ന്യൂനപക്ഷ ഉപസംവരണം: ആന്ധ്രപ്രദേശ് ഹൈക്കോടതി വിധിയെ സുപ്രീം കോടതി സ്റ്റേ ചെയ്യില്ല

June 13, 2012 ദേശീയം

ന്യൂഡല്‍ഹി: ന്യൂനപക്ഷ ഉപസംവരണം സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ദുര്‍ബലപ്പെടുത്തിയ ആന്ധ്രപ്രദേശ് ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. മതം മാത്രമാണോ സംവരണത്തിനുള്ള മാനദണ്ഡമെന്ന് കോടതി ആരാഞ്ഞു. ഇടക്കാല സ്‌റ്റേ വേണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്.

പിന്നാക്കക്കാര്‍ക്കുള്ള 27 ശതമാനം തൊഴില്‍, വിദ്യാഭ്യാസ സംവരണത്തിനുള്ളില്‍ നാലരശതമാനം ന്യൂനപക്ഷങ്ങള്‍ക്ക് നീക്കിവെച്ച ഉത്തരവ് ആന്ധ്രപ്രദേശ് ഹൈക്കോടതി ദുര്‍ബലപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഒ.ബി.സി. സംവരണത്തിനുള്ളില്‍ 4.5 ശതമാനം ഉപസംവരണം ഏര്‍പ്പെടുത്തി കഴിഞ്ഞകൊല്ലം ഡിസംബര്‍ 22 നാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യു.പി.എ. ഈ നടപടി സ്വീകരിച്ചത് ന്യൂനപക്ഷവോട്ടിന് വേണ്ടിയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. കേന്ദ്രഉത്തരവിനെതിരെ പിന്നാക്കവിഭാഗ നേതാവായ ആര്‍. കൃഷ്ണയ്യയാണ് ഹൈക്കോടതിയെ സമീപിച്ചത്. മതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് സംവരണം ഏര്‍പ്പെടുത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കേന്ദ്രഉത്തരവ് ഹൈക്കോടതി ദുര്‍ബലപ്പെടുത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം