തിരുവനന്തപുരത്തെ മാലിന്യ നീക്കം സുഗമമാക്കും: മുഖ്യമന്ത്രി

June 13, 2012 കേരളം

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ മാലിന്യനീക്കം സുഗമമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രണ്ടു ദിവസത്തിനകം നഗരത്തിലെ മുഴുവന്‍ മാലിന്യവും നീക്കം ചെയ്യുമെന്നും മാലിന്യം നീക്കം ചെയ്യുന്നതില്‍ നഗരസഭ പരാജയപ്പെട്ടാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മാലിന്യപ്രശ്നം ചര്‍ച്ച ചെയ്യാനായി തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരും. മാലിന്യ നിര്‍മാര്‍ജനത്തിലും പകര്‍ച്ചവ്യാധി നിയന്ത്രണത്തിലും തിരുവനന്തപുരം, കൊല്ലം, തൃശൂര്‍ ജില്ലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. സംസ്ഥാനത്ത് നാളെ അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരും. ജൂലൈ 31വരെ 47 ദിവസാമിയിരിക്കും നിരോധനം. കെഎംഎംഎല്ലിലെ ആറ് കാഷ്വല്‍ വര്‍ക്കേഴ്സിനെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു. വൈക്കം ചെമ്പില്‍ സ്കൂളിന് മുകളില്‍ മരം വീണ് പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സാ സഹായവും ധനസഹായവും നല്‍കാനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. തൃശൂര്‍-പൊന്നാനി കോള്‍പ്പാടശേഖരങ്ങളുടെ വികസനത്തിനായി വികസന സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചു. നിയമസഭ നേരെ ചൊവ്വേ സമ്മേളിച്ചാല്‍ പലതിനും മറുപടി പറയേണ്ടിവരുമെന്നതിനാലാണ് പ്രതിപക്ഷം നിയമസഭാ നടപടികള്‍ സ്തംഭിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം