ഒരു രാമഭക്തന്റെ കഥ

June 16, 2012 സനാതനം

*ശ്രീനിവാസയ്യര്‍*
സമപ്രാപയക്കാരായ കുട്ടികള്‍ പലതരത്തിലുള്ള വിനോദങ്ങളിലേര്‍പ്പെടുമ്പോഴും ‘ഗോപണ്ണ’ എന്നു പേരായ കൊച്ചുബാലന്‍ തന്റെ ഇഷ്ടദേവനായ ശ്രീരാമചന്ദ്രന്റെ പൂജയിലും ഭജനത്തിലും സദാ മുഴുകിയിരുന്നു. വീട്ടില്‍ പൂജാമുറിയില്‍ പരിശുദ്ധമായൊരിടത്ത് ഒരു പെട്ടിയിലായിരുന്നു ഗോപണ്ണയുടെ ശ്രീരാമവിഗ്രഹം സൂക്ഷിക്കപ്പെട്ടിരുന്നത്. പതിവുപോലെ ഒരു ദിവസം കാലത്ത് പൂജാമുറിയില്‍ചെന്ന് പ്രഭാതപൂജക്കായി വിഗ്രഹമെടുക്കാന്‍ചെന്ന ഗോപണ്ണ തന്റെ ഇഷ്ടദേവവിഗ്രഹം പെട്ടിയോടുകൂടി നഷ്ടപ്പെട്ടതായി കണ്ടു. സങ്കടത്തോടുകൂടി അതെവിടെപ്പോയെന്നു ബാലന്‍ അന്വേഷണമാരംഭിച്ചു. ഒടുവില്‍ അത് അടുത്തുള്ള ഒരു പൊയ്കയില്‍ ആരോ കൊണ്ടുപോയിട്ടതായി അറിഞ്ഞു. തനിക്കേറ്റവും പ്രിയപ്പെട്ട വസ്തുവായ പ്രസ്തുത വിഗ്രഹം നഷ്ടപ്പെട്ടുപോയെന്ന് കരുതിയ ഗോപണ്ണ അത്യന്തം ദുഃഖിതനായി. കുളക്കരയിലേക്കോടിച്ചെന്നു. ആഴമേറിയ ആ കുളത്തില്‍ നിന്നും വിഗ്രഹമെടുക്കുന്ന കാര്യം നീന്താനറിയാത്ത ബാലന് അസാദ്ധ്യമായിത്തോന്നി. അവന്‍ അത്യന്തം നിരാശനായി രോദനം തുടങ്ങി. അതുവഴി നടന്ന വഴിയാത്രക്കാരെല്ലാം ബാലനോട് ദുഃഖകാരണം അന്വേഷിച്ചുവെങ്കിലും അവന്‍ അവരോടൊന്നും മറുപടി പറയുകയുണ്ടായില്ല. അവര്‍ക്കാര്‍ക്കും അവനെ ആശ്വസിപ്പിക്കാനായില്ല. കുട്ടിയാകട്ടെ ‘ഹേ രാമപ്രഭോ! അവിടുന്ന് എന്നെ വെടിഞ്ഞ് എങ്ങോട്ടുപോയി. അവിടുത്തെ പിരിഞ്ഞു ജീവിക്കാന്‍ ഞാന്‍ അശക്തനാണ്’ എന്നു പറഞ്ഞു ദീനദീനം വിലാപം തുടര്‍ന്നു.

പൊയ്കക്ക് സമീപത്തുണ്ടായിരുന്നു മണ്ഡപത്തില്‍ ധ്യാനനിരതനായിരുന്ന അതിതേജസ്വിയായൊരു വൃദ്ധന്‍ ബാലന്റെ ദീനരോദനം കേട്ട് മന്ദംമന്ദം കണ്ണ് തുറന്ന് അവനെ ശ്രദ്ധിച്ചു. പിന്നീട് മണ്ഡപത്തില്‍നിന്നും താഴോട്ടിറങ്ങിവന്ന് ബാലനോട് ഇപ്രകാരം ചോദിച്ചു. ‘മകനെ! നീ എന്തിനീവിധം ദുഃഖിക്കുന്നു? നിനക്ക് എന്തു സംഭവിച്ചു? എന്റെ സഹായം വല്ലതും ആവശ്യമാണെങ്കില്‍ പറയൂ. ഞാന്‍ നിന്നെ സഹായിക്കാന്‍ ഒരുക്കമാണ്.’

മറ്റുള്ളവരില്‍നിന്ന് തികച്ചും വ്യത്യസ്തനായ അദ്ദേഹത്തിന്റെ സ്വരൂപവും ശാന്തമായ സംഭാഷണവും ബാലനെ പെട്ടെന്ന് ശാന്തനും അത്ഭുതസ്തബ്ധനുമാക്കി. അവന്‍ ഭക്തിപൂര്‍വം അദ്ദേഹത്തിന്റെ കാല്‍ക്കല്‍ നമസ്‌കരിച്ചു. പിന്നീട് വിനയാന്വിതനായി ഇപ്രകാരം പറഞ്ഞു. ‘ മഹാത്മാവേ! അവിടുന്ന് കബിര്‍ദാസനല്ലയോ? ഇതിനുമുമ്പ് ഒരിക്കല്‍ ക്ഷേത്രദര്‍ശനസമയത്ത് അവിടുത്തെ കാണാനിടയായിട്ടുണ്ട്. അവിടുന്നു മനസ്സുവെച്ചാല്‍ എന്നെ സഹായിക്കാന്‍ കഴിയും എന്നെനിക്കുറപ്പുണ്ട്. ‘ കേവലം ഭിക്ഷാംദേഹിയായ ഈ സന്യാസിക്ക് എന്തുചെയ്യാന്‍ കഴിയുംമകനെ. എങ്കിലും നിന്റെ വിഷമം എന്താണെന്നു പറയൂ’. എന്നദ്ദേഹം പറഞ്ഞു. ഉടനെ കുളത്തില്‍ നഷ്ടപ്പെട്ടു പോകാനിടയായ വിഗ്രഹം വീണ്ടുകിട്ടേണ്ടതാണ് തന്റെ ആവശ്യമെന്ന് ഗോപണ്ണ കബീര്‍ദാസിനെ അറിയിച്ചു.

‘മകനെ! ഒരു വിഗ്രഹം നഷ്ടപ്പെട്ടതിലെന്തിരിക്കുന്നു? നിനക്ക് അതിലും മനോഹരമായ മറ്റൊരു രാമവിഗ്രഹം ഞാന്‍ സമ്മാനിക്കാം. അഗാധമായ ഈ കുളത്തില്‍നിന്ന് വിഗ്രഹം വീണ്ടെടുക്കുന്ന കാര്യം അസാദ്ധ്യമെന്നുറപ്പിച്ചു പറഞ്ഞു’ കബീര്‍ദാസ്.

ഓര്‍മ്മവെച്ച നാള്‍ മുതല്‍ ഞാന്‍ പൂജിച്ചുവന്ന ശ്രീരാമവിഗ്രഹം തിരിച്ചുകിട്ടാതെ വന്നാല്‍ അതു ലഭിക്കുന്നതുവരെ ഈ കുളക്കരയില്‍ ഉപവാസം അനുഷ്ഠിക്കാനും വേണ്ടിവന്നാല്‍ മരണം വരിക്കാനും തയ്യാറാണ് ഞാന്‍ എ്ന്നു ബാലനും ശഠിച്ചുപറഞ്ഞു. ‘ ശരി നിന്റെ നിശ്ചയദാര്‍ഢ്യം എന്നെ അത്യധികം സന്തുഷ്ടനാക്കി. നീ എന്നോടൊപ്പം ഒരുമിച്ചുവന്നാലും’ എന്നു പറഞ്ഞ് ബാലനെ കബീര്‍ദാസ് മണ്ഡപത്തിലേക്കു കൂട്ടിക്കൊണ്ടു പോയി. പിന്നീട് തീര്‍ഥജലംകൊണ്ട് ശരീരശുദ്ധിവരുത്തി അദ്ദേഹം ബാലന്

‘ശ്രീരാമ രാമ രമേതി രമേ രാമേ മനോരമേ
സഹസ്രനാമതത്തുല്യം രാമനാമ വരാനനേ’

എന്ന താരക മന്ത്രോപദേശം വിധിപൂര്‍വ്വം നടത്തി ജപിക്കാന്‍ ആവശ്യപ്പെട്ടു. കണ്ണടച്ചിരുന്ന ഗോപണ്ണാ കുറേനേരം ജപിച്ചു. കണ്ണു തുറന്നു നോക്കുമ്പോള്‍ കാണാതായ വിഗ്രഹ്രം തന്റെ മുന്‍പില്‍ ഇരിക്കുന്നു. സ്വ്ന്തം കണ്ണുകളെ വിശ്വസിക്കാന്‍ പ്രയാസമായിത്തോന്നിയ ഗോപണ്ണയോട് കബീര്‍ദാസ് പറഞ്ഞു. ‘വത്സാ ഗോപണ്ണാ! നിനക്കു രാമമന്ത്രത്തെ വിധിയാകുംവണ്ണം ഉപദേശിക്കാനായി ഞാന്‍ തന്നെയാണ് നിന്റെ വിഗ്രഹത്തെ എടുത്തു മാറ്റിയത്. നിന്റെ പിഞ്ചുമനസ്സിലെ രാമഭക്തികണ്ട് സന്തോഷിച്ചതിനാലാണ് ഞാനിതു ചെയ്തത്. നിനക്ക് ശ്രീരാമചന്ദ്രന്‍ സര്‍വമംഗളങ്ങളും നല്‍കട്ടെ’ എന്നു പറഞ്ഞ് അവിടെനിന്നും മറഞ്ഞു.

രാമഭക്തനായ കബീര്‍ദാസില്‍നിന്നും മന്ത്രോപദേശം നേടിയ ഗോപണ്ണ വീട്ടില്‍ തിരിച്ചെത്തി പൂര്‍വ്വാധികം ഭക്തിശ്രദ്ധയോടെ രാമപൂജയും ജപധ്യാനങ്ങളും നടത്തി കാലം കഴിച്ചുവന്നു. വിദ്യാസമ്പന്നനായിരുന്നെങ്കിലും രാമകാര്യങ്ങളിലല്ലാതെ മറ്റൊന്നിലും താല്പര്യമില്ലാത്തവനായിത്തീര്‍ന്നു. അതിനാല്‍ ഗൃഹത്തില്‍ ദാരിദ്ര്യം വര്‍ദ്ധിച്ചുവന്നു നിത്യപൂജക്കുപോലും ഗത്യന്തരമില്ലാതായി. അപ്പോള്‍ ഹൈദരാബാദില്‍ നൈസാമായിരുന്ന താനേഷായുടെ കീഴില്‍ ഉദ്യോഗസ്ഥന്മാരായിരുന്ന തന്റെ അമ്മാവന്മാരുടെ അടുക്കലേക്കുപോയി ധനസഹായത്തിന്നഭ്യര്‍ത്ഥിച്ചു. അവര്‍ താനേഷായോട് ശുപാര്‍ശചെയ്തു ചെറുപ്പക്കാരനായ മരുമകന് ഭദ്രാചലത്തിലെ നികുതിയെല്ലാം വസൂല്‍ചെയ്ത് രാജാവിന്റെ ഖജനാവില്‍ അടക്കേണ്ട ചുമതല അതോടുകൂടി ഗോപണ്ണാക്ക് വന്നുചേര്‍ന്നു.

ഭദ്രാചലത്തിലെത്തിയ ഗോപണ്ണ ആദ്യമായി ഗിരിപ്രദിക്ഷിണം നടത്തി ഭദ്രാചലത്തിന്റെ മുകളിലുള്ള രാമ സീതാലക്ഷ്മണ ഹനുമത് ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി. അന്നത്തെ ആ ക്ഷേത്രങ്ങളുടെ ജീര്‍ണ്ണാവസ്ഥ അദ്ദേഹത്തെ വല്ലാതെ ദുഃഖിപ്പിച്ചു. ശ്രീരാമസന്നിധിയില്‍ച്ചെന്ന് അദ്ദേഹം ഇപ്രകാരം പ്രാര്‍ത്ഥിച്ചു. ‘ഭഗവാനെ! അവിടുന്ന് കനിയുന്നപക്ഷം അടിയന്‍ ഈ ക്ഷേത്രത്തെ ഉന്നതങ്ങളായ ഗോപുരങ്ങലും അതിനു ചേര്‍ന്നവണ്ണമുള്ള പ്രാകാരങ്ങളോടുകൂടിയ ഒരു മഹാക്ഷേത്രമാക്കാന്‍ യ്ത്‌നിക്കാം.’ ഇതിനെക്കുറിച്ചുതന്നെ ചിന്തിച്ചു ഗോപണ്ണാ ഗിരിയില്‍നിന്നും താഴോട്ടിറങ്ങി. ഔദ്യോഗിക കൃത്യനിര്‍വ്വഹണങ്ങള്‍ക്കിടയിലും അദ്ദേഹത്തിന് ക്ഷേത്രനിര്‍മ്മാണമെന്നല്ലാതെ മറ്റൊരു ചിന്തയുമില്ലായിരുന്നു.

ക്രമേണ നികുതി പിരിവുമൂലം ഖജനാവിലേക്കു ചേരേണ്ട ധനം വന്നുതുടങ്ങി. ക്ഷേത്രനിര്‍മ്മാണത്തിന് ഏതാണ്ട് ആറുലക്ഷം സ്വര്‍ണനാണ്യങ്ങള്‍ വേണ്ടിവരുമെന്ന് തീര്‍ച്ചയായി. ക്ഷേത്രോദ്ധാരണത്തിന്റെ ചുമതലയും രാജ്യഭരണത്തിന്റെ ഒരു ഭാഗമാണെന്ന് ഗോപണ്ണ മനസ്സിലുറപ്പിച്ചു. അതിനാല്‍ രാജാവിനും ശ്രേയസ്സുണ്ടാവുമെന്നു കരുതി ഖജനാവിലടക്കേണ്ട പണമൊന്നും അടച്ചില്ല. അധികം താമസിയാതെ ക്ഷേത്രോദ്ധാരണത്തിന് ആവശ്യമെന്നു കണ്ട ആറുലക്ഷം സ്വര്‍ണ നാണയങ്ങളും ഗോപണ്ണായുടെ കൈവശം വന്നുചേര്‍ന്നു. അദ്ദേഹത്തിന് സന്തോഷമായി. ശ്രീരാമചന്ദ്രന്റെ അനുഗ്രഹംകൊണ്ടു മാത്രമാണ് ഇത്രയും സംഖ്യ ലഭിച്ചത് എന്ന് അദ്ദേഹം പൂര്‍ണ്ണമായി വിശ്വസിച്ചു. അടുത്ത ശുഭമുഹൂര്‍ത്തത്തില്‍ത്തന്നെ ക്ഷേത്രപുനര്‍നിര്‍മ്മാണജോലികള്‍ ആരംഭിച്ചു. വളരെ വേഗത്തില്‍ത്തന്നെ അദ്ദേഹം ഉദ്ദേശിച്ച രീതിയില്‍ ക്ഷേത്രപുനര്‍നിര്‍മ്മാണം നടന്നു. പഞ്ചലോഹംകൊണ്ടുള്ള സീതാലക്ഷ്മണസമേതനായ ശ്രീരാമവിഗ്രഹവും ഹനുമത് വിഗ്രഹവും അത്യാഡംബരപൂര്‍വ്വം വിധിപ്രകാരം പ്രതിഷ്ഠ നടത്തി. ഉത്സവാഘോഷങ്ങളില്‍ പങ്കെടുത്ത ഭക്തന്മാര്‍ക്കെല്ലാം മൃഷ്ടാന്നഭോജനവും നൈവേദ്യ പ്രസാദവിതരണവും നിര്‍ല്ലോഭം നടന്നു. അനേകായിരം ഭക്തജനങ്ങള്‍ നാടിന്റെ നാനാഭാഗത്തുനിന്നും വന്നു ദര്‍ശനം നടത്തി സന്തുഷ്ടരായി മടങ്ങി. ഗോപണ്ണായുടെ കീര്‍ത്തി നാടാകെ പരന്നു. ക്രമേണ താനേഷായും ഇതറിയാനിടയായി.

നൈസാം ചിന്തിച്ചു ചുരുങ്ങിയ ശമ്പളം പറ്റുന്ന ഒരു താഹ്‌സില്‍ദാര്‍ വിചാരിച്ചാല്‍ ഇത്രയും വിപുലമായി രീതിയില്‍ ചിലവേറിയ ഈ പരിപാടികള്‍ നടത്താന്‍ പ്രയാസം. അതു സംഭാവ്യമല്ല. എങ്കില്‍ ഇത്രയും ധനം ഗോപണ്ണാക്ക് എവിടെനിന്ന് ലഭിച്ചു? താനാഷാ ഉടനെ മന്ത്രി മുഖ്യനെ വരുത്തി. ഗോപണ്ണ അതുവരേയും ഭദ്രാചലത്തില്‍നിന്നും അടച്ച നികുതിയുടെ കണക്ക് ആവശ്യപ്പെട്ടു. ഗോപണ്ണ ഒരൊറ്റ കാശുപോലും ഖജനാവില്‍ അടച്ചിട്ടല്ലെന്ന് മന്ത്രി ബോധിപ്പിച്ചു. കോപാന്ധനായ താനേഷാ ഗോപണ്ണായെ ഉടനെതന്നെ കാരാഗൃഹത്തില്‍ കഠിനതടവിലാക്കാന്‍ കല്പിച്ചു.

ശ്രീരാമചന്ദ്രന് ദിവ്യമായ ശ്രീകോവിലും വിശേഷമായ നൈവേദ്യാദികളും നല്‍കിയ ഗോപണ്ണ കാരാഗൃഹത്തില്‍ ഉപ്പില്ലാത്ത ഭക്ഷണവും കഴിച്ച് കല്‍ത്തറയില്‍ കിടക്കേണ്ടിവന്നു. വിധി വൈപരീത്യം ആ ഭക്തനെ പന്ത്രണ്ടുവര്‍ഷംവരേയും നിരാശനാക്കിയില്ല. രാമമന്ത്രജപത്തില്‍ അദ്ദേഹം കാലം കഴിച്ചു. പന്തീരാണ്ടു കഴിഞ്ഞപ്പോഴേക്കും ഗോപണ്ണാ അത്യന്തം അവശനായി. ശരീരക്ലേശങ്ങള്‍ കാരണം ജീവസന്ധാരണം വിഷമകരമായിതോന്നി. ഒരുദിവസം അദ്ദേഹം ആത്മഹത്യചെയ്യാന്‍ തീരുമാനമെടുത്തു. ഒരു കയര്‍ കയ്യിലെടുത്തു പിടിച്ചു.

അടുത്ത നിമിഷത്തില്‍ അതു സംഭവിച്ചു. താനേഷായുടെ ഉത്തരവുപ്രകാരം രാജഭടന്മാര്‍ പെട്ടെന്ന് കല്‍ത്തുറങ്കിന്റെ വാതില്‍ തുറന്നുവന്നു. അത്യന്തം ആദരവോടുകൂടി ഗോപണ്ണായെ വിളിച്ചു അതുമാത്രമല്ല താനേഷാ നേരിട്ടുവന്ന് ഗോപണ്ണായോട് മാപ്പപേക്ഷിച്ചു. ഗോപണ്ണ തനിക്ക് ബുദ്ധിഭ്രമം നേരിട്ടുവോ എന്നുപോലും സംശയിച്ചു. തുടര്‍ന്ന് താനേഷാ പറഞ്ഞു. ‘ഗോപണ്ണ! അത്യന്തം തേജസ്വികളായ രണ്ടു രാജകുമാരന്മാര്‍ ഇപ്പോള്‍ എന്റെ അടുത്ത ഖജനാവില്‍ അടക്കേണ്ട സ്വര്‍ണനാണ്യങ്ങള്‍ ആറുലക്ഷവും കൊണ്ടുവന്നു തന്നു ഗോപണ്ണായുടെ സേവകരാണ് അവര്‍ എന്നും പറഞ്ഞു അവരുടെ തേജസ്സും സ്വര്‍ണനാണ്യങ്ങളുടെ പ്രഭയും കൂടിച്ചേര്‍ന്നപ്പോള്‍ എന്റെ കണ്ണുകള്‍ മങ്ങിപ്പോകുന്ന മട്ടിലായി. ഉടനെ രാമദാസനായ അങ്ങയെ വിട്ടയക്കുവാന്‍ ആവശ്യപ്പെട്ട് അവര്‍ അപ്രത്യക്ഷരായി. ശ്രീരാമരൂപാങ്കിതമായ സ്വര്‍ണനാണയങ്ങള്‍ ഗോപണ്ണയ്ക്ക് കാട്ടിക്കൊടുത്തു. ഗോപണ്ണായ്ക്ക് നാണയങ്ങള്‍ കണ്ടപ്പോള്‍ തന്നെ രക്ഷിക്കാനായി വന്നത് രാമലക്ഷ്മണന്മാര്‍തന്നെയാണെന്ന് താനേഷായോടു പറഞ്ഞു. അങ്ങയുടെ ധനം ചെലവഴിച്ച് ക്ഷേത്രനിര്‍മ്മാണം നടത്തി. അതിന്റെ ഫലമായി അവിടുത്തേക്ക് രാമലക്ഷ്മണന്മാരുടെ ദര്‍ശനം സാധിച്ചു. എനിക്കതിനു ഇടവന്നില്ലല്ലോ എ്ന്നു വിലപിച്ചു. താനേഷാ സമ്മാനമായിക്കൊടുത്ത സ്വര്‍ണ്ണനാണയങ്ങളെ തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ ‘സര്‍വ്വം രാമമയം  ഈ പ്രപഞ്ചമേ രാമമയം’ എന്ന് പാടിക്കൊണ്ട് ആ രാമദാസന്‍ ഭദ്രാചലക്ഷേത്രത്തിലേക്കോടിപ്പോയി. ശേഷിച്ച ജീവിതം രാമകീര്‍ത്തനാലാപത്തില്‍ കഴിച്ചു ഒടുവില്‍ ഭഗവാനയച്ച ദിവ്യവിമാനത്തില്‍ വൈകുണ്ഠലോകത്തു പോകാനിടയായി എന്നു പറയപ്പെടുന്നു. ഭഗവാന്‍തന്നെ ‘രാമദാസനായി’ അംഗീകരിച്ച അദ്ദേഹത്തിന്റെ കീര്‍ത്തനങ്ങള്‍ ഭക്തജനങ്ങള്‍ ഇന്നും ഭക്തിപൂര്‍വ്വം ആലപിക്കുന്നു.

രാമദാസന്‍ പൂര്‍വ്വജന്മത്തില്‍ ഒരു കിളിയെ കൂട്ടിലിട്ടുവളര്‍ത്തിയതിന്റെ ഫലമായാണ് കാരാഗൃഹത്തിനിടയായത് എന്നും, ശ്രീരാമചന്ദ്രനാല്‍ നല്‍കപ്പെട്ട സ്വര്‍ണനാണയങ്ങളുടെ ശ്രേഷ്ഠത കാരണം ഹൈദരാബാദ് ഇന്നും സമ്പന്നമായിരിക്കുന്നു എന്നും ഐതിഹ്യം പറയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം