മിഥിലാധിപനായ ജനകനും യാജ്ഞവല്ക്യ മഹര്‍ഷിയും

June 18, 2012 സനാതനം

സാഹിത്യരത്‌നം കെ.എസ്സ്. നീലകണ്ഠന്‍ ഉണ്ണി

ഒരുകാലത്തു മിഥിലയ്ക്കടുത്തുള്ള വനപ്രദേശത്തില്‍ യാജ്ഞവല്ക്യന്‍ എന്നൊരു മഹര്‍ഷി തപസ്സുചെയ്തു താമസിച്ചിരുന്നു. അദ്ദേഹത്തിനു കാഷായവസ്ത്രധാരികളായ അനവധി സന്യാസിമാര്‍ ശിഷ്യന്മാരായിട്ടും ഉണ്ടായിരുന്നു. അവരോടൊത്തു മിഥിലാധിപനായ ജനകനും ശിഷ്യനായി ചെന്നുകൂടി. ഗൃഹസ്ഥാശ്രമിയായിരുന്നിട്ടും ജനകന്‍ സര്‍വ്വ സംഗപരിത്യാഗികളായ മഹര്‍ഷീശ്വരന്മാരെക്കാള്‍ പിരപക്വഹൃദയനും ശാന്തനും വിവേകിയും വിജ്ഞാനിയും ജ്ഞാനതൃഷ്ണയില്‍ അദ്വിതീയനും ആയിരുന്നു. വേദാന്തപാഠത്തില്‍ അതിരറ്റ അധിനിവേശമാണ് ജനകനുണ്ടായിരുന്നത്. തന്മൂലം യാജ്ഞവല്ക്യന്‍ അദ്ദേഹത്തിന്റെ സംശയങ്ങള്‍ക്കെല്ലാം അപ്പഴപ്പോള്‍ ശരിയായ സമാധാനങ്ങള്‍ പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു. സ്യന്യാസിമാരായ മറ്റു ശിഷ്യന്മാരില്‍ അത്രമാത്രം ഔത്സുക്യമുള്ളവര്‍ ഇല്ലാതിരുന്നതുകൊണ്ട് അവരുടെ കാര്യത്തില്‍ യാജ്ഞ്യവല്ക്യന് അത്രതന്നെ ശ്രദ്ധയുണ്ടായിരുന്നില്ല. തന്മൂലം സന്യാസിശിഷ്യന്മാര്‍ പലപ്പോഴും രഹസ്യമായി ഗുരുവിനെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നത്. ജനകന്‍ ഒരു രാജാവല്ലേ, ഐശ്വര്യസമ്പന്നനല്ലേ, അത്രത്തോളം പോയിട്ട് അതില്‍ ശതാംശമെങ്കിലും ഐശ്വര്യം നമ്മളില്‍ ആര്‍ക്കെങ്കിലും ഉണ്ടോ. നാമെല്ലാം നിസ്വേരായ സാധുക്കള്‍. അതുകൊണ്ട് ഗുരുവിനു നമ്മെപ്പറ്റി അത്രയേ ശ്രദ്ധയുണ്ടാകാന്‍ ഇടയുള്ളൂ. വലിയവരെ ബഹുമാനിക്കുക, അവരുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുക ഇവയെല്ലാം ലോകത്തിന്റെ സ്വഭാവമാണ്. സര്‍വ്വസംഗപരിത്യാഗികളായ ഋഷീശ്വരന്മാരുടേയും സ്ഥിതി ഇതുതന്നെ ആയിരിക്കാം. കണ്ടില്ലേ ഗുരു നമ്മെക്കാള്‍ ജനകനെ ആദിരിക്കുന്നത്. എന്നും മറ്റുമായിരുന്നു ആ സന്യാസിമാരുടെ അന്യോന്യസംഭാഷണം.

സന്യാസിശിഷ്യന്മാരുടെ ഈ കുറ്റപ്പെടുത്തല്‍ ദിവ്യജ്ഞാനംകൊണ്ടു യാജ്ഞ്യവല്ക്യന്‍ മനസ്സിലാക്കി. അതിനുതക്ക സമാധാനം അനുഭവത്തിലൂടെ അവര്‍ക്കു നല്‍കുന്നതിന് അദ്ദേഹം തക്കതായ അവസരം പാര്‍ത്തിരിക്കുകയും ചെയ്തു.

ഒരു ദിവസം യാജ്ഞവല്ക്യാശ്രമത്തില്‍ വേദാന്ത പാഠം നടന്നുകൊണ്ടിരിക്കുകയാണ്. ജനകനും സന്യാസിമാരായ മറ്റു ശിഷ്യന്മാരും പാഠത്തില്‍ ശ്രദ്ധാലുക്കളായിരിക്കുന്നു. ആ അവസരത്തില്‍ മിഥിലാരാജധാനിയിലെ ഒരു കാവല്‍ഭടന്‍ ഓടി അണച്ച് ആശ്രമത്തിലെത്തി. മഹാരാജാവേ, രാജധാനിയും ചുറ്റുപാടുമുള്ള ഗ്രഹങ്ങളും എങ്ങിനെ എന്നറിഞ്ഞില്ല തീപിടിച്ച് ആളിക്കത്തിക്കൊണ്ടിരിക്കുന്നു. മന്ത്രിമാരും മറ്റ് ഉദ്യോഗസ്ഥന്മാരും പൗരന്മാരും എന്നുവേണ്ട പട്ടണവാസികളെല്ലാം തന്നെ തീ കെടുത്തുന്നതിന് ഉറ്റുശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ അവരുടെ പരിശ്രമങ്ങള്‍ ഫലപ്പെടുന്നില്ല. തീ പടര്‍ന്നുപിടച്ചുകൊണ്ടിരിക്കുന്നത് പട്ടണം മുഴുവന്‍ വെന്തു നശിക്കുന്ന ലക്ഷണമാണ് കാണുന്നതെന്നു പറയാം എന്നിങ്ങനെ വിളിച്ചറിയിച്ചിട്ട് വന്നതുപോലെ മടങ്ങിപ്പോയി.

മേല്‍പറയപ്പെട്ട പരിഭ്രമജനകമായ വാര്‍ത്തകേട്ട ഉടന്‍ കാഷായംബാധാരികളായ സന്യാസിശിഷ്യന്മാര്‍ വേദാന്തഗ്രന്ഥങ്ങള്‍ താഴെ ഇട്ടിട്ട് ഗുരുവിന്റെ അനുവാദത്തെപ്പോലും പ്രതീക്ഷിക്കാതെ എണീറ്റുഒത്തൊരുമിച്ച് മിഥിലാനഗരത്തിലേക്ക് ഓടി. അവരുടെ കാഷായവസ്ത്രങ്ങളും കൗപീനങ്ങളും ജലപാത്രങ്ങളും അവിടെയാണ് സൂക്ഷിക്കപ്പെട്ടിട്ടുള്ളത്. അവ തീയില്‍പ്പെട്ടുവെന്തുപോയാല്‍ വലിയ നഷ്ടമാണ് അവര്‍ക്കുണ്ടാകുക. അതുകൊണ്ട് അവ എടുത്തു സൂക്ഷിക്കുന്നതിനായിരുന്നു അവരുടെ പരക്കം പാച്ചില്‍.

ജനകുനുമാത്രം മേല്‍പറയപ്പെട്ട വാര്‍ത്ത കേട്ടിട്ടു യാതൊരു കുലുക്കവും ഉണ്ടായില്ല. അദ്ദേഹം വേദാന്തപാഠത്തില്‍നിന്നു സിദ്ധിക്കുന്ന പരമമായ ആനന്ദം ആസ്വദിച്ചുകൊണ്ടിരിക്കുയാണ്. ഇതുകണ്ട് യാജ്ഞവല്ക്യന്‍ ചോദിച്ചു മിഥിലാനഗരവും രാജധാനിയും തീയില്‍പ്പെട്ടു നശിക്കുന്നു എന്നുകേട്ടിട്ടും അങ്ങ് എന്താണ് അനങ്ങാതെ ഇങ്ങിനെ ഇരിക്കുന്നത്?

ജനകന്‍ വിനയത്തോടുകൂടി ഉത്തരം പറഞ്ഞു. ‘മിഥിലായാം പ്രദഗ്ദ്ധായാം ന മേ കിഞ്ചില്‍ പ്രദഹ്യതേ’ മിഥില ദഹിക്കുന്നതുകൊണ്ട് എനിക്കൊന്നും നഷ്ടപ്പെട്ടുപോകുന്നില്ല. എന്റേതായിട്ട് ഈ ലോകത്തില്‍ എനിക്കൊന്നുമില്ലല്ലോ. വേദാന്തപാഠജന്യമായ പരമാനന്ദമാണ് എനിക്കുള്ള ഏക ധനം. അതിനെ എത്രഘോരമായ അഗ്നിക്കും ദഹിപ്പിക്കാന്‍ സാധിക്കുകയില്ല. അങ്ങിനെയുള്ള പരമാനന്ദത്തെ വിട്ടിട്ട് എന്റേതല്ലാത്ത നശ്വരമായ ഒന്നിനെ രക്ഷിക്കുന്നതിനുവേണ്ടി ഞാനെന്തിനു പോകുന്നു ഇതുകൊണ്ടാണ് ഞാന്‍ ഇങ്ങിനെ ഇരിക്കുന്നത്.

ജനകന്റെ വാക്കുകേട്ടു യാജ്ഞവല്ക്യന്‍ പരിതൃപ്തനും സന്തുഷ്ടനുമായി. ‘ജനകാ നീ തന്നെ ജീവന്മുക്തന്‍, ഈ സ്ഥിതിയില്‍ എത്തിച്ചേരുക ലോകത്തില്‍ ആര്‍ക്കും അത്ര സാദ്ധ്യമല്ല. നിന്റെ പേര് ലോകാവസാനം വരെ നിലക്കുന്നതിനു ഞാന്‍ അനുഗ്രഹിക്കുന്നു’. എന്ന് അദ്ദേഹം അരുളിച്ചെയ്യുകയും ഉണ്ടായി.

മിഥിലയില്‍ ഓടി എത്തിയ സന്യാസിമാര്‍ അവിടെ യാതൊരു വിശേഷവും കാണായ്കയാല്‍ ലജ്ജാവനതമുഖരായി ‘നാം ഗുരുവിനെ കുറ്റപ്പെടുത്തിപ്പറയാറുള്ളത് അദ്ദേഹം ദിവ്യജ്ഞാനംകൊണ്ടറിഞ്ഞ് നമ്മെ പരീക്ഷിക്കുകന്നതിനായി ചെയ്ത വിദ്യയാണിത്’. എന്ന ബോധത്തോടുകൂടി തിരിച്ചു ഗുരുസന്നിധിയില്‍ എത്തി. അവിവേകവും അജ്ഞതയുംമൂലം ഞങ്ങള്‍ പറഞ്ഞുപോയിട്ടുള്ള തെറ്റുകളെല്ലാം അവിടുന്നു ക്ഷമിച്ചു ഞങ്ങള്‍ക്കു മാപ്പുതരണം.’ എന്ന് അപേക്ഷിച്ചു.

യാജ്ഞവല്ക്യന്‍ പറഞ്ഞു ‘ശിഷ്യന്മാരെ നിങ്ങള്‍ക്കു കാഷായവസ്ത്രങ്ങളുണ്ട് യോഗദണ്ഡുകളുണ്ട്. ജലപാത്രങ്ങളുണ്ട്, ജനകന് ഈവകയാതൊന്നും തന്നെ ഇല്ല. അദ്ദേഹം ഗൃഹസ്ഥധര്‍മ്മത്തെ പരിപാലിക്കുന്ന ആളുമാകുന്നു. പോരെങ്കില്‍ രാജ്യം ഭരിക്കുന്ന ഒരു രാജാവും. പക്ഷെ സര്‍വ്വസംഗപരിത്യാഗിയായ ഒരു ജീവന്മുക്തനാണദ്ദേഹം, വേദാന്ത പാഠംകൊണ്ടുള്ള യഥാര്‍ത്ഥമായ പരമാനന്ദം അദ്ദേഹം മാത്രമേ അനുഭവിക്കുന്നുള്ളൂ. അതാണ് അദ്ദേഹത്തിന്റെതെന്നു പറയാവുന്ന ഏകധനം. അതിനെ സംരക്ഷിക്കുന്നതിന് അദ്ദേഹത്തിന് എവിടേയും ഓടിപ്പോകേണ്ട ആവശ്യമില്ല. അതുകൊണ്ടാണ് നിങ്ങളെപ്പോലെ അദ്ദേഹം രാജധാനി ദഹിക്കുന്നു എന്നു കേട്ടിട്ടും എണീറ്റ് ഓടാതിരുന്നത്. നിങ്ങള്‍ക്ക് ആ പരമാനന്ദത്തെക്കാള്‍ വലുതാണ് കാഷായവസ്ത്രവും യോഗദണ്ഡും കൗപീനവും. അവയിലുള്ള മമത നിങ്ങള്‍ക്കു വിട്ടിട്ടില്ല. അതാണല്ലോ നിങ്ങള്‍ പരമാനന്ദത്തെ നിസ്സാരമാക്കിത്തള്ളി അവയെ സംരക്ഷിക്കാന്‍ ഇവിടം വിട്ടുപാഞ്ഞുപോയതും. ഇതാണു ജനകനും നിങ്ങള്‍ക്കും തമ്മിലുള്ള അന്തരം, ഇതുവച്ചുകൊണ്ടാണ് ജനകനെ സംബന്ധിച്ചിടത്തോളം ഞാന്‍ ഉപദേശവിഷയത്തില്‍ ശ്രദ്ധാലുവായിരുന്നതും ഇരിക്കുന്നതും. അല്ലാതെ ഐശ്വര്യത്തെ ലാക്കാക്കിയല്ല. വൈരാഗ്യത്തെ ലാക്കാക്കിമാത്രമാണ്. നിങ്ങള്‍ക്കും ഈ നില എന്നു കൈവരുന്നുവോ അന്നു നിങ്ങളിലും ഞാന്‍ ഇതേവിധം തന്നെശ്രദ്ധായുക്തനായി വര്‍ത്തിക്കും. ആ നില കൈവരുത്തുവിന്‍, ഇതാണീവേദാന്തപാഠംകൊണ്ടു സിദ്ധിക്കേണ്ടതായ പൊരുള്‍.

ഗുരുവചനത്തില്‍ നമ്രശിരസ്‌കരായ ആ സന്യാസി ശിഷ്യന്മാര്‍ പിന്നെ ഒരു അക്ഷരംപോലും ഉരിയാടാതെ പഠിത്തത്തില്‍ കൂടുതല്‍ ഔത്സിക്യത്തോടുകൂടിവര്‍ത്തിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം