതങ്ങളടങ്ങിയ പദ്യാവലി പരിപൂര്‍ണ്ണമായ ഭഗവല്‍ഭക്തിയെ പ്രകടിപ്പിക്കുന്ന ഏറ്റവും മനോഹരമായ കീര്‍ത്തനഗ്രന്ഥമാകുന്നു. കര്‍ണ്ണപീയൂഷവും, നമ്മുടെ ഹൃദയത്തിന്നു അളവറ്റ പരമാനന്ദത്തെ ഉളവാക്കുന്നതുമായ ജയദേവരുടെ ഗാനകീര്‍ത്തനങ്ങള്‍ ശ്രീകൃഷ്ണഭക്തയായ രാധയുടെ തുമ്പിതുളുമ്പുന്ന ഭഗവല്‍ ഭക്തി വാത്സല്യങ്ങളെ ഏറ്റവും ലളിതവും, അമൃത തുല്യവുമായ ഭാഷയില്‍ ഭഗവല്‍ ഭക്തന്മാരുടെ മനസ്സിനേയും, ഹൃദയത്തേയും, നിര്‍ഗുണമായ പരബ്രഹ്മ സ്വരൂപത്തില്‍ ലയിപ്പിച്ച് നിര്‍മ്മലമായ സച്ചിതാനന്ദ പീയൂഷത്തെ പാനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതും വിലമതിക്കുവാന്‍ സാധിക്കാത്തതും കമനീയവുമായ ഒരു പരിശുദ്ധ ഗ്രന്ഥമാകുന്നു. രാധികയുടെ ശ്രീകൃഷ്ണഭക്തി കായികമായ വിരഹദുഃഖമല്ല.

ഭഗവാനില്‍ ഐക്യം പ്രാപിച്ച് മോക്ഷം അടയുന്ന ആത്മീയമായ വിരഹദുഃഖമാകുന്നു. ശാന്തവും, ജനനമരണ ദുഃഖസാഗരത്തില്‍നിന്നും സ്വാതന്ത്ര്യം ലഭിക്കുവാന്‍ പ്രേരിപ്പിക്കുന്നതുമാകുന്നു. ഗോപസ്ത്രീകളുടെ വിരഹദുഃഖവും മോക്ഷം പ്രാപിക്കുവാന്‍ വേണ്ടി ഉപകരിക്കുന്ന ഭഗവല്‍ഭക്തിയാണെന്ന് ഉദ്ധവര്‍ ഭാഗവതപുരാണത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്. ശ്രീകൃഷ്ണഭഗവാന്റെ ദര്‍ശനംകൊണ്ടും, സേവനംകൊണ്ടും, പരിചയംകൊണ്ടും, സര്‍വ്വസംഗപരിത്യാഗം കൊണ്ടും ലഭിക്കുവാന്‍ സാധ്യതയുള്ള ഗോപസ്ത്രീകളുടെ ശ്രീകൃഷ്ണനിലുള്ള ഭക്തിയുടേയും വാത്സല്യത്തിന്റേയും ഏക ഉദ്ദേശം മോക്ഷപ്രാപ്തിയായിരുന്നുവെന്നും ഉദ്ധവര്‍ ഭാഗവതത്തില്‍ പറഞ്ഞിട്ടുണ്ട്. പരിപൂര്‍ണ്ണ അവതാരമൂര്‍ത്തിയും, കരുണാനിധിയും സര്‍വഗുണസമ്പന്നനും, അനാഥരക്ഷകനും, ദുഷ്ടനിഗ്രഹനും, സാധുരക്ഷകനും, ഭക്തന്മാര്‍ക്കു സര്‍വ്വാഭീഷ്ടദായകനും, ധര്‍മ്മോധാരകനുമായ ശ്രീകൃഷ്ണപരമാത്മാ മോക്ഷദായകന്‍ കൂടിയാണെന്ന ഭാഗവതപുരാണം, മഹാഭാരതം, ഭഗവദ്ഗീത, നാരായണീയം തുടങ്ങിയ പാവനഗ്രന്ഥങ്ങളില്‍ പ്രസ്താവിച്ചിരിക്കുന്നു. ‘എന്നെ ശരണം പ്രാപിക്കുന്ന ഭക്തന്മാര്‍ക്ക് യോഗക്ഷേമങ്ങള്‍ ഞാന്‍ പ്രദാനം ചെയ്യുമെന്ന്’ ശ്രീകൃഷ്ണന്‍ ഭഗവദ്ഗീതയില്‍ അരുളിചെയ്തിട്ടുണ്ട്.

എ.ഡി. ഒന്നാം ശതകത്തില്‍ അശ്വഘോഷന്‍ എന്നബുദ്ധഭിക്ഷു സംസ്‌കൃതത്തില്‍ രചിച്ച ‘ബുദ്ധചരിത്ര’ എന്ന ഗ്രന്ഥത്തെ ഈംഗ്ലീഷില്‍ ‘ഏഷ്യയുടെ ദീപം’ എന്ന നാമധേയത്തില്‍ തര്‍ജ്ജമ ചെയ്തിട്ടുള്ള മഹാപണിധിതനും, ലോകപ്രസിദ്ധനുമായ എഡ്‌വിന്‍ ആര്‍നോള്‍ഡ്’ (Sir Edwin Arnold) ഗീതാ ഗോവിന്ദഗ്രന്ഥത്തേയും ഇംഗ്ലീഷില്‍ തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗീതാഗോവിന്ദത്തെപറ്റി ‘ഗീതാഗോവിന്ദം’ സംസ്‌കൃതഭാഷയിലുള്ള സര്‍വ്വ കൃതികളിലും ഉന്നതസ്ഥാനം വഹിക്കുവാന്‍ അര്‍ഹതയുള്ള ഗീതങ്ങളടങ്ങിയ മഹനീയമായ ഒരു കീര്‍ത്തനഗ്രന്ഥമാകുന്നു. ജയദേവര്‍ സംഗീതകീര്‍ത്തനങ്ങള്‍ രചിച്ചിട്ടുള്ള സംസ്‌കൃതഭാഷാകവികളില്‍ അഗ്രസ്ഥാനം വഹിക്കുവാന്‍ യോഗ്യതയുള്ളമഹാകവിയാകുന്നു. ‘വില്യംജോണ്‍സ് എന്ന സംസ്‌കൃത പണ്ഡിതനും, ലാസ്സന്‍ എന്ന പണ്ഡിതനും പ്രസ്താവിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ ഏറെ ശ്ലാഘനീയമാകുന്നു. അവരുടെ അഭിപ്രായങ്ങള്‍ ഇപ്രകാരമാണ്. ‘ഗീതാഗോവിന്ദം’ എന്ന ഗാനഗീതങ്ങള്‍ അടങ്ങിയ സംസ്‌കൃതഗ്രന്ഥം നാടകരൂപത്തില്‍ അഭിനയിക്കാവുന്നതും, മനുഷ്യഹൃദയത്തെ പരമാനന്ദലഹരിയില്‍ താഴ്ത്തുവാന്‍ ശക്തിയുള്ളതുമാകുന്നു. സംഗീതത്തിനു ആവശ്യമുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് ഈ കീര്‍ത്തനം ആലപിച്ചാല്‍, അവ മനുഷ്യഹൃദയത്തെ പരിപൂര്‍ണ്ണമായി വിശദീകരിക്കുവാന്‍ ശക്തിയുള്ളവയാണ്. സംസ്‌കൃതസാഹിത്യചരിത്രം എന്ന ഉല്‍കൃഷ്ടമായ ഇംഗ്ലീഷ് ഗ്രന്ഥത്തിന്റെ കര്‍ത്താവായ ഡോക്ടര്‍ ബി.കെയ്ത്ത് ഇപ്രകാരം അഭിപ്രായപ്പെട്ടിരിക്കുന്നു. ‘ഗീതാഗോവിന്ദം’ സൗന്ദര്യവും കമനീയവുമായ ഗാനകീര്‍ത്തനങ്ങള്‍ അടങ്ങിയ ഒരു ആദിഗ്രന്ഥമാകുന്നു. പാശ്ചാത്യപണ്ഡിതന്മാരുടെ ഈ അഭിപ്രായങ്ങള്‍ വിലമതിക്കുവാന്‍ കഴിയാത്ത രത്‌നങ്ങളാണെന്നു നിസ്സംശയം പറയാം.

ശ്രീകൃഷ്ണഭക്തയായ മീരാഭായി എന്ന രാജപുത്ത് സന്യാസിനിയുടെ രാജസ്ഥാനി ഭാഷയിലുള്ള ഗാനകീര്‍ത്തനങ്ങളെയും തെലുങ്കിലും, സംസ്‌കൃതത്തിലും ഇടകലര്‍ന്ന് രചിക്കപ്പെട്ടിട്ടുള്ള ത്യാഗരാജകീര്‍ത്തനങ്ങളെയും, രാമലിംഗ അടികള്‍ എന്ന് ശൈവസന്യാസി തമിഴില്‍ രചിച്ചിട്ടുള്ള ‘തിരുഅരുള്‍പ്പ’ എന്ന ശിവസ്‌തോത്രങ്ങളായ വിരുത്തങ്ങളേയും ലീലാ ശുകവിരചിതമായ ‘നാരായണീയം’ എന്ന ഭട്ടതിരിയുടെ ദശാവതാരസ്‌തോത്രങ്ങളേയും ‘ഗീതാഗോവിന്ദ’ത്തേയും താരതമ്യപ്പെടുത്തി നോക്കിയാല്‍ ഗീതാഗോവിന്ദഗാനങ്ങള്‍ക്കു ഉന്നതസ്ഥാനം നല്കാമെന്നാണ് എന്റെ അഭിപ്രായം. മേല്‍പറഞ്ഞിട്ടുള്ള കീര്‍ത്തനങ്ങളെ പഠനം ചെയ്യുവാനും, ഗ്രഹിക്കുവാനും ആ കീര്‍ത്തനങ്ങളുടെ മാധുര്യത്തേയും മഹിമയേയും നല്ലപോലെ ആസ്വദിച്ച് ആനന്ദപരവശനായി തീരുവാനും എനിക്കു സാധിച്ചിട്ടുണ്ടെന്നു വിനയപൂര്‍വ്വം ഇവിടെ പറഞ്ഞുകൊള്ളുന്നു.

പാവനവും പരിശുദ്ധവുമായ ‘ഗീതാഗോവിന്ദം’ എന്ന പാരിജാതപുഷ്പത്തെ ഭാരതീയര്‍ക്ക്പ്രദാനം ചെയ്ത മഹാത്മാവായ ജയദേവകവിയുടെ ദിവ്യമായ ജീവിതചരിത്രത്തെ പറ്റിയുള്ള വിവരങ്ങള്‍ കുറച്ചുമാത്രമെ നമുക്ക് ലഭിച്ചിട്ടുള്ളൂ. ഇദംപ്രഥമമായി ‘ഭക്തമാല’ എന്ന ഹിന്ദി ഭാഷാഗ്രന്ഥത്തില്‍നിന്നാണ് ജയദേവകവിയെപ്പറ്റി ഒരു ചെറിയ തൂലികാചിത്രം നമുക്ക് ലഭ്യമായിട്ടുള്ളത്. ഈ ചരിത്രം ഐതിഹ്യങ്ങളെ ആസ്പദമാക്കി എഴുതപ്പെട്ടതായിരുന്നു. ശിലാലേഖനങ്ങളൊ, മറ്റു തെളിവുകളോ, ലക്ഷ്യങ്ങളോ, ഈ ചരിത്രത്തെ ബലപ്പെടുത്തിയിരുന്നില്ല. ഹിന്ദിയിലുള്ള ‘ഭക്തമാല’ പതിനേഴാം നൂറ്റാണ്ടില്‍ സംസ്‌കൃതത്തില്‍ തര്‍ജ്ജമ ചെയ്യപ്പെട്ടു. കാലക്രമേണ ‘ഭക്തമാല’ പല ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഹിന്ദി സംസ്‌കൃതം എന്നീരണ്ടു ‘ഭക്തമാല’ ഗ്രന്ഥങ്ങളിലും ജയദേവ കവിയെ പറ്റിയുള്ള പ്രസ്താവനകള്‍ വഭിന്നങ്ങളാകുന്നു. ഹിന്ദിഗ്രന്ഥത്തിലെ വിവരണപ്രകാരം ‘ഗീതാഗോവിന്ദം’ എന്ന മഹനീയ ഗ്രന്ഥത്തിന്റെ കര്‍ത്താവായ ജയദേവകവി ഒറീസ്സയിലുള്ള ജഗന്നാഥപുരിക്കു സമീപമുള്ള ബിന്ദുബാല്‍വാ എന്ന ഗ്രാമത്തില്‍ ആണ് ഭൂജാതനായത്.

മറ്റ് രണ്ട് വിവരണങ്ങള്‍കൂടി ‘ഭക്തമാല’യില്‍ പ്രസ്താവിച്ചിട്ടുണ്ട്. ഒന്നാമത്തെ പ്രസ്താവന പ്രകാരം ജയദേവ കവിയുടെ ജന്മസ്ഥലം, ബീഹാറിലുള്ള ബേലാന്‍ നദീതീരത്തില്‍ സ്ഥിതിചെയ്യുന്ന ജാന്‍ ജിനാപുരം എന്ന് പറയപ്പെടുന്ന ധര്‍ദീഗയിലാണെന്നും അദ്ദേഹം ത്രിഹൂടം എന്ന ഗ്രാമത്തില്‍ ഒരു മൈഥിലി ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച മഹാപുരുഷനാണെന്നും ത്രിഹൂട ഗ്രാമത്തിനു കെന്ദൂലി എന്ന് മറ്റൊരു നാമധേയവുംകൂടി ഉണ്ടെന്നും അറിയുവാന്‍ കഴിയുന്നു (ഇപ്പോള്‍ ധര്‍ഭംഗ എന്നു പേരുള്ള നഗരം പുരാതന കാലത്ത് മൈഥിലി എന്നുപേരുള്ള നഗരമായിരുന്നു. ഈ നഗരം ഗീതയുടെ ജന്മഭൂമിയായ മിഥില പട്ടണമാകുന്നു.

ധര്‍ഭംഗയെപറ്റിയും അഭിപ്രായങ്ങള്‍ ഈ ലേഖകന്റെ സ്വന്താഭിപ്രായങ്ങളാകുന്നു. ഭക്തമാലയിലുള്ളതല്ല ശ്രീ മനോമോഹന്‍ ചക്രവര്‍ത്തി എന്ന ബങ്കാളി പണ്ഡിതന്‍ ജയദേവകവിയുടെ ജന്മസ്ഥലത്തെപ്പറ്റി മറ്റൊരുവിധത്തിലാണ് റോയല്‍ ഏഷ്യാടിക്ക് സൊസൈറ്റി പ്രസിദ്ധീകരിക്കുന്ന മാസസഞ്ചികയില്‍ പ്രസ്താവിച്ചിരിക്കുന്നത്. ‘ഗീതാഗോവിന്ദം’ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ ജയദേവ കവിയുടെ ജന്മസ്ഥലം മിഥില അല്ല. മിഥിലയില്‍, 1400 എ.ഡി.ശതകത്തില്‍ ജയദേവ കവി എന്നു നാമധേയമുള്ള ഒരു ഭാഷാകവി ജീവിച്ച് വന്നിരുന്നു. ഈ ഭാഷാകവി, ‘ഗീതാഗോവിന്ദ’ത്തിന്റെ കര്‍ത്താവായ ജയദേവ കവിയാണെന്നു ചില വിദ്വാന്മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത് തെറ്റാകുന്നു. ഒറീസ്സയിലെ (ബിന്ദു ബില്‍വാ) എന്ന ഗ്രാമമാകുന്നു അദ്ദേഹത്തിന്റെ ജന്മസ്ഥലം എന്ന അഭിപ്രായവും തെറ്റാകുന്നു. അക്കാലത്ത് ഒറിയ ഭാഷാ കവിയായ ജയദേവന്‍ എന്നുപേരുള്ള ഒരു കവി ഒറീസ്സ അല്ലെങ്കില്‍ കലിംഗദേശം രാജാവിന്റെ സംസ്ഥാന കവിയായിരുന്നു. ഭാഷാകവിയായ ഈ ജയദേവന്‍, ‘ഗീതാഗോവിന്ദം’ കര്‍ത്താവായ ജയദേവ കവിയാണെന്ന് ചില വിദ്വാന്മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളതും ശരിയല്ല ബങ്കാളിലെ ബിര്‍ഭൂണ്‍ ജില്ലയില്‍ വിശ്വഭാരതി കലാശാലയില്‍നിന്നും) 22 നാഴിക ദൂരെയുള്ള കെന്ദൂലി എന്ന ഗ്രാമമാകുന്നു ജയദേവരുടെ ജന്മസ്ഥലമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ അഭിപ്രായം ശരിയാകുന്നു. ഈ അഭിപ്രായത്തെ സ്ഥാപിക്കുവാന്‍ ചില ശിലാലിഖിതങ്ങള്‍ ഉണ്ട് ഏകദേശം, 800 വര്‍ഷങ്ങള്‍ക്കു മുമ്പ് ‘ നവദ്വീപം’ എന്ന് നാമധേയമുള്ള പ്രദേശങ്ങളെ ഭരിച്ച് വന്നിരുന്നത് ലക്ഷ്മണസേനന്‍ എന്ന രാജാവായിരുന്നു.

നവദ്വീപ് നഗരത്തില്‍നിന്ന് കണ്ടെടുക്കപ്പെട്ട ഒരു ശിലാലേഖനത്തില്‍, ‘ഗീതാ ഗോവിന്ദ’ ത്തിന്റെ കര്‍ത്താവായ ജയദേവകവി, ലക്ഷ്മണസേനന്റെ സംസ്ഥാന കവിയാണെന്നു പ്രസ്താവിച്ച് കാണുന്നു. ഇദ്ദേഹത്തിന്റെ ജന്മസ്ഥലം ബിര്‍ഭൂണ്‍ ജില്ലയിലുള്ള കെന്ദൂലി ഗ്രമമാകുന്നുവെന്നും പ്രസ്താവിച്ചിട്ടുണ്ട്. ലക്ഷ്മണസേനന്റെ രാജകവികളായിരുന്നു ഉമാപതിധരന്‍, ശരണന്‍, ഗോവര്‍ദ്ധനന്‍, ധ്യോയികന്‍ എന്നീ കവികളുടെ സഹാചാര്യനായിരുന്നു ജയദേവ കവി എന്നും ശിലാലിഖിതത്തില്‍ കാണാം. ഈ കവികള്‍ വൈഷ്ണവന്മാരം, ശ്രീകൃഷ്ണഭക്തനമാരും ആയിരുന്നു. ഈ അഭിപ്രായത്തെ വിദ്വാന്മാര്‍ അംഗീകരിച്ചിട്ടുണ്ട്. ജയദേവകവി, ബങ്കാളിയാണെന്നു ഐക്യകണ്‌ഠേന ചരിത്രകാരന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും ഇവിടെ പ്രസ്താവിച്ചുകൊള്ളട്ടെ.

ഞാന്‍, ശാന്തിനികേതനത്തില്‍, ഒരു ഗവേഷകനായി അധിവസിച്ചിരുന്ന കാലത്ത് ജയദേവകവിയുടെ ജന്മസ്ഥലമായ കെന്ദൂലിഗ്രാമത്തെ സന്ദര്‍ശിച്ചിരുന്നു. ഈ ഗ്രമാത്തിനു സമീപം, അജായി എന്ന ഒരു നദി ഉണ്ട്. ഈ നദീതീരത്തില്‍ ‘രാധാബിനോദ്’ എന്നു പറയപ്പെടുന്ന ഒരു ശ്രീകൃഷ്ണ ക്ഷേത്രം ഉണ്ട്. ഇത് ജയദേവനിര്‍മ്മിതമാണത്രെ. ഈ ക്ഷേത്രം ജീര്‍ണ്ണദശയെ പ്രാപിച്ചപ്പോള്‍, ധര്‍ഭംഗയിലെ ഒരു മഹാരാജാവ്, സുമാര്‍ 300 വര്‍ഷങ്ങള്‍ക്കുമുമ്പ് പുനരുദ്ധാരണം ചെയ്തുവെന്ന് പ്രസ്താവിക്കുന്ന ഒരു ശിലാലേഖനം കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ജയദേവകവിയുടെ പാവനമായ മൃതദേഹം ദഹിപ്പിക്കുകയല്ല ചെയ്തത്. ഭൂമിക്കിടയില്‍ സമാധിയായി സ്ഥാപിക്കുകയാണ് ചെയ്തത്. ആ സമാധിസ്ഥലം ഇപ്പോഴും കെന്ദൂലിഗ്രാമത്തില്‍ നിലനിന്നുവരുന്നു. സമാധിക്കു ചുറ്റും അനേകം വൃക്ഷങ്ങളും മനോഹരമായ പൂച്ചെടികളും ഉണ്ട്. ഈ സമാധിയില്‍ എന്റെ ആദരാഞ്ജലി ഭക്തിപൂര്‍വ്വം ഞാന്‍ സമര്‍പ്പിച്ചു.

ജയദേവകവി ധ്യാനനിഷ്ഠയില്‍ ഇരിക്കുന്നതാണെന്നു പറയപ്പെടുന്ന ചതുരാകൃതിയിലുള്ള ഒരു കരിംകല്ല് അജായി നദീതീരത്തിലുണ്ട്. ഈ കല്ലിനെ ഒരു ചെറിയ ക്ഷേത്രത്തില്‍ സ്ഥാപിച്ചിരിക്കുന്നു. വൈഷ്ണവ ഭക്തന്മാരായ ബങ്കാളികള്‍ ഈ കല്ലിനെ പൂജിച്ചുവരുന്നു. ശ്രീകൃഷ്ണന്‍ ജയദേവ കവിക്ക് പ്രത്യക്ഷനായിരുന്നുവെന്നു ചില ബങ്കാളികള്‍ വിശ്വസിച്ചുവരുന്നു. ഇതിന്നു ചില ഐതിഹ്യങ്ങളുണ്ട്. സ്ഥലചുരുക്കത്താല്‍ ആ ഐതിഹ്യങ്ങളെ ഈ ലേഖനത്തില്‍ പ്രസ്താവിക്കുവാന്‍ സാധിക്കുന്നതല്ല. കെന്ദൂലിഗ്രാമത്തില്‍, ജയദേവകവിയുടെ സ്മരണക്കായി ഒരു വമ്പിച്ച ഉത്സവം വര്‍ഷംതോറും നടത്തിവരുന്നു. ഈ ഉത്സവത്തില്‍ ബങ്കാളിലെ പ്രഖ്യാതന്മാരായ ബാള്‍ എന്ന് പറയപ്പെടുന്ന സംഗീതവിദ്വാന്മാരായ ഗായകന്മാര്‍ രാധാകൃഷ്ണകീര്‍ത്തനങ്ങള്‍ പാടുക പതിവുണ്ട്. ഈ കീര്‍ത്തനങ്ങള്‍ കേള്‍ക്കുവാന്‍ ബങ്കാളിലെ നാനാഭാഗങ്ങളില്‍നിന്നും ഒരു വമ്പിച്ച ജനക്കൂട്ടം കെന്ദൂലി ഗ്രാമത്തില്‍ സന്നിഹതരാകും. ഇവരുടെ കീര്‍ത്തനങ്ങള്‍ പഴയ ബങ്കാളി ഭാഷയിലാകുന്നു.

രാജസ്ഥാന്‍പ്രദേശങ്ങളെ കീഴടക്കിയ അലാവുദ്ദീന്‍ ഖില്‍ജിയുടെ സഹോദരനു പടനായകനുമായ ഭക്തിയാര്‍ ഖില്‍ജി. സുമാര്‍ 700വര്‍ഷങ്ങള്‍ക്കുമുമ്പ് നവദ്വീപ് നഗരത്തെ ആക്രമിക്കുകയും ആ നഗരത്തെ അധീനപ്പെടുത്തുകയും ചെയ്തു. ജയദേവകവിയും അദ്ദേഹത്തിന്റെ കുടുംബങ്ങളും ഒറീസ്സയില്‍ രക്ഷപ്രാപിക്കുകയും ഭൂവനേശ്വരത്തില്‍ രാജകവിയായി നിയമിക്കപ്പെടുകയുംചെയ്തുവെന്നു ചരിത്രത്തില്‍ പ്രസ്താവിച്ചുകാണുന്നു. ഒറിയ ഭാഷയില്‍ എഴുതപ്പെട്ടിട്ടുള്ള ഒരു ശിലാലേഖനം പുരിക്കുസമീപം കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഈ ശിലാലേഖനത്തിന്റെ കാലം, എ.ഡി.1499, ജൂലായ് 17, പൂരി എന്ന് പ്രസ്താവിച്ചുകാണുന്നു. ഇത് ഒറീസ്സയിലെ രാജാവായ പ്രതാപരൂദ്രദേവന്റെ ശിലാലേഖനമാകുന്നുവെന്നു പുരാവസ്തുഗവേഷകന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ ശിലാലേഖനത്തില്‍ കാണുന്ന വിവരങ്ങള്‍ ഇപ്രകാരമാകുന്നു. ഒറീസ്സയില്‍ അധിവസിക്കുന്ന സര്‍വ്വനര്‍ത്തികികളും വൈഷ്ണവന്മാരായ സംഗീത വിദ്വാന്മാരും ജയദേവകവിയുടെ ‘ഗീതാഗോവിന്ദം കീര്‍ത്തനങ്ങള്‍ പഠനം ചെയ്യേണമെന്നും, ജഗനാഥപുരി ക്ഷേത്രത്തില്‍ ഗീതാഗോവിന്ദകീര്‍ത്തനങ്ങളല്ലാതെ മറ്റ് ഏത് കീര്‍ത്തനങ്ങളും ഗാനം ചെയ്യുവാന്‍ പാടില്ലെന്നുമുള്ള രാജകല്പനയാകുന്നു. ഈ കല്പന അനുസരിച്ച് ഇന്നും ജഗന്നാഥക്ഷേത്രത്തില്‍ ഗീതാഗോവിന്ദ കീര്‍ത്തനങ്ങള്‍മാത്രം ദിനംപ്രതി പൂജാകാലങ്ങളില്‍ പാടുന്ന സമ്പ്രദായം നിലനിന്നുവരുന്നു.

കേരളത്തില്‍ ‘ഗീതാഗോവിന്ദ’ കീര്‍ത്തനങ്ങളെ അഷ്ടപദി എന്നു വിളിച്ചുവരുന്നു. ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ അഷ്ടപദി പാടുന്നത് ഞാന്‍ പലപ്രാവശ്യം കേട്ടിട്ടുണ്ട്. ഈ കീര്‍ത്തനങ്ങള്‍ കേരളത്തിലുള്ള എല്ലാ ഹിന്ദു ഗൃഹങ്ങളിലും, ഉഷാകാലത്തില്‍ സ്ത്രീകള്‍ അദ്ധ്യയനം ചെയ്താല്‍, അവര്‍ക്ക് എല്ലാവിധ ശ്രേയസ്സും ലഭിക്കുമെന്നാണ് എന്റെ ആത്മീയമായ വിശ്വാസം. ജയദേവകവിയുടെ അന്ത്യപ്രാര്‍ത്ഥന ‘ഗീതാഗോവിന്ദ’ ത്തില്‍ കാണാം. അതു ഇപ്രകാരമാകുന്നു.

‘ഹേ! മഹാത്മാവായ ഹരി! മൈത്രീബന്ധത്തെ ബലപ്പെടുത്തുവാന്‍ ഉദ്യമിക്കുന്ന നിന്തിരുവടിയുടെ ദാസനായ ജയദേവന്റെ അഭ്യര്‍ത്ഥന ഇതാകുന്നു. അന്ധകാരം നിറഞ്ഞ ഈ ലോകത്തെ നിന്തിരുവടിയുടെ ശോഭകൊണ്ട് പരിശുദ്ധമാക്കണം. ഈ കൃതിയെ അദ്ധ്യയനം ചെയ്യുന്ന സര്‍വ്വരുടേയും കുറ്റങ്ങള്‍ക്ക് ക്ഷമായാചനം അങ്ങയുടെ ദാസന്‍ അഭ്യര്‍ത്ഥിക്കുന്നു. അവര്‍ക്കു സര്‍വ്വ മംഗളങ്ങളും, നിന്തിരുവടി പ്രദാനംചെയ്യുവാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം