ജയിലിലെ രാഷ്ട്രീയ നേതാക്കളുടേതുള്‍പ്പെടെയുള്ള ചിത്രങ്ങള്‍ നീക്കംചെയ്തു

June 18, 2012 കേരളം

കണ്ണൂര്‍: കനത്ത പോലീസ് കാവ ലില്‍ കണ്ണൂര്‍ ജയിലിലെ രാഷ്ട്രീയ നേതാക്കളുടേതുള്‍പ്പെടെയുള്ള ചിത്രങ്ങള്‍ നീക്കംചെയ്തു. ജയില്‍ ചട്ടങ്ങള്‍ക്കു വിരുദ്ധമായി സെന്‍ട്രല്‍ ജയിലിലെ വിവിധ ബ്ളോക്കുകളില്‍ പതിച്ച 253 ചിത്രങ്ങളും സ്പെഷല്‍ സബ് ജയിലിലെ ചുമരെഴുത്തുകളുമാണ് ഇന്നലെ നീക്കിയത്. ഉത്തരമേഖലാ ജയില്‍ ഡിഐജി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ പതിനൊന്നിനാരംഭിച്ച ശുദ്ധീകരണം വൈകുന്നേരം അഞ്ചിനാണ് അവസാനിച്ചത്.

രാഷ്ട്രീയ നേതാക്കളുടെ ഫോട്ടോകള്‍ നീക്കം ചെയ്യുന്നതു പ്രതിഷേധത്തിന് ഇടയാക്കുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് എംഎസ്പിയിലെ രണ്ടു പ്ളാറ്റൂണ്‍ പോലീസിനെയും നിയോഗിച്ചിരുന്നു. എന്നാല്‍, സെന്‍ട്രല്‍ ജയിലിലെ 1100- ഓളം തടവുകാരില്‍നിന്നു യാതൊരു പ്രതിഷേധവും ഉണ്ടായില്ല. സെന്‍ട്രല്‍ ജയിലില്‍നിന്നു നീക്കം ചെയ്ത വിവിധ തരം ചിത്രങ്ങളുടെ എണ്ണം ഇങ്ങനെ: രാഷ്ട്രീയനേതാക്കള്‍ -73, ദൈവങ്ങള്‍ -157, സിനിമാ താരങ്ങള്‍ -എട്ട്, കായിക താരങ്ങള്‍ -നാല്, സീനറിയും മറ്റും -11 . നേരത്തേ കണക്കെടുത്തപ്പോള്‍ ഉള്‍പ്പെടാതിരുന്ന ചിത്രങ്ങളും നീക്കംചെയ്തവയില്‍ ഉണ്ട്.

സെന്‍ട്രല്‍ ജയിലിലെ ആറും എട്ടും ബ്ളോക്കുകളിലാണ് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ ഉണ്ടായിരുന്നത്. ഇതെല്ലാം രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങളായിരുന്നു. സ്പെഷല്‍ സബ്-ജയിലില്‍ കൂടുതലും ചുമരെഴുത്തായിരുന്നു. പ്രതിപക്ഷത്തെ ഒരു യുവജന സംഘടനയുടെ പേരിലായിരുന്നു പ്രധാന ചുമരെഴുത്ത്.

ചിത്രങ്ങളും ചുമരെഴുത്തും നീക്കം ചെയ്ത ഭാഗം പെയിന്റടിച്ചു വൃത്തിയാക്കി. നീക്കം ചെയ്ത ഫോട്ടോകളില്‍ ദൈവങ്ങളുടെ ഫോട്ടോകള്‍ ജയില്‍ കോമ്പൌണ്ടിലെ അതതു മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളില്‍ പതിക്കും. മറ്റുള്ള ചിത്രങ്ങള്‍ സര്‍ക്കാര്‍ ഉത്തരവു വരുന്നതുവരെ ജയില്‍ വെല്‍ഫയര്‍ ഓഫീസറുടെ കസ്റഡിയില്‍ സൂക്ഷി ക്കും.

കഴിഞ്ഞ മേയ് 21നു കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിച്ച ആഭ്യന്തരമന്ത്രി ജയിലിനകത്തു പതിച്ച രാഷ്ട്രീയ നേതാക്കളുടേതുള്‍പ്പെടെയുള്ള ചിത്രങ്ങള്‍ നീക്കംചെയ്യുമെന്നു പറഞ്ഞിരുന്നു. ഇതിനു തുടര്‍ച്ചയായി ചിത്രങ്ങള്‍ സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ പരിശോധിച്ച് അറിയിക്കാന്‍ ജയില്‍ എഡിജിപി അലക്സാണ്ടര്‍ ജേക്കബ് ജയില്‍ അധികൃതരോടു നിര്‍ദേശിച്ചു. ചിത്രങ്ങള്‍ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ അധികൃതര്‍ കൈമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍, ജയില്‍ ചട്ടത്തിനു വിരുദ്ധമായി പതിച്ച എല്ലാ ചിത്രങ്ങളും അടിയന്തരമായി നീക്കം ചെയ്യണമെന്നു കാണിച്ചു കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതേത്തുടര്‍ന്നായിരുന്നു നടപടി. ജയില്‍ ഡിഐജിക്കൊപ്പം ഉത്തര മേഖലയ്ക്കു കീഴിലിലെ മുഴുവന്‍ ജയില്‍ സൂപ്രണ്ടുമാരും രണ്ടു വീതം ജീവനക്കാരും ചിത്രം നീക്കംചെയ്യുന്ന ജോലിയില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം