സൌദി കിരീടാവകാശി അന്തരിച്ചു

June 17, 2012 രാഷ്ട്രാന്തരീയം

റിയാദ്: സൌദിയിലെ കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ നായിഫ് ഇബ്നു അബ്ദുല്‍ അസീസ് അല്‍ സൌദ് രാജകുമാരന്‍ (78) അന്തരിച്ചു. സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖ ബാധിതനായ നായിഫ് രാജകുമാരന്‍ സൌദി അറേബ്യക്കു പുറത്തു ചികിത്സയിലായിരുന്നു. സംസ്കാരം ഞായറാഴ്ച വൈകുന്നേരം മക്കയില്‍ നടക്കും.

ദീര്‍ഘനാളായി കാന്‍സര്‍ അടക്കമുള്ള അസുഖങ്ങള്‍ ബാധിച്ചു മൊറോക്കോ, ക്ളീവ്ലാന്‍ഡ്, അള്‍ജീരിയ, ജനീവ തുടങ്ങിയ സ്ഥലങ്ങളില്‍ ചികിത്സയിലായിരുന്നു രാജകുമാരന്‍.

കഴിഞ്ഞ ഒക്ടോബറില്‍ നായിഫ് രാജകുമാരന്റെ സഹോദരനും കിരീടാവകാശിയുമായിരുന്ന സുല്‍ത്താന്‍ ഇബ്നു അബ്ദുല്‍ അസീസ് രാജകുമാരന്റെ മരണശേഷമാണു നായിഫ് രാജകുമാരന്‍ കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ടത്. 18 വയസ് മാത്രമുള്ളപ്പോള്‍ റിയാദ് ഡപ്യൂട്ടി ഗവര്‍ണറായി ഔദ്യോഗിക ജീവിതമാരംഭിച്ച രാജകുമാരന്‍ പിറ്റേ വര്‍ഷം റിയാദ് ഗവര്‍ണറായി. 1975ല്‍ ഫൈസല്‍ രാജാവിന്റെ വധത്തെത്തുടര്‍ന്ന് ആഭ്യന്തര മന്ത്രിയായി. സഹോദരനും പ്രതിരോധമന്ത്രിയുമായ സല്‍മാന്‍ രാജകുമാരനാകും അടുത്ത കിരീടാവകാശി.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം