ന്യൂനപക്ഷ ഉപസംവരണം: സ്റ്റേ നീക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

June 11, 2012 ദേശീയം

ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്ക് ഉപസംവരണം അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയ ആന്ധ്ര ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന കേന്ദ്രത്തിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള 27 ശതമാനം സംവരണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് 4.5 ശതമാനം ഉപസംവരണം ഏര്‍പ്പെടുത്തിയ നടപടിയാണ് ആന്ധ്ര ഹൈക്കോടതി റദ്ദാക്കിയിരുന്നത്. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ഉപസംവരണം ഏര്‍പ്പെടുത്തിയതെന്ന് ഹര്‍ജി പരിഗണിക്കവേ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു. 4.5 ശതമാനമെന്ന കണക്ക് എങ്ങനെ കിട്ടിയെന്ന് കേന്ദ്രം വ്യക്തമാക്കുന്നില്ലെന്നും ഹൈക്കോടതി ഉത്തരവ് സ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീംകോടതി പറഞ്ഞു. ബുധനാഴ്ച കേസ് പരിഗണിക്കുമ്പോള്‍ ഇതിന്റെ വിശദാംശങ്ങള്‍ ഹാജരാക്കണമെന്നും കേന്ദ്രത്തിന്റെ പ്രതിനിധിയോട് കോടതി നിര്‍ദേശിച്ചു. ഐഐടികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ നടക്കാനിരിക്കെ ഹൈക്കോടതിയുടെ വിലക്ക് താല്‍ക്കാലികമായി നീക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം. സര്‍വേയുടെ അടിസ്ഥാനത്തിലായിരുന്നു തീരുമാനമെന്നും ഇതിനെ തെറ്റായി നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ സ്റ്റേ എന്നുമായിരുന്നു കേന്ദ്രത്തിന്റെ വാദം.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം