എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം

June 18, 2012 കേരളം

തിരുവനന്തപുരം: അനീഷ് രാജന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.  യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് ആരംഭിച്ച മാര്‍ച്ച് സ്‌പെന്‍സര്‍ ജംഗ്ഷനില്‍ പോലീസ് തടഞ്ഞതിനെതുടര്‍ന്ന് വിദ്യാര്‍ഥികള്‍ അരമണിക്കൂറോളം റോഡില്‍ കുത്തിയിരുന്നു. ഇവരോട് പിരിഞ്ഞുപോകാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ അതിനു വിസമ്മതിച്ചു. ഒന്നുകില്‍ അറസ്റ്റു ചെയ്യുകയോ അല്ലെങ്കില്‍ സെക്രട്ടേറിയറ്റിലോയ്ക്ക് പോകാന്‍ അനുവദിക്കുകയോ ചെയ്യണമെന്ന് വിദ്യാര്‍ഥി നേതാക്കള്‍ ആവശ്യപ്പെട്ടു.

ഇതിനിടെ യൂണിവേഴ്‌സിറ്റി കോളേജിനുള്ളില്‍ കടന്ന ഒരു സംഘം വിദ്യാര്‍ഥികള്‍ കോളേജ് വളപ്പിലെ കല്ലുകളെടുത്ത് പോലീസിനുനേരെ എറിയാന്‍ തുടങ്ങി. ഇതെതുടര്‍ന്ന് പോലീസ് ലാത്തിവീശുകയും ഗ്രനേഡ് പ്രയോഗിക്കുകയുമായിരുന്നു. യൂണിവേഴ്‌സിറ്റി കോളജിന്റെ പരിസരത്ത് രണ്ടുമണിക്കൂറോളം യുദ്ധസമാനമായ അന്തരീക്ഷമായിരുന്നു.

ലാത്തിച്ചാര്‍ജില്‍ ഒരു എസ്.എഫ്.ഐ പ്രവര്‍ത്തകന് പരിക്കേറ്റു. ഉപരോധം നടത്തിയ വിദ്യാര്‍ഥികളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു നീക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം