കേരളത്തില്‍ 80 ഹോമിയോ ആശുപത്രികള്‍ തുടങ്ങും: മന്ത്രി

June 17, 2012 കേരളം

കൊല്ലം: കേരളത്തില്‍ 80 പുതിയ ഹോമിയോ ആശുപത്രികള്‍ തുടങ്ങുമെന്ന് മന്ത്രി വി.എസ് ശിവകുമാര്‍. കരുനാഗപ്പള്ളി നഗരസഭ എന്‍ആര്‍എച്ച്എം ഫണ്ടുപയോഗിച്ച് നിര്‍മിച്ച ഗവ. താലൂക്ക് ഹോമിയോ ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. നിലവിലുള്ള ആരോഗ്യ പ്രശ്നങ്ങളില്‍ പ്രതിരോധത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. പ്രതിരോധ മരുന്നുകള്‍ ഹോമിയോയില്‍ ലഭ്യമാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ ഹോമിയോ വകുപ്പിനെ കൂടുതല്‍ കാര്യക്ഷമമാക്കും. ഇപ്പോള്‍ സംസ്ഥാനത്ത് പടര്‍ന്നുപിടിച്ചിരിക്കുന്ന പകര്‍ച്ചപ്പനി നേരിടാന്‍ ഹോമിയോ വകുപ്പിന് ആവശ്യമായ മരുന്നും ഫണ്ടും നല്‍കിയിട്ടുണ്ട്. കരുനാഗപ്പള്ളി താലൂക്ക് ഹോമിയോ ആശുപത്രി കൂടുതല്‍ വിപുലീകരിക്കുന്നതിന് സര്‍ക്കാര്‍ സഹായം നല്‍കും. താലൂക്ക് ആശുപത്രിയുടെ വികസനം സംബന്ധിച്ച് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. മരുന്നുകളുടെ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 35 കാരുണ്യ ഫാര്‍മസികള്‍ ആരംഭിക്കും. 20 മുതല്‍ 85 ശതമാനം വരെ വിലക്കുറവില്‍ മരുന്നുകള്‍ ഈ ഫാര്‍മസികളിലൂടെ ലഭ്യമാക്കും. കാരുണ്യ ലോട്ടറിയില്‍ നിന്നും ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് രണ്ടുലക്ഷം രൂപ വരെ ബിപിഎല്‍ കുടുംബത്തിന് ചികിത്സാ ധനസഹായം നല്‍കുന്നുണ്ട്. ഉത്ഘാടനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം സി. ദിവാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എം. അന്‍സാര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബോബന്‍ ജി. നാഥ്, ഹോമിയോ ഡയറക്ടര്‍ ഡോ.കെ. യമുന, വിവിധ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ടി.പി സലിംകുമാര്‍, പി. രാജേന്ദ്രന്‍ പിള്ള, ഷക്കീലതാഹ, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ലക്ഷമി മോഹന്‍, പ്രതിപക്ഷ നേതാവ് കോട്ടയില്‍ രാജു, ഡിഎംഒ ഡോ.സുരേഷ്, സൂപ്രണ്ട് ഡോ.ഇന്ദു, ഡോ. ബിമല്‍കുമാര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം