അയോധ്യാ കേസ്: ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്

September 26, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: അയോധ്യാ തര്‍ക്കഭൂമി കേസില്‍ വിധിപ്രഖ്യാപനം മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ചൊവ്വാഴ്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുക. ജസ്റ്റിസുമാരായ അഫ്താബ് ആലം, കെ.എസ്. രാധാകൃഷ്ണന്‍ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍.
അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിന്റെ പരിഗണനയിലുള്ള കേസില്‍ വിധിപ്രഖ്യാപനം നീട്ടണമെന്ന് ആവശ്യപ്പെട്ട് 17-ാം കക്ഷിയായ രമേശ് ചന്ദ്ര ത്രിപാഠിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കിയത്. ഈ ഹര്‍ജിയില്‍ വാദം കേള്‍ക്കണമോയെന്ന കാര്യത്തില്‍ ജസ്റ്റിസുമാരായ ആര്‍.വി. രവീന്ദ്രന്‍, എച്ച്.എല്‍. ഗോഖലെ എന്നിവരടങ്ങിയ ബെഞ്ചില്‍ ഭിന്നാഭിപ്രായമുണ്ടായിരുന്നു. തുടര്‍ന്നാണ് ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് വിട്ടത്.
ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കുന്ന കേസുകളില്‍ ആദ്യത്തേതായാണ് അയോധ്യാ ഹര്‍ജി പെടുത്തിയിരിക്കുന്നത്. വിധി പറയുന്നത് നീട്ടുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കി.
അയോധ്യാ കേസില്‍ അലഹാബാദ് ഹൈക്കോടതി വിധി പറയാനിരിക്കെ, സുപ്രീംകോടതി അത് അഞ്ച് ദിവസത്തേക്കാണ് സ്റ്റേ ചെയ്തത്. തര്‍ക്കം കോടതിക്കു പുറത്ത് രമ്യമായി പരിഹരിക്കാനുള്ള സാധ്യത ആരായണമെന്ന് ആവശ്യപ്പെട്ട് ത്രിപാഠി നല്കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഇത്. ഈ ഹര്‍ജിയിലാണ് ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാദം കേള്‍ക്കുക. ഈ സമയത്ത് ഹാജരാകാന്‍ അറ്റോര്‍ണി ജനറല്‍ ജി.ഇ. വഹന്‍വതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്കിയിട്ടുണ്ട്.
അയോധ്യാ കേസ് പരിഗണിക്കുന്ന ലഖ്‌നൗ ബെഞ്ചിലെ മൂന്ന് ജഡ്ജിമാരില്‍ ഒരാളായ ജസ്റ്റിസ് ഡി.വി. ശര്‍മ ഒക്ടോബര്‍ ഒന്നിന് സ്ഥാനമൊഴിയാനിരിക്കെ, ചൊവ്വാഴ്ച സുപ്രീംകോടതിയില്‍ നടക്കുന്ന വാദം കേള്‍ക്കല്‍ നിര്‍ണായകമാണ്.
രാജ്യത്തിന്റെ മതേതരത്വത്തെ ബാധിക്കുന്നതൊന്നും ബി.ജെ.പി.യുടെയോ അദ്വാനിയുടെയോ ഭാഗത്തുനിന്നുണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നതായി കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു.
അതിനിടെ, അയോധ്യയിലെ തര്‍ക്കഭൂമി തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് ബുദ്ധവിശ്വാസികളുടെ സംഘടനയായ ഭാരതീയ ബൗദ്ധദര്‍ശന്‍ സര്‍ സൊസൈറ്റി നല്കിയ ഹര്‍ജി ഫൈസാബാദിലെ പ്രാദേശിക കോടതി തള്ളി. സമയപരിധി കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് സീനിയര്‍ ഡിവിഷണല്‍ സിവില്‍ ജഡ്ജി അനില്‍കുമാര്‍ ശുക്ല ഹര്‍ജി തള്ളിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം