വിഗ്രഹമോഷണസംഘം അറസ്റ്റില്‍

June 16, 2012 ക്ഷേത്രവിശേഷങ്ങള്‍

കണ്ണൂര്‍:ചാല കളരിവട്ടം ഭഗവതി ക്ഷേത്രത്തിലെ വിഗ്രഹങ്ങളും മറ്റും കവര്‍ച്ചചെയ്ത മൂന്നുപേര്‍ പിടിയിലായി. കോയ്യോട് ബറുവഞ്ചാല്‍ ഹൗസില്‍ സുരേഷ് (52), പാലക്കാട് ജില്ലയിലെ ഒലവക്കോട് സ്വദേശി വര്‍ഗീസ് ഫിലിപ്പ് (59 ), കര്‍ണാടകസ്വദേശി മാമ്പൊയില്‍ ബിനോയ് ഫ്രാന്‍സിസ് (22) എന്നിവരാണ് പിടിയിലായത്. കവര്‍ച്ചയില്‍ പങ്കാളിയായ എടക്കാട്‌സ്വദേശി അഷ്‌റഫ് പിടിയിലാകാനുണ്ട്. ഇവര്‍ കവര്‍ച്ചനടത്തിയ വിഗ്രഹങ്ങള്‍, വാള്‍, ചിലമ്പ് എന്നിവ പിന്നീട് ക്ഷേത്രക്കിണറില്‍ നിന്ന് പോലീസ് കണ്ടെത്തി.
കണ്ണൂര്‍ പഴയ ബസ്സ്സ്റ്റാന്‍ഡില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട പ്രതികളെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ക്ഷേത്രക്കവര്‍ച്ചക്കേസിലെ പ്രതികളാണ്  മനസ്സിലായത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ചാല കളരിവട്ടം ക്ഷേത്രത്തില്‍നിന്ന് ഓടിന്റെ രണ്ട് കണ്ണാടിബിംബങ്ങള്‍, പൂക്കുട്ടി ശാസ്തപ്പന്റെ പ്രതിമ, പിച്ചള വാള്‍, ചിലമ്പ് എന്നിവ സംഘം കവര്‍ച്ചനടത്തിയത്. പിന്നീട് പ്രതികള്‍ കവര്‍ച്ചാ വസ്തുക്കള്‍ ചാക്കിലാക്കി ക്ഷേത്രക്കിണറ്റില്‍ ഒളിപ്പിക്കുകയായിരുന്നു. നൂറിലേറെ വര്‍ഷം പഴക്കമുള്ളവയാണ് കവര്‍ച്ച നടത്തിയ വിഗ്രഹങ്ങള്‍.
പ്രതികളെ കോടതിയില്‍ ഹാജരാക്കി. പ്രതികളെ പിടികൂടുന്നതിന് ഡിവൈ.എസ്.പി. പി.സുകുമാരന്‍, സി.ഐ. ജോഷി ജോസഫ്, എസ്.ഐ. കെ.പ്രേം സദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍