സൈന നെഹ്‌വാളിന് ഇന്തൊനീഷ്യ സൂപ്പര്‍ സീരീസ് പ്രീമിയര്‍ ബാഡ്മിന്റന്‍ കിരീടം

June 17, 2012 കായികം

ജക്കാര്‍ത്ത: ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ഇന്തൊനീഷ്യ സൂപ്പര്‍ സീരീസ് പ്രീമിയര്‍ ബാഡ്മിന്റന്‍ കിരീടം സ്വന്തമാക്കി. മൂന്നാം തവണയാണ് സൈന ഇവിടെ കീരീടം നേടുന്നത്. ലോക മൂന്നാം നമ്പര്‍  ചൈനയുടെ ലി സിറോയെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് കീഴടക്കിയത്.സ്‌കോര്‍(13-21, 22-20, 21-19). ആദ്യസെറ്റ് ലി അനായാസം നേടിയെങ്കില്‍ രണ്ടാം സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരുവരും കാഴ്ചവച്ചത്. 22-20ന് സൈന രണ്ടാം സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റിലും ലിയും സൈനയും കടുത്ത പോരാട്ടമാണ് കാഴ്ചവച്ചത്. 21-19ന് സൈന മൂന്നാം സെറ്റും സ്വന്തമാക്കി കിരീടത്തില്‍ മുത്തമിട്ടു. ലണ്ടന്‍ ഒളിംപിക്‌സിനൊരുങ്ങുന്ന സൈനയ്ക്ക് ഇന്നത്തെ വിജയം കൂടുതല്‍ ആത്മവിശ്വാസം നല്‍കും.

സെമിയില്‍ ലോക പത്താം നമ്പര്‍ താരം കൊറിയയുടെ ജിന്‍ ഹ്യൂന്‍ സുങ്ങിനെതിരെ തുടര്‍ച്ചയായ സെറ്റുകളില്‍ (22-20, 21-18) വിജയിച്ചാണ് സൈന ഫൈനലില്‍ കടന്നത്. ക്വാര്‍ട്ടറില്‍ സൈന ലോക അഞ്ചാം നമ്പര്‍ ചൈനയുടെ ഷിക്‌സിയന്‍ വാങ്ങിനെതിരെ മൂന്നു സെറ്റിന്റെ കടുത്ത പോരാട്ടത്തിനൊടുവിലാണ് 21-17, 21-23, 21-19ന് വിജയം കണ്ടത്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം