ആണവോര്‍ജ നിലയങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ജപ്പാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്കി

June 17, 2012 രാഷ്ട്രാന്തരീയം

ടോക്കിയോ: രാജ്യം കടുത്ത വൈദ്യുതിദൌര്‍ലഭ്യം നേരിടുന്ന സാഹചര്യത്തില്‍ അടിയന്തരമായി രണ്ട് ആണവോര്‍ജ നിലയങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ജപ്പാന്‍ പ്രധാനമന്ത്രി യൊഷിഹികോ നോഡ നിര്‍ദേശം നല്കി. മധ്യ ഫുകുവി സംസ്ഥാനത്തെ ഒഹി പ്ളാന്റിലെ രണ്ടു റിയാക്ടറുകളുടെ പ്രവര്‍ത്തനമാണു പുനരാരംഭിക്കുന്നത്. വൈദ്യുതിപ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണു തീരുമാനമെന്നും എല്ലാവരും സഹകരിക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. രാജ്യത്തെ മറ്റു റിയാക്ടറുകള്‍ പ്രവര്‍ത്തനയോഗ്യമാണോയെന്നു പരിശോധിക്കുമെന്നും വേണ്ടിവന്നാല്‍ ഇവയുടെ പ്രവര്‍ത്തനവും പുനരാരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അറ്റകുറ്റപ്പണികള്‍ നടത്തി മൂന്നാഴ്ചയ്ക്കുള്ളില്‍ രണ്ടു റിയാക്ടറുകളുടെയും പ്രവര്‍ത്തനം പുനരാരംഭിക്കാനാവുമെന്ന് അധികൃതര്‍ അറിയിച്ചു. വേനല്‍ക്കാലം അടുത്തിരിക്കെ രാജ്യത്തു വൈദ്യുതി ഉപയോഗം കൂടുമെന്നതും സര്‍ക്കാരിനെ പുനര്‍വിചിന്തനത്തിനു പ്രേരിപ്പിച്ചു.

കഴിഞ്ഞ വര്‍ഷമുണ്ടായ ഭൂകമ്പത്തില്‍ ഫുക്കുഷിമ ആണവനിലയത്തിനു കാര്യമായ കേടുപാടുണ്ടാകുകയും ഇത് അണുവികിരണത്തിനിടയാക്കുകയും ചെയ്തിരുന്നു. ഒന്നര വര്‍ഷത്തോളം നീണ്ട കഠിനശ്രമത്തിനൊടുവിലാണ് അണുവികിരണം നിയന്ത്രണവിധേയമാക്കിയത്. ഈ സാഹചര്യത്തില്‍ ജനരോഷം ശക്തമായ സാഹചര്യത്തിലാണു രാജ്യത്തെ 50 ആണവ റിയാക്ടറുകളും അടച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം