മണിയുടെ പ്രസംഗം: സിഡി പരിശോധിക്കണമെന്ന ആവശ്യം കോടതി തള്ളി

June 11, 2012 കേരളം

കൊച്ചി: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം.എം. മണിയുടെ വിവാദ പ്രസംഗത്തിന്റെ സിഡി കോടതി പരിശോധിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. പ്രസംഗത്തിന്റെ പേരില്‍ തനിക്കെതിരേ രജിസ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മണി സമര്‍പ്പിച്ച ഹര്‍ജിയുടെ തുടര്‍ നടപടിയുടെ ഭാഗമായാണ് സര്‍ക്കാര്‍ ആവശ്യമുന്നയിച്ചിരുന്നത്. ഇതിനായി ഹൈക്കോടതിയില്‍ പ്രത്യേക ഹര്‍ജി നല്‍കിയ സര്‍ക്കാര്‍ പ്രസംഗത്തിന്റെ സിഡിയും കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ എഫ്ഐആറിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി എഫ്ഐആറിന്റെ നിയമവശങ്ങള്‍ മാത്രമാണ് പരിശോധിക്കുകയെന്ന് വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്ന് കേസ് വെള്ളയാഴ്ചത്തേക്ക് മാറ്റി. മണി വെളിപ്പെടുത്തിയ പതിമൂന്ന് കൊലപാതകങ്ങളില്‍ പത്തെണ്ണത്തിന്റെ വിശദാംശങ്ങള്‍ മറച്ചുവെച്ചുവെന്നും ഇത് കുറ്റകരമാണെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ മണിക്കെതിരേ കേസെടുക്കാന്‍ അവകാശമുണ്ടെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. തൊടുപുഴ പോലീസാണ് മണക്കാട് നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരില്‍ മണിക്കെതിരേ കേസ് രജിസ്റര്‍ ചെയ്തത്. കൊലയാളിയുടെ ഭ്രാന്തമായ ജല്‍പനമാണ് മണിയുടേതെന്നും മണിയുടെ കുറ്റസമ്മതം ഗൌരവമായി കാണണമെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം