യൂറോ കപ്പില്‍ തിരിച്ചടി; പോളണ്ട് കോച്ച് രാജിവച്ചു

June 17, 2012 കായികം

വാഴ്സോ: യൂറോ കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനു ഉക്രെയിനൊപ്പം ആതിഥേയത്വം വഹിക്കുന്ന പോളണ്ട് ക്വാര്‍ട്ടര്‍ കാണാതെ പുറത്തുപോയതിനു പിന്നാലെ ടീം കോച്ച് ഫ്രാന്‍സിസ്സെക് മുദ രാജി പ്രഖ്യാപിച്ചു. ഗ്രൂപ്പ് പോരാട്ടത്തില്‍ പോലും വിജയകരമായി ടീമിനെ നയിക്കാന്‍ കഴിയാത്തതിന്റെ വെളിച്ചത്തിലാണ് സ്ഥാനമൊഴിയാന്‍ തീരുമാനിച്ചതെന്ന് മുദ പറഞ്ഞു. ഗ്രൂപ്പിലെ മൂന്നു മത്സരങ്ങളില്‍ ഒന്നില്‍ പോലും പോളണ്ടിനു വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യ രണ്ടു മത്സരങ്ങളില്‍ ഗ്രീസിനോടും റഷ്യയോടും സമനില വഴങ്ങിയ ശേഷം ഇന്നലെ ചെക്ക് റിപ്പബ്ളിക്കിനോടു ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെടുക കൂടി ചെയ്തതോടെ പോളണ്ട് യൂറോ കപ്പില്‍ നിന്നു പുറത്താകുകയായിരുന്നു. രണ്ടു പോയിന്റ് മാത്രമായിരുന്നു പോളണ്ടിന്റെ സമ്പാദ്യം. കഴിഞ്ഞ മൂന്നു വര്‍ഷമായി ടീമിന്റെ നിലവാരത്തില്‍ കാര്യമായ പുരോഗതിയുണ്ടായിരുന്നു, എന്നാല്‍ യൂറോ കപ്പില്‍ ഇതു പുറത്തെടുക്കാന്‍ അവര്‍ക്കായില്ല.- മുദ പറയുന്നു. ചെക്കിനെതിരായ പോരാട്ടത്തില്‍ ആദ്യ പകുതിയില്‍ ഒരുപിടി ഗോള്‍ അവസരങ്ങളാണ് പോളീഷ് താരങ്ങള്‍ക്കു ലഭിച്ചത്. എന്നാല്‍ ഇതിലൊന്നു പോലും ലക്ഷ്യത്തിലെത്തിക്കാന്‍ അവര്‍ക്കായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം