വെള്ളിയാഴ്ച മുതല്‍ മഴ ശക്തമാകും

June 13, 2012 കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെക്കഴിഞ്ഞു മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ധ പാത്തി വലുതായിക്കൊണ്ടിരിക്കുന്നതിനാല്‍ ഇനിയുള്ള മണിക്കുറുകളില്‍ മഴ ശക്തിപ്രാപിക്കും. മണ്‍സൂണിന് മുമ്പ് അറബിക്കടലില്‍ ന്യൂന മര്‍ദ്ദപാത്തി ഉണ്ടാകാറുണ്ട്. ഇതു ഇത്തവണ രൂപപ്പെടാന്‍ താമസിച്ചതാണ് മണ്‍സൂണ്‍ വൈകാന്‍ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം ഡയറക്ടര്‍ ഡോ ബിജു പറയുന്നു. മണ്‍സൂണ്‍ എപ്പോഴൊക്കെ വൈകിയിട്ടുണ്ടോ അപ്പോഴെല്ലാം സംസ്ഥാനത്ത് നല്ല മഴ ലഭിച്ചിട്ടുണ്ട്. ഇത്തവണയും അത് ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നാലു മാസമാണ് മണ്‍സൂണ്‍. ജൂണ്‍-ജൂലൈ മാസങ്ങളില്‍ തെക്കന്‍ കേരളത്തിലും സെപ്റ്റംബര്‍ ആഗസ്റ് മാസങ്ങളില്‍ വടക്കന്‍ കേരളത്തിലും മഴ ശക്തമാകും. കേരളത്തിന്റെ സാഹചര്യമനുസരിച്ച് മണ്‍സൂണ്‍ കഴിയുന്നതോടെ തുലാവര്‍ഷമെത്തും. ഒക്ടോബര്‍ പത്തുമുതലാണ് കേരളത്തില്‍ തുലാവര്‍ഷം ആരംഭിക്കുക. ഇതുകാരണം കേരളത്തിന് എല്ലാ തവണയും നല്ല മഴ ലഭിക്കാറുണ്ട്. വേനല്‍ മഴ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കുറഞ്ഞതാണ് സംസ്ഥാനത്ത് അതി രൂക്ഷമായ ജല പ്രതിസന്ധി ഉണ്ടാക്കിയത്. മണ്‍സൂണ്‍ വൈകിയത് പ്രതിസന്ധി അല്‍പം കൂടി കൂടുവാനും ഇടയാക്കി. വടക്കന്‍ ജില്ലകളില്‍ തെക്കന്‍ ജില്ലകളിലേക്കാള്‍ അടുത്ത ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴ കൂടുതലായി ലഭിച്ചിട്ടുണ്ട്. തെക്കന്‍ ജില്ലകളില്‍ മഴ ഇതുവരെ കാര്യമായി പെയ്തിട്ടില്ല. ഇനിയുള്ള മണിക്കൂറുകളില്‍ ആകാശം മേഘാവൃതമായ അന്തരീക്ഷമായിരിക്കും. ഒറ്റപ്പെട്ട കനത്ത മഴ ഏതു നിമിഷവും ലഭിക്കാം. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ വരെ ശക്തമായ കാറ്റ് വീശാനും ഇടയുണ്ട്. ഇതിനാല്‍ മീന്‍പിടുത്തക്കാര്‍ ശ്രദ്ധിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം