ക്ഷണാദൂരാഗമം

June 13, 2012 പാദപൂജ

ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.

ഭൂതജയംകൊണ്ട് മനുഷ്യനുകഴിയുന്ന കാര്യങ്ങള്‍ ദേവന്മാര്‍ക്ക്‌പോലും ദു:സാദ്ധ്യമായിരുന്നുവെന്ന് സ്വാമിജിയുടെ ജീവിതത്തിലെ പല സംഭവങ്ങളെ അടിസ്ഥാനമാക്കി പറയുവാന്‍കഴിയും. ഭൗതികശാസ്ത്രത്തിന്റെ ചിന്താപദ്ധതിയനുസരിച്ചോ വസ്തുനിഷ്ഠമായ അപഗ്രഥനം കൊണ്ടോ കണ്ടെത്തുവാനോ തീരുമാനമെടുക്കുവാനോ കഴിയാത്ത അത്യുന്നതങ്ങളും അപ്രേമയങ്ങളുമായ അനുഭവങ്ങള്‍ അനവധിയുണ്ട്.

ഭാരതത്തിലെ അധ്യാത്മമണ്ഡലത്തില്‍ ഇത:പര്യന്തം പരിശോഭിക്കുന്ന മഹാഗുരുക്കന്മാരുടെ പാരമ്പര്യവും അനുഗ്രഹങ്ങളും ഏറ്റുവാങ്ങിയ ജനത സ്വന്തം ജീവിതത്തിലും സാമൂഹ്യജീവിതത്തിലും നന്മ നല്‍കാനാകാത്ത അലസത, അവഗണന, അവിശ്വാസം, അജ്ഞാനം എന്നിങ്ങനെയുള്ള നരകഗര്‍ത്തങ്ങളില്‍പ്പെട്ട് ഇന്നും ഉഴലുകയാണ്. യുഗാന്തരങ്ങളിലൂടെ സംഭവിക്കുന്ന മനുഷ്യജീവന്റെ ചാക്രികഭ്രമണം അവനവന്‍ സമ്പാദിച്ച കര്‍മ്മത്തിനനുസരണമായി ആവര്‍ത്തിച്ചും അനുവര്‍ത്തിച്ചും സുഖദു:ഖസമ്മിശ്രമായി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ജീവിതംകൊണ്ട് പരിഹാരം കാണുവാനും അവസാനമായ ഉത്തരംനല്‍കുവാനും കഴിയാത്ത പരിമിതിയില്‍ പെട്ടുഴലുന്നു. അഹന്തയും അവിവേകവും പടുത്തുയര്‍ത്തിയ അധികാരത്തിന്റെ ദന്തഗോപുരങ്ങള്‍ ചരിത്രത്തിന്റെ കാലചക്രഭ്രമണത്തില്‍പ്പെട്ട് ആഴ്ന്നടിഞ്ഞുപോയിട്ടും മനുഷ്യചിന്ത ഇന്നും അവിവേകത്തിന്റെ പാതതന്നെ പിന്തുടരുന്നു.

അധ്യാത്മശാസ്ത്രം നിയന്ത്രിച്ചും നിഷേധിച്ചും രൂപംകൊടുത്ത സവിശേഷചിന്തകള്‍പലതും ജീവിതത്തിന്റെ അനര്‍ത്ഥഗര്‍ത്തങ്ങളിലാണ്ടു പോയിരിക്കുന്നു. അധ:പതനത്തിന്റെ നെല്ലിപ്പലകയിലേയ്ക്കാഴ്ന്നുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ  ഗതികേടിന് കാലാനുസൃതമായ പരിഹാരംകാണാന്‍ കര്‍മഭൂവായ ഭാരതത്തില്‍ ഇന്നും മഹാപുരുഷന്മാര്‍ അവതരിക്കുന്നു. അവരുടെ ജീവിതത്തിലെ സാധാരണ സംഭവങ്ങള്‍ അനുഭവിച്ചറിഞ്ഞവര്‍ രേഖപ്പെടുത്തിയാലും അന്ധവിശ്വാസവും അവിശ്വാസങ്ങളുംകൊണ്ട് അവയെല്ലാം ധിക്കരിക്കുന്നത് പുരോഗതിയും ശാസ്ത്രവുമാണെന്ന് കരുതുന്ന അനേകങ്ങള്‍ ഇന്നുമുണ്ട്.

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ കര്‍മസോപാനങ്ങളിലൂടെ നടന്നുനീങ്ങാന്‍ കഴിഞ്ഞിട്ടുള്ള അനേകായിരങ്ങള്‍ ഇന്നും ഭാരതത്തിന്റെ വിവിധമണ്ഡലങ്ങളിലുണ്ട്. അനുസ്യൂതം നിലനില്‍ക്കുന്ന അനുഭൂതിയുടെ അവാച്യമണ്ഡലങ്ങളിലേക്ക് മനുഷ്യമനസ്സിനെ ഉയര്‍ത്തുവാനും ഉത്തേജിപ്പിക്കുവാനും കഴിയുന്ന എത്രയെത്ര അനുഭവങ്ങളാണ് ആ ജീവിതത്തില്‍നിന്ന് അടര്‍ത്തിയെടുക്കുവാനുള്ളത്. ഒരു സാധാരണമനുഷ്യന്റെ വൈകാരികമണ്ഡലവും ഒരു മഹാപുരുഷന്റെ സാധാരണജീവിതവും സൃഷ്ടിക്കുന്ന അന്തരം സമൂഹത്തില്‍ ഇന്നും അത്ഭുതങ്ങളായിത്തന്നെ തുടരുന്നു.

സ്വാമിജിയുടെ ലഘുവും ലളിതവുമായ ജീവിതത്തിലൂടെ സേവനത്തിന്റെയും സന്തുഷ്ടിയുടെയും മാര്‍ഗത്തിലേക്കുകടന്നുവരാന്‍ കഴിഞ്ഞ എത്രയോ പാപധനന്മാരുണ്ട്. അവരുടെ അനന്തരകാലജീവിതം സൃഷ്ടിച്ചിട്ടുള്ള വ്യത്യാസങ്ങള്‍ സമൂഹത്തിലെ നല്ലൊരുവിഭാഗത്തിന് അനുകരണീയമായും ഉത്തേജകമായും ഭവിച്ചിട്ടുണ്ട്. സ്വാമിജിയുടെ ജീവിതത്തിലെ പലസംഭവങ്ങളും അതിനുദാഹരണങ്ങളാണ്.

ശ്രീകാര്യം കവലയില്‍നിന്ന് ചെറുവയ്ക്കലേക്കുപോകുന്ന ഒരു റോഡുണ്ട്. അന്നതൊരു വണ്ടിത്തടം മാത്രമായിരുന്നു. പച്ചപ്പാടങ്ങളുടെ കരയിലൂടെ കടന്നുചെല്ലുന്ന ആ നാടന്‍പ്പാത അവസാനിക്കാറാകുന്നിടത്ത് നാരായണന്‍വൈദ്യന്‍ എന്നൊരാള്‍ താമസിച്ചിരുന്നു. സ്വാമിജിയെ കണ്ട് അനുഭവങ്ങള്‍ നേടിയതിനുശേഷം അദ്ദേഹം രാമഭക്തനും രാമായണപാരായണ തല്പരനുമായിത്തീര്‍ന്നു. പലപ്പോഴും അഹോരാത്രരാമായണപാരായണതല്പരനുമായിത്തീര്‍ന്നു. പലപ്പോഴും അഹോരാത്രരാമായണപാരായണവും ശ്രീരാമപട്ടാഭിഷേകവും നടത്തിയിരുന്നു.

ബ്രാഹ്മമുഹൂര്‍ത്തം വരെ വായിച്ചെത്തുമ്പോള്‍ പട്ടാഭിഷേക സമയമാകും. അനന്തരം സ്വാമിജിയുടെ നിര്‍ദേശപ്രകാരമുള്ള ഒരുക്കങ്ങളോടുകൂടി പട്ടാഭിഷേക മഹായജ്ഞം നിര്‍വഹിക്കുകയാണ് പതിവ്. ഒരു ദിവസം നാരായണന്‍ വൈദ്യന്‍ സ്വാമിജിയെ വന്നുകണ്ട് സാഷ്ടാംഗം പ്രണമിച്ചതിനുശേഷം താന്‍ വന്നവൃത്താന്തമറിയിച്ചു.

”ഇന്നൊരു അഭിഷേകമുണ്ട് സ്വാമി” അവിടത്തെ മഹാസാന്നിദ്ധ്യമുണ്ടാകണം. വിശേഷാല്‍ പലകാര്യങ്ങളും അക്കൂട്ടത്തില്‍ സംസാരിച്ചു. സ്വാമിജി പുഞ്ചിരിച്ചുകൊണ്ട് മറുപടിനല്‍കി” അതിനെന്താടോ ഞങ്ങള്‍ കൃത്യസമയത്ത് വന്നയ്ക്കാം” വൈദ്യന്‍ സന്തോഷവാനായി സ്വാമിജി കൊടുത്ത ഒരു കൂട് തിരിയും വാങ്ങി വീട്ടില്‍ തിരിച്ചെത്തി. അയല്‍വാസികളും അഭിഷേകത്തിനെത്തിയവരുമെല്ലാം സ്വാമിജിയുടെ മറുപടി പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. സ്വാമിജി വരുമെന്നകാര്യം അദ്ദേഹം അറിയിച്ചു.

മണി മൂന്നായി. ബ്രാഹ്മമുഹൂര്‍ത്തം സമാഗതമായി. എല്ലാവരുടെയും കണ്ണും മനസ്സും സ്വാമിജി വരുന്നതുമോര്‍ത്ത് ഏകാഗ്രമായിരുന്നു. ”സ്വാമിജി ഇന്നുവരെ അവിടുന്ന് വെളിയില്‍ പോയിട്ടില്ലെടോ. പിന്നെ വരുമായിരിക്കും. വന്നാല്‍ത്തന്നെ നമുക്കെങ്ങനെ അറിയാം” എന്ന് ഒരാള്‍ അഭിപ്രായം പറഞ്ഞു. പെട്ടെന്ന് മുറ്റത്തൊരു ശബ്ദം കേട്ടു. വായനക്കാരൊഴിച്ച് മറ്റുള്ളവര്‍ പുറത്തിറങ്ങി. മുറ്റത്തുനിന്നിരുന്ന തെങ്ങില്‍നിന്ന് ഒരു കരിക്ക് വീണുകിടക്കുന്നതായി കണ്ടു. അതെടുത്ത് പരിശോധിച്ചപ്പോള്‍ അപ്പോള്‍ത്തന്നെ തിരുകിപ്പറിച്ചെടുത്തതായിട്ടാണ് കണ്ടത്. സ്വാമിജി വന്നതായിരിക്കണം. എന്ന് എല്ലാപേരും പറഞ്ഞു.

സംസാരിച്ചു നില്‌ക്കെ ഒന്നിനുപുറകേ ഒന്നായി രണ്ട് കരിക്കുകൂടി അവരുടെ ഇടയ്ക്ക് വീണു. ആളുകളുടെ ശരീരത്തില്‍ തട്ടാതെ ഇടയ്ക്ക് തന്നെ തിരുകിപ്പറിച്ചെടുത്ത കരിക്കു വീണതുകണ്ട് അവര്‍ അത്ഭുതപ്പെട്ടു. സ്വാമിജി തന്നെയാണ് ആ മൂന്നു കരിക്കുകളും അടര്‍ത്തിയിട്ടതെന്നതില്‍ ആര്‍ക്കും സംശയമില്ലായിരുന്നു. ആ കരിക്കുതൊട്ടു പലരും വന്ദിച്ചു. അവിടെത്തന്നെ ചിലര്‍ നമസ്‌ക്കരിച്ചു.

അന്തരീക്ഷം രാമനാമജപംകൊണ്ട് മുഖരിതമായി. ഭജന സമാരംഭിച്ചു. നിവേദ്യങ്ങള്‍ ഒരുക്കിവച്ചു. മഹാപ്രഭുവായ സ്വാമിജിയെ സ്മരിച്ചുകൊണ്ട് ആ കരിക്കുകള്‍ അഭിഷേകം നടത്തി. അന്ന് എന്നത്തേതിലും വിശേഷമായി അഭിഷേകം പ്രസന്നമായിരുന്നു. അന്തരീക്ഷം അന്നേവരെ അനുഭവപ്പെടാത്തരീതിയില്‍ സുഗന്ധപൂരിതമായിരുന്നു. എല്ലാപേരും സന്തോഷം കൊണ്ട് കണ്ണുനീര്‍ പൊഴിച്ചും സ്വാമിജിയെ സ്മരിച്ചും അഭിഷേകമഹായ്ജഞത്തില്‍ പങ്കുചേര്‍ന്നു. ആരാധനയും നിവേദ്യവും കഴിഞ്ഞ് അഭിഷേകം സമംഗളം പര്യവസാനിച്ചു.

നേരം പുലര്‍ന്നു. അത്യാവശ്യംകൊണ്ട് വീടുകളിലേക്ക് പോയ ചിലരൊഴിച്ച് മറ്റെല്ലാപേരുടെയും ശ്രദ്ധ ആശ്രമത്തിലേക്ക് തിരിഞ്ഞു. കാല്‍നടയായി നാമംജപിച്ച് നിറഞ്ഞമനസ്സുമായി അവര്‍ ആശ്രമത്തിലെത്തി. സ്വാമിജി ശ്രീകോവിലിനുമുന്നിലുള്ള പടിയില്‍ അവരെ പ്രതീക്ഷിക്കുന്നമട്ടില്‍ ഇരിക്കുകയായിരുന്നു. സാഷ്ടാംഗനമസ്‌കാരം ചെയ്ത അവരെ വിഭൂതി നല്‍കി അനുഗ്രഹിച്ചു. എന്നിട്ട് നേരമ്പോക്കെന്ന മട്ടില്‍ സ്വാമിജി ഇപ്രകാരം പറഞ്ഞു.

”അഭിഷേകമൊക്കെ മംഗളമായെടോ. ഞങ്ങള് വന്നിരുന്നു. അഭിഷേകത്തിന്റെ കരിക്കും  അടര്‍ത്തിയിട്ടിട്ട് വേഗം പോന്നു. ഇവിടെ ആരും ഇല്ലായിരുന്നെടോ”

എത്രയും ലളിതവും സാധാരണവുമായ ഒരഭിപ്രായമാണതെന്ന് നാം ചിന്തിക്കണം. അദൃശ്യപരിധിയില്‍ നിന്ന് ദൃശ്യതലങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന  അവാച്യതയുടെ അത്ഭുതപ്രമേയമാണ്, സ്വാമിജിയുടെ അത്തരം പ്രവര്‍ത്തനങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്നത്. അനായാസേന സംഭവിക്കുന്ന അത്തരം കൃത്യങ്ങള്‍ സ്വാമിജിയെപ്പോലുള്ള മഹാത്മാക്കളുടെ ലഘുവും ലളിതവുമായ സങ്കല്പങ്ങളായിരുന്നു.

ഒരു മഹാഗുരുവിന്റെ പ്രജ്ഞാവികാസം മനുഷ്യത്വത്തില്‍ സൃഷ്ടിച്ച അത്തരം ധന്യമായ എത്ര മുഹൂര്‍ത്തങ്ങളാണ് ഭാരതത്തിലിന്നും നടന്നുകൊണ്ടിരിക്കുന്നത്. എങ്കിലും അതറിയുവാനും അനുസരിക്കുവാനും കഴിയാത്ത ശപ്തവിജയത്തിന്റെ തപിക്കുന്നചിന്തകള്‍ ഇന്നും സമൂഹത്തിന്റെ വളര്‍ച്ചയെ തടുക്കുന്നു, തളര്‍ത്തുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പാദപൂജ