കുഞ്ഞനന്തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

June 19, 2012 കേരളം

തലശ്ശേരി: ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തിന്റെ ബുദ്ധികേന്ദ്രം സി.പി.എം. പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളി.  ഗൂഢാലോചനയുള്‍പ്പടെയുള്ള കാര്യങ്ങളില്‍ പ്രധാന അന്വേഷണം നടത്തേണ്ടതിനാല്‍ കുഞ്ഞനന്തന് ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്റെ വാദം കോടതി ശരിവെച്ചു. 

ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെയാകെ ബാധിക്കും. ഒപ്പം സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും. പിടിയിലായവര്‍ കുഞ്ഞനന്തനെതിരെ മൊഴി നല്‍കിയത് പ്രോസിക്യൂഷന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അതിനാല്‍ പോലീസ് കസ്റ്റഡിയില്‍ ചോദ്യംചെയ്യണം.  പ്രതികളെയും ഗൂഢാലോചന നടത്തിയവരെയും ഒന്നിപ്പിച്ചത് കുഞ്ഞനന്തനാണെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എം.ജെ.ജോണ്‍സണ്‍ തിങ്കളാഴ്ച കോടതിയില്‍ അഭിപ്രായപ്പെട്ടിരുന്നു.

കേസിലെ ഇരുപത്തിമൂന്നാം പ്രതിയാണ് കുഞ്ഞനന്തന്‍. കുഞ്ഞനന്തന്റെ വീട്ടില്‍പ്പോലും ഗൂഢാലോചന നടന്നു. കേസില്‍ ഇനിയും അന്വേഷണം നടക്കാനുണ്ട്. അന്വേഷണത്തിന്റെ ഒരുഭാഗം മാത്രമേ ആയുള്ളൂ. നാല് തവണ ചന്ദ്രശേഖരനെ വധിക്കാന്‍ ശ്രമം നടന്നു. ഇതില്‍ കുഞ്ഞനന്തന്റെ പങ്ക് അറിയാന്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്. ജാമ്യം നല്‍കിയാല്‍ തുടരന്വേഷണം നടത്താനുള്ള അവസരം ഇല്ലാതാകുമെന്നും പ്രോസിക്യൂഷന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് കോടതി ജാമ്യം നിഷേധിച്ചത്.

ഒളിവില്‍ക്കഴിയുന്ന കുഞ്ഞനന്തന്‍ ജൂണ്‍ പതിനൊന്നിനാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം