പാകിസ്താന്‍ പ്രധാനമന്ത്രിയെ സുപ്രീം കോടതി അയോഗ്യനാക്കി

June 19, 2012 രാഷ്ട്രാന്തരീയം

ഇസ്‌ലാമാബാദ്: കോടതിയലക്ഷ്യക്കേസില്‍ ശിക്ഷയനുഭവിച്ച പാകിസ്താന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയെ പാകിസ്താന്‍ സുപ്രീം കോടതി അയോഗ്യനാക്കി. കോടതിയില്‍നിന്ന് ശിക്ഷ ഏറ്റുവാങ്ങുന്ന പാര്‍ലമെന്റംഗത്തെ അയോഗ്യനാക്കുന്നതിനുള്ള വ്യവസ്ഥയാണ് പാകിസ്താന്‍ ഭരണഘടനയിലുള്ളതെന്നും അതനുസരിച്ച് ഏപ്രില്‍ 26 മുതല്‍ ഗിലാനി പാര്‍ലമെന്റ് അംഗവും പ്രധാനമന്ത്രിയുമല്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇഫ്തിക്കര്‍ മുഹമ്മദ് ചൗധരി വ്യക്തമാക്കി. ഇക്കാര്യം അറിയിച്ചുകൊണ്ട് നോട്ടീസയക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോടും ജനാധിപത്യപരമായ രീതിയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പ്രസിഡന്റിനോടും കോടതി ആവശ്യപ്പെട്ടു.

കോടതിയലക്ഷ്യക്കേസില്‍ ഏപ്രില്‍ 26 നാണ് ഗിലാനിക്ക് സുപ്രീം കോടതി കോടതി പിരിയും വരെ തടവുശിക്ഷ വിധിച്ചത്. പ്രതീകാത്മകമായ തടവ് വിധിച്ച കോടതി വിധിപ്രഖ്യാപനത്തിനുശേഷം ഉടനെ പിരിഞ്ഞതിനാല്‍ ഗീലാനിക്ക് 30 സെക്കന്‍ഡ് മാത്രമേ ശിക്ഷ അനുഭവിക്കേണ്ടി വന്നുള്ളൂ. കോടതിയില്‍നിന്ന് ശിക്ഷ ഏറ്റുവാങ്ങുന്ന പാര്‍ലമെന്റംഗത്തെ അയോഗ്യനാക്കുന്നതിനുള്ള വ്യവസ്ഥയാണ് 63(1)ലുള്ളത്. എന്നാല്‍ ഗിലാനിയെ അയോഗ്യനാക്കേണ്ട എന്ന നിലപാടാണ് സ്പീക്കര്‍ കൈക്കൊണ്ടത്.

പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസുകള്‍ പുനരുജ്ജീവിപ്പിക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം അനുസരിക്കാത്തിതിനാണ് കോടതി ഗീലാനിയെ ശിക്ഷിച്ചത്. വിദേശ ബാങ്കുകളിലുള്ള കള്ളപ്പണവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് സര്‍ദാരിക്കും മറ്റ് 8,000ഓളം രാഷ്ട്രീയക്കാര്‍ക്കുമെതിരെയുള്ള അഴിമതിക്കേസുകള്‍ പുനരാരംഭിക്കുന്നതിന് സ്വിസ് സര്‍ക്കാറിന് കത്തെഴുതണമെന്ന സുപ്രീംകോടതി നിര്‍ദേശമാണ് ഗീലാനി കഴിഞ്ഞ രണ്ടുവര്‍ഷമായി അനുസരിക്കാതിരുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം