കുഞ്ഞനന്തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി

June 16, 2012 കേരളം

തലശ്ശേരി: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന സി.പി.എം പാനൂര്‍ ഏരിയാ കമ്മറ്റിയംഗം പി.കെ.കുഞ്ഞനന്തന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയിരുന്നത്. കേസ് ഡയറി ഹാജരാക്കാഞ്ഞതിനാലാണ് ഹര്‍ജി മാറ്റിയത്. ഡയറി ഹാജരാക്കാത്തതിന് പ്രോസിക്യൂഷനെ കോടതി വിമര്‍ശിച്ചു.

കേസ് ഡയറി ഹാജരാക്കണമെന്ന് കഴിഞ്ഞ ദിവസം തന്നെ കോടതി നിര്‍ദേശിച്ചിരുന്നു. ജൂണ്‍ 11-നാണ് കുഞ്ഞനന്തന്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് തനിക്കെതിരായ ആരോപണങ്ങള്‍ പത്ര- ദൃശ്യമാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്നും സംഭവത്തില്‍ പങ്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കേസില്‍ അറസ്റ്റിലായ പലരും അന്വേഷണസംഘത്തിന്റെ പീഡനം മൂലം ആശുപത്രിയിലാണെന്നും അതിനാലാണ് മുന്‍കൂര്‍ ജാമ്യം തേടുന്നതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം