ടി.പി വധം: കൊടിസുനി, കിര്‍മാണി മനോജ്, ഷാഫി എന്നിവര്‍ പിടിയില്‍

June 14, 2012 കേരളം

കോഴിക്കോട്: ആര്‍.എം.പി നേതാവ്  ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി കൊടിസുനി എന്ന ചൊക്ലി സ്വദേശി  സുനില്‍കുമാര്‍ (32) കൊലയാളി സംഘത്തിലെ അംഗങ്ങളായ കിര്‍മാണി മനോജ്, ഷാഫി എന്നിവര്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി. കണ്ണൂര്‍ പേരാവൂര്‍ മുഴക്കുന്നിന് സമീപത്തെ പെരിങ്ങാനംമലയില്‍ നിന്നാണ് മൂവരും പിടിയിലായത്. സി.പി.എമ്മിന് ശക്തമായ സ്വാധീനമുള്ള ഇവിടെ ഷെഡ്ഡ് കെട്ടി താമസിക്കുകയായിരുന്നു ഇവര്‍. ടിപ്പര്‍ലോറിയില്‍ വേഷംമാറി എത്തിയാണ് പോലീസ് ഇവരെ പിടികൂടിയത്. ഇതോടെ ടി.പി . ചന്ദ്രശേഖരനെ വധിച്ച ഏഴംഗം സംഘത്തിലെ ആറുപേര്‍ പിടിയിലായി.

പിടിയിലാകുമ്പോള്‍ ഇവരില്‍നിന്ന് റിവോള്‍വറും കഠാരയും കണ്ടെടുത്തതായി സൂചനയുണ്ട്. വടകരയില്‍ എത്തിച്ച മൂവരെയും പോലീസ് ചോദ്യം ചെയ്തു തുടങ്ങി. ഇവര്‍ക്ക് ഒളിത്താവളം ഒരുക്കിയ മൂന്നുപേരും പിടിയിലായിട്ടുണ്ട്. 20 ദിവസമായി ഇവര്‍ മുഴക്കുന്നില്‍ താമസിക്കുന്നുണ്ടെന്ന് ഒളിത്താവളം ഒരുക്കിയവര്‍ മൊഴി നല്‍കി. പിടിയിലാകുമെന്ന് ഉറപ്പായതോടെ കൊടിസുനി പോലീസിനുനേരെ തോക്കുചൂണ്ടി രക്ഷപെടാന്‍ ശ്രമിച്ചു. മല്‍പ്പിടിത്തത്തിന് ഒടുവിലാണ് മൂന്നുപേരെയും പോലീസ് കീഴടക്കിയത്.  കഴിഞ്ഞ ദിവസം പിടിയിലായ എം.സി അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലും ഫോണ്‍കോളുകള്‍ പിന്തുടര്‍ന്നും നടത്തിയ അന്വേഷണത്തിലാണ് കൊടിസുനി അടക്കമുള്ളവര്‍ വലയിലായത്. കൊടി സുനി ഉള്‍പ്പെടെയുള്ളവര്‍ രഹസ്യ കേന്ദ്രങ്ങളില്‍ മാറിമാറിത്താമസിക്കുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിനകത്തും പുറത്തും വ്യാപകമായ തിരച്ചില്‍ നടത്തി. അടുത്ത ദിവസങ്ങളിലാണ് കൊടിസുനി കണ്ണൂരില്‍ ഉണ്ടെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. കോളിളക്കം സൃഷ്ടിച്ച ഫസല്‍ വധക്കേസിലെ ഒന്നാംപ്രതിയാണ് കൊടിസുനി.
ഷിനോജിനെ മാത്രമാണ് ഇനി പിടികൂടാനുള്ളത്. ടി.കെ രജീഷ്, സിജിത്ത്, അനൂപ് എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍ എന്നിവ സംഘടിപ്പിച്ചതും കൊലയ്ക്കുമുമ്പ് ആയുധങ്ങള്‍ അഴിയൂരില്‍ ഒളിപ്പിച്ചതുമെല്ലാം കൊടിസുനിയുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കൊല ആസൂത്രണം ചെയ്യുന്നതിന്റെ മുന്നോടിയായി സുനി ഒട്ടേറെത്തവണ ബൈക്കില്‍ ഒഞ്ചിയം വഴി ഓര്‍ക്കാട്ടേരിയിലെത്തിയിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
മുഖ്യപ്രതിയായ കൊടിസുനി പിടിയിലായതൊടെ ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം